
തൃശൂർ: ചെളിവെള്ളത്തിൽ കുളിക്കും, മന്ത്രവാദിയാകും, ശയനപ്രദക്ഷിണം നടത്തും, വെളിച്ചപ്പാടാകും, പിച്ചതെണ്ടും... ഇത്തരത്തിൽ ശ്രീധരൻ തേറമ്പിൽ നാടിനുവേണ്ടി നടത്തിയത് നൂറുകണക്കിന് സമരങ്ങൾ. നീതിനിഷേധം കണ്ടാൽ ഇരിപ്പുറയ്ക്കില്ല. ഏത് വേഷം കെട്ടിയും ഏത് സമയത്തും സമരം നടത്തും, ഈ ഒറ്റയാൾ സമരനായകൻ. അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട് ഈ സമരജീവിതത്തിന്.
1983ൽ തൃശൂർ പൂരം പ്രദർശനനഗരിയിലെ ചൂതാട്ടം പ്രതിഷേധത്തിലൂടെ അവസാനിപ്പിച്ചാണ് ശ്രീധരൻ പ്രശസ്തനാകുന്നത്. 77 വയസിലും സമരപരിപാടികളിൽ ഇപ്പോഴും പ്രസംഗിക്കാനെത്തും.
വെളപ്പായ വൈദ്യൻ തേറമ്പിൽ മാധവൻ നായരുടെയും പുളിഞ്ചേരി കല്ല്യാണി അമ്മയുടേയും ഇളയ മകനായി ജനിച്ച ശ്രീധരൻ, മുംബയിലും സ്വകാര്യസ്ഥാപനങ്ങളിലും ജോലി ചെയ്തു. 1969 മുതൽ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായി.
ഒരിക്കൽ തൃശൂർ കോർപറേഷൻ ഓഫീസിലെ വ്യാജരേഖ നിർമ്മാണ ലോബിക്കെതിരെ മന്ത്രവാദിയായാണ് സമരത്തിനിറങ്ങിയത്. 'ഓം ഹ്രീം കോർപറേഷസ്യ ദുർഭൂതസ്യ ആവാഹസ്യ... സ്വാഹ!' മന്ത്രം ചൊല്ലി മുണ്ടു തറ്റുടുത്ത്, തലയിൽ ചുവന്നകെട്ടും ശരീരത്തിൽ പിണച്ചുകെട്ടിയ തോർത്തും ഭസ്മക്കുറിയുമായി നിന്നപ്പോൾ ജനം തടിച്ചുകൂടി. മന്ത്രം ജപിച്ച് അഴിമതിക്കാരെ പേരുവിളിച്ച് ആവാഹിച്ചു. പേരെഴുതിയ കടലാസുകഷണം കുടത്തിലാക്കി ചുവന്ന തുണികൊണ്ടു മൂടി മന്ത്രിച്ചുകെട്ടി. ഒരു കുടത്തിൽ അഴിമതിക്കാരായ കൗൺസിലർമാരെയും മറ്റൊന്നിൽ ഉദ്യോഗസ്ഥരെയും പ്രതീകാത്മകമായി ബന്ധിച്ച് തോട്ടിൽ ഒഴുക്കി. അന്ന് സിറ്റിസൺസ് എഗെൻസ്റ്റ് കറപ്ഷൻ ആൻഡ് ഇൻജസ്റ്റിസ് (കക്കായ്) ചീഫ് കോ–ഓർഡിനേറ്ററാണ് ശ്രീധരൻ തേറമ്പിൽ.
കുമാരിയാണ് ശ്രീധരൻ തേറമ്പിലിന്റെ ഭാര്യ. മക്കൾ: അമ്പിളി, അഞ്ജലി. മരുമക്കൾ: ദേവരാജൻ (എം.എം കണ്ടയ്‌നേഴ്‌സ് കോയമ്പത്തൂർ), സതീഷ്ബാബു (അബുദാബി).
സർക്കാർ സർവീസിലിരിക്കെയും സമരം
ഹോമിയോപ്പതി വകുപ്പിൽ നിന്ന് വിരമിച്ച ശ്രീധരൻ തേറമ്പിൽ സർവീസിലിരിക്കെയും സമരം ചെയ്തു. ക്ഷയരോഗികളുടെ ആശ്രയമായിരുന്ന മുളങ്കുന്നത്തുകാവ് ടി.ബി സാനിറ്റോറിയം, മെഡിക്കൽ കോളേജിന് കൈമാറുന്നതിനെതിരെ സമരം ചെയ്തപ്പോൾ ഡി.എം.ഒയെ ഉപരോധിക്കുകയായിരുന്നു. അന്ന് അറസ്റ്റിലായി. സമരം ചെയ്തിന് മൂന്ന് തവണ ജയിലിലായി.
വിഷയങ്ങൾ പലത്:
വ്യവസ്ഥാപിത രാഷ്ട്രീയ യുവജന പ്രസ്ഥാനങ്ങൾക്ക് ചിന്തിക്കാൻ കഴിയാത്ത സമരമുറകളാണ് പയറ്റിയത്. എല്ലാ ജീവജാലങ്ങളെയും സമസൃഷ്ടികളായി കാണാൻ അച്ഛനായിരുന്നു പ്രചോദനം.
-ശ്രീധരൻ തേറമ്പിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |