
ഗുവാഹത്തി: മഴ കാരണം 11 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ മുംബയ് ഇന്ത്യന്‍സിനെ വീഴ്ത്തി രാജസ്ഥാന്‍. 151 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബയുടെ മറുപടി 27 റണ്‍സ് അകലെ 11 ഓവറില്‍ 123ന് ഒമ്പത് എന്ന സ്‌കോറില്‍ അവസാനിച്ചു. ബാറ്റിംഗ് നിരയില്‍ ഒരാള്‍ക്ക് പോലും വലിയ ഇന്നിംഗ്‌സ് കളിക്കാന്‍ കഴിയാത്തതാണ് മുംബയ്ക്ക് തിരിച്ചടിയായത്. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളും വിജയിച്ച രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ട് തോല്‍വികളുമാണ് മുംബയ്ക്ക് സ്വന്തമായുള്ളത്.
വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബയ് ഇന്ത്യന്‍സിന് തുടക്കം തന്നെ പാളി. അഞ്ച് ഓവര്‍ പിന്നിട്ടപ്പോഴേക്കും ഓപ്പണര്‍മാരായ റയാന്‍ റിക്കിള്‍ടണ്‍ 8(4), രോഹിത് ശര്‍മ്മ 5(6), സൂര്യകുമാര്‍ യാദവ് 6(3), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 9(6), തിലക് വര്‍മ്മ 14(10) എന്നിവര്‍ പുറത്തായിരുന്നു. വെറും 46 റണ്‍സ് മാത്രമായിരുന്നു ഈ സമയത്ത് ടീമിന്റെ സ്‌കോര്‍. തുടര്‍ന്ന് ഇംപാക്ട് സബ് ആയി ക്രീസിലെത്തിയ ഷെര്‍ഫയ്ന്‍ റുതര്‍ഫോര്‍ഡ് 25(8) മുംബയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും എട്ടാം ഓവറില്‍ താരം പുറത്തായത് മുംബയ്ക്ക് തിരിച്ചടിയായി.
തൊട്ടടുത്ത ഓവറില്‍ നമന്‍ ധീര്‍ 25(13) കൂടി പുറത്തായതോടെ മുംബയ് തോല്‍വി ഉറപ്പിച്ചു. അവസാന രണ്ട് ഓവറുകളില്‍ 44 റണ്‍സായിരുന്നു വിജയത്തിലേക്ക് മുംബയ്ക്ക് ആവശ്യം. ഷാര്‍ദുല്‍ തക്കൂര്‍ 8(7), ട്രെന്റ് ബോള്‍ട്ട് 1(2) എന്നിങ്ങനെയാണ് പുറത്തായ ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ദീപക് ചഹാര്‍ 6*(5), ജസ്പ്രീത് ബുംറ 5*(2) എന്നിവര്‍ പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി രവി ബിഷ്‌ണോയി, സന്ദീപ് ശര്‍മ്മ, നാന്ദ്രെ ബര്‍ഗര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ജോഫ്ര ആര്‍ച്ചര്‍, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 11 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണ് നേടിയത്. 32 പന്തുകളില്‍ നിന്ന് പത്ത് ബൗണ്ടറിയും നാല് സിക്സറുകളും സഹിതം 77 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ആണ് റോയല്‍സിന്റെ ടോപ് സ്‌കോറര്‍. കൗമാര താരം വൈഭവ് സൂര്യവന്‍ഷി 39(14) ക്ക് ഒപ്പം ഒന്നാം വിക്കറ്റില്‍ അഞ്ച് ഓവറില്‍ 80 റണ്‍സ് കൂട്ടുകെട്ടിലും ജയ്സ്വാള്‍ പങ്കാളിയായി. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജൂരേല്‍ 2(3), ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 20(10) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ഷിംറോണ്‍ ഹെറ്റ്മയര്‍ 6*(7) റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മുംബയ്ക്കായി ഗസന്‍ഫര്‍ രണ്ട് വിക്കറ്റുകളും ഷാര്‍ദുല്‍ താക്കൂര്‍ ഒരു വിക്കറ്റും വീഴ്ത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |