തൊടുപുഴ: ''ആദ്യം ഒരു മിന്നലും ഇടിയും ശക്തമായി ഉണ്ടായതോടെ പാറയിൽ നിന്ന് താഴേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ എന്നെ ആരോ എടുത്ത് എറിഞ്ഞതായി തോന്നി. ബോധം തെളിഞ്ഞപ്പോൾ സുഹൃത്തുക്കളാണ് മിന്നലേറ്റതായി പറഞ്ഞത്""- കൺമുന്നിലുണ്ടായ ദുരന്തം വിവരിക്കുമ്പോൾ ഗോകുലിന്റെ മുഖത്ത് നിന്ന് നടുക്കം വിട്ടുമാറിയിരുന്നില്ല. ദുഃഖ വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ നാല് സുഹൃത്തുക്കൾക്കൊപ്പമാണ് മങ്ങാട്ടുകവല കളത്തിൽ വീട്ടിൽ ഗോകുൽ എസ്. രാജ് (26) ഉറവപ്പാറയിലെത്തിയത്. പ്രദേശവാസികളെന്ന നിലയിൽ പതിവായി എത്തുന്ന സ്ഥലങ്ങളിലൊന്നാണിത്. അതിനാൽ തന്നെ ഇത്തരമൊരു ദുരന്തമുണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. ഇടി മിന്നലേൽക്കുന്ന സമയത്ത് മരണപ്പെട്ട പെരുമ്പാവൂർ മുടിക്കൽ വടക്കനേതിൽ നഫീസത്തുൾ മിസ്റിയയും (12) പിതാവ് വി.എം.അഫ്സലും (39) പത്ത് അടിയോളം അകലത്തിൽ ഉണ്ടായിരുന്നു. മിന്നലേറ്റശേഷം ഓർമ്മവരുമ്പോൾ ഇരുവരും വീണ് കിടക്കുന്നതാണ് കണ്ടത്. മഴക്കാറിനെ തുടർന്ന് പാറയിൽ നിന്നിറങ്ങി താഴ്ഭാഗത്തായി നിന്നിരുന്ന സുഹൃത്തുക്കൾ ഓടിയെത്തിയപ്പോഴാണ് ഗോകുലിന് ബോധം വീണത്. മുഖത്ത് നിന്ന് രക്തം പൊടിഞ്ഞപ്പോഴാണ് മിന്നലേറ്റ വിവരം സുഹൃത്തുക്കൾ പറയുന്നത്. വീഴ്ചയിൽ പാറയിൽ മുഖമടിച്ച് വീണതിനെ തുടർന്നാണ് മുറിവേറ്റത്. തുടർന്ന് മിന്നലേറ്റ മറ്റ് രണ്ട് പേരെ എടുത്ത് ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ ഗോകുൽ നടന്നാണ് മലയിറങ്ങി കാറിൽ കയറി ആശുപത്രിയിലെത്തിയത്. വീഴ്ചയിലേറ്റ ക്ഷതമൊഴിച്ചാൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതിരുന്നതിനാൽ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഗോകുൽ വീട്ടിലെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |