
ആലപ്പുഴ: ശബരിമല തീർത്ഥാടകരുടെ ഇടത്താളവമായ ചെങ്ങന്നൂരിൽ സാമുദായിക സമവാക്യങ്ങളും അടിയൊഴുക്കും നിർണായകമാകും. ജാതി സംഘടനകൾക്കും സഭകൾക്കും സ്വാധീനമുള്ള മണ്ണിൽ ശക്തമായ പോരാട്ടമാണ്. ഇടതുമുന്നണിക്ക് വേണ്ടി മന്ത്രി സജിചെറിയാൻ,യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.പി.സി.സി ജനറൽ സെക്രട്ടറി എബി കുര്യാക്കോസ്,എൻ.ഡി.എക്കായി ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാർ എന്നിവരാണ് മത്സരിക്കുന്നത്.
ഹാട്രിക് വിജയം സ്വപ്നം കണ്ടിറങ്ങുന്ന സജി ചെറിയാൻ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ മുൻനിറുത്തിയാണ് വോട്ട് തേടുന്നത്. റോഡുകൾ, പാലങ്ങൾ, സ്കൂൾ കെട്ടിടങ്ങൾ, ആശുപത്രികൾ തുടങ്ങിയ മേഖലകളിൽ പുരോഗതിയുണ്ടായെന്നാണ് എൽ.ഡി.എഫിന്റെ അവകാശവാദം. വ്യവസായ മേഖലയിലെ പിന്നാക്കാവസ്ഥ,പൂട്ടിക്കിടക്കുന്ന ഫാക്ടറികൾ,കുടിവെള്ള പദ്ധതികളിലെ മെല്ലെപ്പോക്ക് തുടങ്ങിയവയെ പ്രതിപക്ഷം ആയുധമാക്കുന്നു. ഒരുകാലത്ത് കോൺഗ്രസിന്റെ കുത്തക മണ്ഡലമായിരുന്ന ഖ്യാതി തിരിച്ചുപിടിക്കാനാണ് യു.ഡി.എഫിന്റെ എബി കുര്യാക്കോസിന്റെ ശ്രമം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ശ്രദ്ധേയമായ വോട്ടുവിഹിതം നേടിയ ബി.ജെ.പി ഇത്തവണയും നിർണായക സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നു.
നായർ,ക്രിസ്ത്യൻ,ഈഴവ വോട്ടുകൾക്ക് മുൻതൂക്കമുള്ള മണ്ഡലമാണ് ചെങ്ങന്നൂർ. കഴിഞ്ഞതവണ എല്ലാ ജാതിസമവാക്യങ്ങളെയും അപ്രസക്തമാക്കിയാണ് സജി ചെറിയാൻ റെക്കാഡ് ഭൂരിപക്ഷം നേടിയത്. ആ വിജയം ആവർത്തിക്കുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ. മാർത്തോമ വിഭാഗക്കാരനായ എബി കുര്യാക്കോസിലൂടെ വിജയം സുനിശ്ചിതമെന്ന് യു.ഡി.എഫ് ക്യാമ്പ് കണക്കുകൂട്ടുന്നു. നിർണായക സ്വാധീനമുള്ള ക്രിസ്ത്യൻ വോട്ടുകൾ ഭിന്നിക്കുന്നതിന്റെ പ്രയോജനം തങ്ങൾക്ക് ലഭിക്കുമെന്നാണ് എൻ.ഡി.എ ക്യാമ്പിന്റെ പ്രതീക്ഷ. ശബരിമലയുടെ പ്രധാന ഇടത്താവളമായതിനാൽ സ്ത്രീപ്രവേശനവും സ്വർണക്കൊള്ളയുമടക്കം പ്രചാരണ വിഷയമാകുന്നുണ്ട്. വോട്ടർമാരിൽ വലിയൊരു പങ്കും വിദേശത്താണെന്നത് മൂന്ന് മുന്നണികൾക്കും തലവേദനയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |