കൊച്ചി: കലൂരിലെ ദന്തൽ ക്ലിനിക്കിൽ എത്തിയ വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്ന ഒഡീഷ സ്വദേശിയായ യുവാവിനെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മുകൾ നിലയിലെ ക്ലിനിക്കിൽ നിന്ന് താഴത്തെ ബേക്കറിക്കടയിൽ മധുരപലഹാരം വാങ്ങാൻ തനിച്ചിറങ്ങിയപ്പോൾ ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം.
ഒഡീഷ സ്വദേശി സുനിൽ റാവുവിനെയാണ് (31) നോർത്ത് എസ്.എച്ച്.ഒ ഡി.അനൂപ്, എസ്.ഐ എസ്. അനീഷ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. മകൾക്കൊപ്പം കലൂർ ബസ് സ്റ്റാൻഡിന് സമീപത്തെ ക്ലിനിക്കിലെത്തിയ പൂണിത്തുറ നാഷണൽ എംപറസ് ഗാർഡൻ ഫ്ളാറ്റ് 201 ൽ കാർത്ത്യായനി അമ്മയുടെ രണ്ട് പവന്റെ മാലയാണ് പൊട്ടിച്ചത്.
മാല പൊട്ടിച്ച് ഓടിയ മോഷ്ടാവിനെ സമീപത്തെ ചുമട്ടുതൊഴിലാളികളും കച്ചവടക്കാരും ചേർന്ന് കീഴ്പ്പെടുത്തി പൊലീസിന് കൈമാറി. എറണാകുളത്തെ പ്രമുഖ വസ്ത്രവ്യാപാര ശാലയിൽ രണ്ടാഴ്ച ജോലി ചെയ്തിരുന്ന ഇയാളെ കടയിൽ നിന്ന് പറഞ്ഞുവിട്ടിരുന്നു. തുടർന്ന് നഗരത്തിൽ ചുറ്റിക്കറങ്ങി നടക്കവെയാണ് മാല പൊട്ടിച്ചത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |