
തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും കണ്ണൂരിൽ അക്രമ സംഭവങ്ങൾ പതിവാണെങ്കിലും ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ അത്തരം അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികൃതർ നടത്തിയ ക്രമീകരണങ്ങളും സുരക്ഷയും ഒരു പരിധി വരെ വിജയം കണ്ടു എന്ന് വേണം പറയാൻ. എങ്കിലും ജില്ലയിൽ അങ്ങിങ്ങായി ചിലയിടങ്ങളിൽ നടന്ന ആക്രമങ്ങളും സംഘർഷങ്ങളും ആശങ്ക പാടെ അകറ്റുന്നില്ല .രാഷ്ട്രീയം ആശയങ്ങളുടെ പോരാട്ടമാണെന്നും വോട്ടുകൾ നേടാനുള്ള ആവേശത്തിൽ നിയമവും മനുഷ്യത്വവും മറക്കുന്ന സമീപനങ്ങൾ സമൂഹത്തെ പിന്നോട്ട് നയിക്കുകയാണെന്നുമുള്ള തിരച്ചറിവ് ഇന്നും ഒരു വിഭാഗം ആളുകൾക്ക് ഇല്ല എന്നതാണ് ഇത്തരം സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നത്. തിരഞ്ഞെടുപ്പ് ദിവസത്തെ സമാധാനപരവും സുതാര്യവുമായ രീതിയിൽ നടത്തുക എന്നത് ഓരോ രാഷ്ട്രീയ പാർട്ടിയുടെയും ഉത്തരവാദിത്തമാണ്.എന്നാൽ അത് ഈ നിയമസഭാ തിരഞ്ഞെടുപ്പിലും ലംഘിക്കുന്ന കാഴ്ച്ചകൾക്ക് ജില്ല സാക്ഷ്യം വഹിച്ചു.മുൻപുള്ള തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോൾ ഇക്കുറി സംഘർഷങ്ങൾ ഒരു പരിധിവരെ കുറവാണെന്നുള്ളതും എടുത്തു പറയേണ്ടതാണ്. കേന്ദ്രസേനയടക്കം രംഗത്തുണ്ടായതും എല്ലാ ബുത്തുകളിലും വെബ് കാസ്റ്റിംഗ് സൗകര്യമൊരുക്കിയതും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ സുഗമമാക്കി. പോളിംഗിന് ശേഷമാണ് പലയിടത്തും അക്രമങ്ങളുണ്ടായത്.
ജില്ലയിൽ സി.പി.എം കോട്ടയായ ആന്തൂർ നഗരസഭയിലെ അഞ്ച് ബൂത്തുകളിലൊഴികെ എല്ലായിടത്തും ഇത്തവണ യുഡിഎഫിന്റെ ഏജന്റുമാർ ഇരുന്നു എന്നത് തന്നെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ എടുത്തു പറയേണ്ട സംഭവമാണ്. മാങ്ങാട്ടുപറമ്പ് കണ്ണൂർ ഗവ. എൻജിനീയറിംഗ കോളജിൽ 143ാം നമ്പർ ബൂത്തിൽ യു.ഡി.എഫ് ബൂത്ത് ഏജന്റ് വിമലിന്റെ ശരീരത്തിൽ മഷി കുടഞ്ഞതായും ഭീഷണിപ്പെടുത്തി ഓടിച്ചതായുമുള്ള പരാതി മാത്രമാണ് ആന്തൂരിൽ ഇത്തവണ റിപ്പോർട്ട് ചെയ്യപ്പെട്ട അക്രമസംഭവം. ആന്തൂരിൽ സാധാരണ ഇരുപത്തഞ്ചിലേറെ ബൂത്തുകളിൽ യു.ഡി.എഫിന് ഏജന്റുമാരെ ഇരുത്താൻ കഴിയാറില്ല. ആന്തൂരിൽ അഞ്ചിടത്തൊഴികെ എല്ലായിടത്തും ബൂത്ത് ഏജന്റുമാർ ഇരുന്നതായി യു.ഡി.എഫ് തന്നെ അവകാശപ്പെടുന്നു. മലപ്പട്ടം പഞ്ചായത്തും പതിവുതെറ്റിച്ചു. സാധാരണ ഇവിടെ മിക്ക ബൂത്തുകളിലും യു.ഡി.എഫ് ഏജന്റുമാർ ഉണ്ടാവാറില്ല. കഴിഞ്ഞ തദ്ദേശ, പാർലമെന്റ് തിരഞ്ഞെടുപ്പുകളിലും ഇതായിരുന്നു അവസ്ഥ. ഒറ്റപ്പെട്ട അക്രമസംഭവങ്ങളൊഴിച്ചാൽ വോട്ടെടുപ്പ് മുൻകാലങ്ങളെ അപേക്ഷിച്ച് സമാധാനപരവുമായിരുന്നു. കള്ളവോട്ട് സംബന്ധിച്ച് ആരോപണങ്ങൾ ഉയർന്നതല്ലാതെ വ്യക്തമായ തെളിവുകളോടെയുള്ള സംഭവങ്ങൾ കാര്യമായി റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇത്തവണ ജില്ലയിൽ ഏറെ ഉറ്റു നോക്കുന്ന മണ്ഡലമാണ് പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങൾ. സി.പി.എം വിമതരായ നേതാക്കൾ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്നുവെന്നത് തന്നെയാണ് പ്രത്യേകത.തളിപ്പറമ്പ് പയ്യന്നൂർ മണ്ഡലങ്ങളിലാണ് ഇതുവരെയും ഏറ്റവും കൂടുതൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പയ്യന്നൂർ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണന്റെ അനുകൂലിയുടെ വീടിന് നേരെ ഇന്നലെ പുലച്ചെ ആക്രമണം നടക്കുകയുണ്ടായി. ടി. പുരുഷോത്തമന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് തീ വെക്കുകയായിരുന്നു.ജനൽ ചില്ലുകൾ എറിഞ്ഞു തകർത്തു. ജനൽ തകരുന്ന ശബ്ദം കേട്ട് എഴുന്നേറ്റപ്പോഴാണ് തീ ആളിക്കത്തുന്നത് കണ്ടത്. ഉടൻ തീ അണയ്ക്കുകയായിരുന്നു. സി.പി.എം പ്രവർത്തകരാണ് വീട് ആക്രമിച്ചതെന്ന് പുരുഷോത്തമൻ ആരോപിച്ചു. നേരത്തേ സി.പി.എമ്മിലുണ്ടായിരുന്ന പുരുഷോത്തമനെ പാർട്ടിയി ൽനിന്ന് പുറത്താക്കിയിരുന്നു. തിരഞ്ഞെടുപ്പിൽ പുരുഷോത്തമൻ വി. കുഞ്ഞികൃഷ്ണനൊപ്പമാണ് പ്രവർത്തിച്ചത്. കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുമരെഴുതിയ മതിലും കഴിഞ്ഞ രാത്രി തകർക്കുകയുണ്ടായി.കുഞ്ഞികൃഷ്ണന്റെ അനുകൂലിയായിരുന്ന പ്രസന്നന്റെ ബൈക്ക് നേരത്തെ തീ വച്ച് നശിപ്പിച്ചിരുന്നു. ഫണ്ട് വിവാദം ഉയർന്ന സമയത്ത് കുഞ്ഞികൃഷ്ണന് പ്രസന്നൻ പിന്തുണ നൽകിയതിനു പിന്നാലെയായിരുന്നു ഇത്. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനച്ചടങ്ങളിൽ പങ്കെടുത്ത എഴുത്തുകാരൻ വി.എസ്. സുനിൽ കുമാറിന്റെ വീടിന് മുന്നിൽ നേരത്തെ റീത്ത് വച്ചിരുന്നു. പൊലീസ് കേസെടുത്തെങ്കിലും ഈ സംഭവങ്ങളിൽ അന്വേഷണം എവിടെയുമെത്തിയില്ല. കുഞ്ഞികൃഷ്ണന് ഭീഷണിയുള്ളതിനാൽ പൊലീസ് സംരക്ഷണമുണ്ട്. വീടിനും കാവൽ ഏർപ്പെടുത്തിയിട്ടുണ്ട് .
തളിപ്പറമ്പ് നിയോജക മണ്ഡലം മലപട്ടം 230-ബൂത്ത് യു.ഡി.എഫ് ബൂത്ത് ഏജന്റഅ രാജേഷ് എം.പിയെ സി.പി.എം പ്രവർത്തകർ ആക്രമിച്ചതായി പരാതി ഉയർന്നിരുന്നു. ഇതിനു പിന്നാലെ മയ്യിൽ മുല്ലക്കൊടിയിൽ പോളിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന എൽ.ഡി.എഫ് ബൂത്ത് ഏജന്റിനെ കോൺഗ്രസ് പ്രവർത്തകർ കുത്തിപ്പരിക്കേൽപ്പിച്ചതായി സി.പി.എം ആരോപിച്ചു. സി.പി.എം പ്രവർത്തകൻ മുല്ലക്കൊടി കുറ്റിച്ചിറയിലെ പി .പി. പ്രകാശനാണ് കുത്തേറ്റത് . പ്രകാശൻ പോളിംഗ് കഴിഞ്ഞ് യു.ഡി.എഫ് ബൂത്ത് ഏജന്റായ ഭാസ്‌കരനൊപ്പം മടങ്ങവേയായിരുന്നു സംഭവം.മയ്യിലിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് നേരെയും ആക്രമണമുണ്ടായി. ആക്രമണത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരെന്ന് കോൺഗ്രസ് ആരോപിച്ചു. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തരം അനിഷ്ട സംഭവങ്ങൾ താരതമ്യേന കുറഞ്ഞത് പ്രതീക്ഷ നൽകുമ്പോഴും അങ്ങിങ്ങായി നടക്കുന്ന ആക്രമണ സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നത് രാഷ്ട്രീയ അസഹിഷ്ണുതയാണ് .അക്രമങ്ങൾക്കും ഭീഷണികൾക്കും ഇടമില്ലാത്ത ഒരു തിരഞ്ഞെടുപ്പ് സംസ്‌കാരം ഒരുമിച്ച് സൃഷ്ടിക്കാനാണ് ഒാരോ രാഷ്ട്രീയ പാർട്ടികളും ശ്രമിക്കേണ്ടത്. ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ സമാധാനവും സഹിഷ്ണുതയും അനിവാര്യമാണെന്ന ബോധ്യം രാഷ്ട്രീയ പാർട്ടികൾ പ്രവർത്തർക്ക് മനസ്സിലാക്കി കൊടുക്കേണ്ട കാലം അതിക്രമിച്ചു.
കർശ്ശന പരിശോധന സുരക്ഷ 6000 പൊലീസ് ഉദ്യോഗസ്ഥർ
വോട്ടെടുപ്പ് സമാധാനപരമായി നടക്കാൻ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ജില്ലയിൽ ഒരുക്കിയത്. കേന്ദ്രസേന ഉൾപ്പെടെ വിവിധ റാങ്കുകളിലുള്ള 6000 ത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയുണ്ടായി. സിറ്റി പരിധിയിൽ കേന്ദ്രസേനയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പൊലീസുമുൾപ്പെടെ 20 കമ്പനി സേനയിൽ 1500 പേരുണ്ടായി. ഇതിന് പുറമെ 1300 സ്പെഷ്യൽ പൊലീസുമുണ്ട്. 771 പ്രശ്‌നസാദ്ധ്യത ബൂത്തുകളിൽ പ്രത്യേക സുരക്ഷയും 493 മൈക്രോ ഒബ്‌സർവർമാരെയും നിയോഗിച്ചിട്ടുണ്ട്. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തി വോട്ടർമാർ ബൂത്തിലേക്ക് പ്രവേശിക്കുന്നത് മുതൽ പുറത്തു വരുന്നതുവരെയുള്ള മുഴുവൻ നടപടികളും സി.സി.ടി.വി മുഖേന ജില്ലാതലത്തിലും മണ്ഡലതലത്തിലുമുള്ള കൺട്രോൾ റൂമുകളിൽ നിന്ന് നിരീക്ഷിക്കും.പോളിംഗ് ഡ്യൂട്ടിക്കായി 10,488 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. മാതൃക പെരുമാറ്റച്ചട്ടം ജില്ലയിൽ കർശനമായി നടപ്പിലാക്കാൻ 25 എം.സി.സി സ്‌ക്വാഡുകൾ പ്രവർത്തിച്ചു.തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ 48 മണിക്കൂർ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |