
കൊച്ചി: തേവര കോന്തുരുത്തി പുഴ പുറംപോക്കിൽ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കുന്നതിനെതിരെ ഏതാനും കുടുംബങ്ങൾ ഹൈക്കോടതിയിൽ ഹർജി നൽകി. അരനൂറ്റാണ്ടായി അന്തിയുറങ്ങുന്ന വീടുകളിൽനിന്ന് 126 കുടുംബങ്ങളെ ഇറക്കിവിടാനുള്ള അധികൃതരുടെ നീക്കം നിയമവിരുദ്ധമാണെന്നും തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കുടിയൊഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടുപോകുന്നതെന്നും തെരേസ്യ ജോസഫ് ഉൾപ്പെടെ 17 പേർ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി.
വീടുകൾ പൊളിക്കുമെന്ന പ്രചാരണം ശക്തമായതോടെ പകരം സംവിധാനം വേണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പുനരധിവാസത്തിനുള്ള ആവശ്യം ഉപേക്ഷിച്ച് നഷ്ടപരിഹാരം വാങ്ങാൻ തങ്ങൾ സമ്മതിച്ചു എന്ന രീതിയിലാണ് കാര്യങ്ങൾ ചിത്രീകരിക്കുന്നത്. പുറമ്പോക്ക് ഭൂമി കൃത്യമായി കണ്ടെത്താൻ ശാസ്ത്രീയമായ സർവേ പോലും നടത്തിയിട്ടില്ല. അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്ന പലരെയും ക്രമവത്കരിക്കാൻ അനുവദിക്കുമ്പോൾ, തങ്ങളെ മാത്രം ലക്ഷ്യം വയ്ക്കുകയാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
പ്രായമായവരും രോഗികളുമായ താമസക്കാർ കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ കടുത്ത ആശങ്കയിലാണ്. 10 ദിവസത്തിനുള്ളിൽ വീടൊഴിയണമെന്ന ഭീഷണി നിലനിൽക്കെ, നീതി ഉറപ്പാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുമെന്ന് അധികൃതരും പ്രാദേശിക നേതാക്കളും നൽകിയ ഉറപ്പ് വിശ്വസിച്ചതാണ് തിരിച്ചടിയായതെന്നും ഹർജിയിൽ പറയുന്നു. കേസിൽ കക്ഷിചേരാൻ ഒപ്പിട്ടു നൽകിയെങ്കിലും ഫലമുണ്ടായില്ല. പ്രദേശവുമായി ബന്ധമില്ലാത്ത ഒരാൾ നൽകിയ ഹർജിയിലാണ് കോടതി വിധി വന്നതെന്നും ആരോപിക്കുന്നു. ഹർജി പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ, ഹൈക്കോടതിയിൽ നിലവിലുള്ള കോടതിഅലക്ഷ്യ ഹർജിയ്ക്കൊപ്പം ഇത് പരിഗണിക്കാൻ നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |