ചെന്നൈ: തിരഞ്ഞെടുപ്പിനിടെ തമിഴ്നാട്ടിൽ അപ്രതീക്ഷിത നീക്കവുമായി ഇലക്ഷൻ കമ്മിഷൻ. തമിഴ്നാട് ചീഫ് സെക്രട്ടറി എൻ. മുരുഗാനന്ദത്തെ മാറ്റി എം. സായ്‌കുമാറിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ കമ്മിഷൻ ഉത്തരവിട്ടു. ചീഫ് സെക്രട്ടറിയെ കൂടാതെ വിജിലൻസ് മേധാവിയെയും മാറ്റിയിട്ടുണ്ട്. മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ സന്ദീപ് മിത്തൽ ആണ് പുതിയ വിജിലൻസ് മേധാവി, ഡി.എം.കെ അനുകൂല നിലപാട് സ്വീകരിക്കുന്നു എന്ന പരാതിയെ തുടർന്നാണ് നടപടിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. പുതിയ വിജിലൻസ് മേധാവി എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥനാണെന്നാണ് വിവരം.
അതേസമയം തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മിഷൻ ബി.ജെ.പിയുടെ ആയുധമായി മാറിയെന്നും ഇത് ഏകപക്ഷീയമായ നടപടിയാണെന്നും സ്റ്റാലിൻ ആരോപിച്ചു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം മാറ്റങ്ങൾ ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പിക്ക് ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ മറുപടി നൽകുമെന്നും സ്റ്റാലിൻ വ്യക്തമാക്കി. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട സംവിധാനങ്ങളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |