
ചാലക്കുടി: സൗത്ത് ജംഗ്ഷനിൽ വീടിന്റെ ചുമരിൽ സ്ഥാനാർത്ഥിയുടെ ചിത്രം വരച്ച് കലാകാരൻ ഒരു ലക്ഷം രൂപ സമ്മാനം നേടി. എൽ.ഡി.എഫ് സ്ഥാനാർത്ഥി ബിജു എസ്.ചിറയത്തിന്റെ മനോഹര ചിത്രം വരച്ച ചാലക്കുടി സ്വദേശി സേതു മാധവന് പ്രവാസി മലയാളിയാണ് ഒരു ലക്ഷം സമ്മാനമായി നൽകിയത്. കനാൽ പുറമ്പോക്കിലാണ് സേതുമാധവന്റെ വീട്. കൂരയ്ക്ക് സമാനമായ വീടിന്റെ ഇത്തിരി ചുവരിലായിരുന്നു മൂന്ന് ദിവസം കൊണ്ട് സേതുമാധവൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ചിത്രം തയ്യാറാക്കിയത്. ഇതിനുള്ള പെയിന്റും മറ്റും സുഹൃത്തുക്കൾ വാങ്ങി നൽകി. വിദേശത്തുള്ള വ്യവസായിയാണ് ഇതുവഴി പോയപ്പോൾ ചിത്രം കണ്ടതും സമ്മാനം നൽകാൻ തയ്യാറായതും. ഫ്‌ളക്‌സ് പ്രിന്റിംഗിന്റെ കാലഘട്ടത്തിൽ ജോലിയും കൂലിയും വിരളമായ സേതുമാധവന്,തുടർന്ന് തൊഴിൽ രംഗത്ത് സഹായം നൽകാമെന്നും വ്യവസായി അറിയിച്ചു. കവി ഡോ.സോബിൻ മഴവീടൻ ചെക്ക് കൈമാറി. നഗരസഭ കൗൺസിലർ നിതിൻ പുല്ലൻ ചടങ്ങിൽ സംബന്ധിച്ചു. തുക തന്റെ ബാങ്ക് വായ്പാ കുടിശികയിൽ അടയ്ക്കുമെന്ന് സി.പി.എം പ്രവർത്തകൻ കൂടിയായ സേതുമാധവൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |