SignIn
Kerala Kaumudi Online
Sunday, 05 April 2026 1.24 PM IST

അടിയൊഴുക്കുകൾ വിധിയെഴുതുന്ന പാറശാല

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: മൂന്നു മുന്നണികളും പാറശാലയിൽ ഭയപ്പെടുന്നത് അടിയൊഴുക്കുകളെയാണ്. മുന്നണികളെ മാറിമാറി പരീക്ഷിച്ച ചരിത്രമുള്ള പാറശാലയിൽ രണ്ട് സമുദായങ്ങളുടെ സംഘടിതമായ വോട്ടുബാങ്കാവും നിർണായകമാവുക. 35 ശതമാനത്തിലേറെ നാടാർ വോട്ടുള്ള പാറശാലയിൽ ആ സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയില്ലാത്തതിനാൽ വോട്ടുകൾ എങ്ങോട്ട് മറിയുമെന്നതാണ് എല്ലാവർക്കുമുള്ള ആശങ്ക.മുൻ എം.എൽ.എ എ.ടി. ജോർജ്ജ് റിബലായി മത്സരിക്കാനൊരുങ്ങിയെങ്കിലും യു.ഡി.എഫ് സ്ഥാനാർത്ഥി നെയ്യാറ്റിൻകര സനലിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ.

നാടാർ വോട്ട് ധ്രുവീകരണത്തെയാണ് മുന്നണികൾ ആശങ്കയോടെ കാണുന്നത്.നാടാർ ക്രിസ്ത്യൻ വോട്ടുകൾ യു.ഡി.എഫ് ലക്ഷ്യമിടുന്നുണ്ട്. നാടാർ വോട്ട് കിട്ടുന്നവരായിരിക്കും വിജയിക്കുകയെന്നാണ് വിലയിരുത്തൽ. 30ശതമാനത്തോളം നായർ വോട്ടുകളുണ്ടെങ്കിലും അത് വിഭജിക്കുമെന്നാണ് കണക്കുകൂട്ടൽ. മുൻപ് ഇടതു,വലതു മുന്നണികളുടെ പോരാട്ടമായിരുന്നെങ്കിൽ ബി.ജെ.പിയുടെ ശക്തമായ വളർച്ചയോടെ ത്രികോണപ്പോരിന് വഴിതുറന്നിരിക്കുകയാണ്. 2021ൽ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന കരമന ജയൻ 29850വോട്ടുകളാണ് പിടിച്ചത്. ഇത്തവണ ഗിരീഷ് നെയ്യാർ ഹിന്ദുവോട്ടുകളുടെ സമാഹരണത്തിനാണ് ശ്രമിക്കുന്നത്.

കഴിഞ്ഞ രണ്ടുതവണ എം.എൽ.എയായിരുന്ന സി.കെ.ഹരീന്ദ്രൻ വികസനമാണ് മുഖ്യപ്രചാരണ വിഷയമാക്കുന്നത്. മലയോര ഹൈവേ,കുമ്പിച്ചൽക്കടവ് പാലം നിർമാണം,പാറശാല താലൂക്ക് ആശുപത്രിയുടെ വികസനം,റോഡ് വികസനം എന്നിങ്ങനെ നേട്ടങ്ങൾ നിരത്തുന്നുണ്ട്.

എന്നാൽ വികസനമുരടിപ്പ് ആരോപിച്ചാണ് യു.ഡി.എഫിന്റെ പ്രചാരണം.ദേശീയപാത വികസനത്തിലെ മെല്ലെപ്പോക്ക് ഹരീന്ദ്രനെതിരേ ആയുധമാക്കുന്നുണ്ട് യു.ഡി.എഫ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 25828വോട്ടായിരുന്നു ഹരീന്ദ്രന്റെ ഭൂരിപക്ഷം. അതേസമയം,കോൺഗ്രസിലെ വിഭാഗീയതയും നിർണായകമാവുമെന്ന വിലയിരുത്തലുണ്ട്. 257ബൂത്തിലും 'ഞാനാണ് സനൽ' എന്ന രീതിയിൽ പ്രവർത്തിക്കണമെന്നാണ് യു.ഡി.എഫ് നേതാക്കൾ പ്രവർത്തകർക്ക് നൽകിയിട്ടുള്ള നിർദ്ദേശം.

2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫാണ് പാറശ്ശാലയിൽ ലീഡ് നേടിയത്.യു.ഡി.എഫ്. 59,026 വോട്ട് നേടിയപ്പോൾ എൽ.ഡി.എഫ്. 46,654 വോട്ടും നേടി. 45,957 വോട്ട് നേടി ബി.ജെ.പി കരുത്തുകാട്ടി. ഭരണവിരുദ്ധ വികാരവും അടിത്തട്ടിൽ സംഘടനാ ശക്തി മെച്ചപ്പെടുത്തിയതുമാണ് യു.ഡി.എഫിന്റെ പ്രതീക്ഷ കൂട്ടുന്നത്.തദ്ദേശതിരഞ്ഞെടുപ്പിൽ ആറ് പഞ്ചായത്തുകൾ എൽ.ഡി.എഫിനും മൂന്നെണ്ണം യു.ഡി.എഫിനും കിട്ടി. ബി.ജെ.പി ഭരണത്തിലായിരുന്ന കള്ളിക്കാട് എൽ.ഡി.എഫ് പിടിച്ചെടുത്തു.

2021ലെ ഫലം ഇങ്ങനെ

സി.കെ.ഹരീന്ദ്രൻ (എൽ.ഡി.എഫ്)-------------78548

അൻസജിത റസൽ (യു.ഡി.എഫ്)--------------52720

കരമന ജയൻ (എൻ.ഡി.എ)----------------------29850

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.