
ന്യൂഡൽഹി: ഐപിഎല്ലിന് വേണ്ടി തന്റെ കരിയർ ബലികഴിപ്പിക്കേണ്ടിവന്നുവെന്ന് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ. അന്താരാഷ്ട്ര കരിയർ അപ്രതീക്ഷിതമായി അവസാനിച്ചതിനെക്കുറിച്ചാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഐപിഎല്ലിൽ കളിക്കാനുള്ള തീരുമാനം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായുള്ള (ഇസിബി) തർക്കത്തിന് വഴിവച്ചെന്നും അത് തന്റെ കരിയർ നശിപ്പിച്ചുവെന്നും പീറ്റേഴ്സൺ വെളിപ്പെടുത്തി. റൺവീർ അല്ലാബാദിയയുമായുള്ള അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ.
2009-ൽ ഇംഗ്ലണ്ട് താരങ്ങൾ ഐപിഎല്ലിൽ കളിക്കുന്നതിനോട് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന് കടുത്ത എതിർപ്പുകളുണ്ടായിരുന്നു. എന്നാൽ ഐപിഎല്ലിന് വേണ്ടി നിലകൊണ്ട തനിക്ക് വലിയ വിലയാണ് നൽകേണ്ടി വന്നതെന്ന് പീറ്റേഴ്സൺ പറയുന്നു. 'ഞാൻ വലിയ ത്യാഗങ്ങൾ ചെയ്തു, എനിക്ക് എന്റെ കരിയർ തന്നെ നഷ്ടമായി. ഐപിഎല്ലിന് വേണ്ടി സംസാരിച്ചതിനാലാണ് ഇംഗ്ലണ്ട് ക്രിക്കറ്റിലെ ഉന്നതർ എനിക്കെതിരെ തിരിഞ്ഞത്.' പീറ്റേഴ്സൺ പറഞ്ഞു.
33-ാം വയസിൽ കരിയർ അവസാനിപ്പിക്കേണ്ടി വന്നില്ലായിരുന്നുവെങ്കിൽ 150ഓളം ടെസ്റ്റുകൾ കളിക്കാനും 13,000ത്തോളം റൺസ് നേടാനും കഴിയുമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. 104 ടെസ്റ്റുകളിൽ നിന്നായി 8181 റൺസാണ് പീറ്റേഴ്സൺ നേടിയത്. ഇതിൽ 23 സെഞ്ച്വറികളും 35 അദ്ധസെഞ്ച്വറികളും ഉൾപ്പെടുന്നു.
അതേസമയം, താൻ നടത്തിയ പോരാട്ടമാണ് ഇന്ന് ഇംഗ്ലണ്ട് താരങ്ങൾക്ക് ഐപിഎല്ലിൽ സ്വതന്ത്രമായി കളിക്കാൻ കഴിയുന്നതെന്നും പീറ്റേഴ്സൺ ചൂണ്ടിക്കാണിച്ചു. 'കഴിഞ്ഞ ദിവസം ഞാൻ ജോസ് ബട്ലറെ ഇന്റർവ്യൂ ചെയ്തിരുന്നു. ഞാൻ ചെയ്ത ത്യാഗങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. അന്ന് ഞാൻ പോരാടിയത് കൊണ്ടാണ് ഇന്നത്തെ താരങ്ങൾക്ക് അതിന്റെ ഗുണം ലഭിക്കുന്നത്,'- അദ്ദേഹം വ്യക്തമാക്കി.
അക്കാലത്ത് തന്നെ ഒറ്റപ്പെടുത്താൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ദി ടെലിഗ്രാഫ് പോലെയുള്ള മാദ്ധ്യമങ്ങളെ ഉപയോഗിച്ചതായും പീറ്റേഴ്സൺ ആരോപിച്ചു. എന്നാൽ ഇപ്പോൾ താൻ സമാധാനപരമായ ജീവിതമാണ് നയിക്കുന്നതെന്നും പഴയ കാര്യങ്ങൾ കൂടുതൽ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2009ൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിലൂടെയാണ് പീറ്റേഴ്സൺ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചത്. ഇംഗ്ലണ്ട് ടീമിൽ നിന്ന് പുറത്തായ ശേഷം ലോകമെമ്പാടുമുള്ള ട്വന്റി-20 ലീഗുകളിൽ സജീവ സാന്നിധ്യമായിരുന്നു താരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |