
ചെന്നൈ: തമിഴ്നാട്ടിൽ മക്കൾ നീതി മയ്യത്തിനു വേണ്ടി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അപേക്ഷ സമർപ്പിച്ചവരിൽ നിന്ന് ലഭിച്ച പണം തിരികെ നൽകില്ലെന്ന നിലപാടിൽ പാർട്ടി അദ്ധ്യക്ഷൻ കമലഹാസൻ. മത്സരിക്കാനായി അപേക്ഷ നൽകിയ 60 പേരിൽ നിന്ന് ലഭിച്ച 30 ലക്ഷം രൂപ പാർട്ടിയുടെ വികസന ഫണ്ടിലേക്ക് പോയി എന്ന അറിയിപ്പ് അപേക്ഷ സമർപ്പിച്ചവരെ നിരാശരാക്കിയെന്നാണ് റിപ്പോർട്ട്.
ഡി.എം.കെ മുന്നണിയിൽ എത്തിയ ശേഷം കമലഹാസന് രാജ്യസഭാ സീറ്റ് ലഭിച്ചു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യത്തിന് രണ്ട് സീറ്റുകളാണ് ഡി.എം.കെ അനുവദിച്ചത്. രണ്ടിലും സ്ഥാനാർത്ഥികൾ ഡി.എം.കെയുടെ ഉദയസൂര്യൻ ചിഹ്നത്തിൽ മത്സരിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. തുടർന്ന് പാർട്ടി മത്സരിക്കുന്നില്ലെന്ന് കമലഹാസൻ തീരുമാനിക്കുകയായിരുന്നു. ഇത് പാർട്ടി പ്രവർത്തകരെ നിരശരാക്കിയിരുന്നു. നേരത്തെ,അടുത്തുവരുന്ന തിരഞ്ഞെടുപ്പ് കണക്കിലെടുത്ത്,മത്സരിക്കാൻ ആഗ്രഹിക്കുന്ന പാർട്ടി അംഗങ്ങളിൽ നിന്ന് മക്കൾ നീതി മയ്യം അപേക്ഷകൾ സ്വീകരിച്ചിരുന്നു. ഓരോ അപേക്ഷകനും 50,000 രൂപ ഫീസ് നൽകണമായിരുന്നു. 60ലധികം ആളുകൾ അപേക്ഷകൾ സമർപ്പിക്കുകയും ഫീസ് അടയ്ക്കുകയും ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |