
മുംബയ്: ടി.വി.എസ്. മോട്ടോർ ചെയർമാൻ എമിരറ്റസ് വേണു ശ്രീനിവാസൻ ടാറ്റാ ഗ്രൂപ്പിന് കീഴിലെ ബായ് ഹിരാബായ് ചാരിറ്റബിൾ ട്രസ്റ്റിൽ (ടാറ്റാ ട്രസ്റ്റ്) നിന്ന് രാജിവച്ചു. ട്രസ്റ്റിലെ മുൻ അംഗം മെഹ്‌ലി മിസ്ത്രി വേണു ശ്രീനിവാസന്റെ യോഗ്യത ചോദ്യം ചെയ്ത് രംഗത്തെത്തിയതിന് പിന്നാലെയാണ് രാജി. എന്നാൽ, മറ്റ് ബിസിനസ് തിരക്കുകൾ കാരണമാണ് രാജിയെന്ന് അദ്ദേഹം അറിയിച്ചതായി നാഷണൽ മീഡിയ റിപ്പോർട്ട് ചെയ്യുന്നു.
ബായ് ഹിരാബായ് ട്രസ്റ്റ് ജംഷെഡ്ജി ടാറ്റാ നവ്‌സാരി ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷനിൽ (ബി.എച്ച്.ജെ.ടി.എൻ.സി) വേണു ശ്രീനിവാസൻ, വിജയ് സിംഗ് എന്നിവരെ നിയമിച്ചതിനെതിരെ ഏപ്രിൽ 3ന് മെഹ്‌ലി മിസ്ത്രി മഹാരാഷ്ട്ര ചാരിറ്റി കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. 1923ലെ ട്രസ്റ്റ് ആധാരത്തിലെ വ്യവസ്ഥകളുടെ ലംഘനമാണ് ഈ നിയമനങ്ങളെന്ന് പരാതിയിൽ പറയുന്നു. ആധാരത്തിലെ 6, 18 വകുപ്പുകൾ പ്രകാരം യോഗ്യതയില്ലാത്തവർ പദവിയിൽ തുടരുന്നത് നിയമവിരുദ്ധമാണെന്നും ഇത്തരക്കാരെ 'മരിച്ചവരായി' കണക്കാക്കണമെന്നും അദ്ദേഹം വാദിച്ചു.
വേണു ശ്രീനിവാസനും വിജയ് സിംഗും പാഴ്‌സി സൊരാസ്ട്രിയൻ മതവിശ്വാസികളല്ലെന്നും ഇവർ മുംബയിൽ സ്ഥിരതാമസമല്ലെന്നും മെഹ്‌ലി മിസ്ത്രി ചൂണ്ടിക്കാട്ടി. ഈ കാരണങ്ങളാൽ ഇവർ സ്വയമേവ അയോഗ്യരാക്കപ്പെടുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വിഷയത്തിൽ ചാരിറ്റി കമ്മീഷണർ സ്വമേധയാ അന്വേഷണം നടത്തണമെന്നും എല്ലാ ട്രസ്റ്റികളും തങ്ങളുടെ യോഗ്യത തെളിയിക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ നിർദ്ദേശം നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. സൊരാസ്ട്രിയൻ വിശ്വാസം പിന്തുടരാത്തവർക്ക് ട്രസ്റ്റി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും പരാതിയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |