
ആലപ്പുഴ: സംസ്ഥാനത്തെ ഭരണമാറ്റത്തിന് തടയിടാൻ വർഗീയ ശക്തികളെ മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടു പിടിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇതിന്റെ ഭാഗമായാണ് സി.പി.എം - ബി.ജെ.പി സഖ്യത്തിന് പുറമേ, എസ്.ഡി.പി.ഐയെയും കൂട്ടു പിടിക്കുന്നത്.
അഭിമന്യുവിനെ കൊലപ്പെടുത്തിയവരുമായി സന്ധി സംഭാഷണം നടത്താൻ മുഖ്യമന്ത്രിക്ക് ഒരു മടിയുമില്ല. എസ്.ഡി.പി.ഐ ബന്ധം മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞിട്ടില്ല. കൈ വെട്ട് കേസിലെ പ്രതികളുമായി കൈ കോർത്തു പിടിക്കുമ്പോൾ സി.പി.എം എവിടെ നിൽക്കുന്നുവെന്ന് ചിന്തിക്കണം. മുഖ്യമന്ത്രി പറഞ്ഞതു പോലെ ,രണ്ടു വോട്ടിനു വേണ്ടി എന്ത് ചെറ്റത്തരവും കാണിക്കാൻ മടിയില്ലെന്ന് സ്വയം തെളിയിച്ചിരിക്കുന്നു. നരേന്ദ്ര മോദിയുടെയും പിണറായി വിജയന്റെയും പ്രസംഗവും ലക്ഷ്യവും കോൺഗ്രസ് അധികാരത്തിലെത്താതിരിക്കാൻ വർഗീയ ശക്തിയുമായി കൂട്ടുപിടിക്കുകയെന്നതാണ്. കോൺഗ്രസ് മുക്ത ഭാരതമാണ് മോദിയുടെ ലക്ഷ്യം. കേരളത്തിൽ കോൺഗ്രസ് ഗവൺമെന്റ് ഉണ്ടാകരുതെന്നാണ് പിണറായി വിജയന്റെ ആഗ്രഹം. രണ്ടും ഒന്നിച്ചു ചേർന്നപ്പോൾ അവർ തമ്മിലുള്ള പാലം വളരെ എളുപ്പമായി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ വോട്ടു മറിച്ചുകൊടുത്താണ് തുടർഭരണം ഉറപ്പാക്കിയത്. ഇതുപോലെയാണ് എൻ.ഡി.എ സ്ഥാനാർത്ഥികളെ ഇത്തവണയും നിറുത്തിയിട്ടുള്ളത്. ട്വന്റി-ട്വന്റി, ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികൾ ആരാണെന്നു പോലുമറിയില്ല. അതു വോട്ടു കച്ചവടത്തിന്റെ ഭാഗമാണ്. എസ്.ഡി.പി.ഐ ബന്ധം വേണ്ടെന്നാണ് യു.ഡി.എഫ് തീരുമാനമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |