
ന്യൂഡൽഹി: രണ്ടുവയസിന് താഴെയുള്ള കുട്ടികൾക്ക് നൽകുന്ന ചുമയ്ക്കും ജലദോഷത്തിനുമുളള സിറപ്പുകൾ നിരോധിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മിഷൻ പുറത്തിറക്കിയ 2026ലെ നാഷണൽ ഫോർമുലറി ഒഫ് ഇന്ത്യയുടെ കരടിലാണ് ഇത്തരത്തിലൊരു നിർദേശമുള്ളത്. കേന്ദ്ര ആരോഗ്യമന്ത്രാലയവും ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയും ഇതിനായുളള നടപടികൾ തുടങ്ങിയെന്നാണ് റിപ്പോർട്ട്. എന്നാൽ അതിഗുരുതര സാഹചര്യങ്ങളിൽ പരിശോധനകൾക്കുശേഷം ഡോക്ടർമാരുടെ മേൽനോട്ടത്തിൽ മരുന്നുകൾ നൽകാമെന്നും നിർദേശത്തിലുണ്ട്.
2025ൽ ഡൈഎഥിലീൻ ഗ്ലൈക്കോൾ, എഥിലീൻ ഗ്ലൈക്കോൾ തുടങ്ങിയ വിഷാംശമുള്ള വസ്തുക്കൾ ചുമയ്ക്കും ജലദോഷത്തിനുമുളള ചില മരുന്നുകളിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഈ നീക്കം. മരുന്നുകളിൽ അടങ്ങിയിരിക്കുന്ന ഈ രാസവസ്തുക്കൾ കുട്ടികളുടെ വൃക്കകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നവയാണ്.
മദ്ധ്യപ്രദേശിലാണ് ചുമമരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവം ഏറെ റിപ്പോർട്ടുചെയ്തത്. തമിഴ്നാട്ടിൽ ഉൽപാദിപ്പിച്ച കഫ്സിറപ്പിൽ അനുവദനീയമായതിലും അധികം ഡിഇജി ( ഡൈഎഥിലീൻ ഗ്ലൈക്കോൾ ) കണ്ടെത്തിയിയിരുന്നു. കാഞ്ചീപുരത്തെ ഒരു ഫാർമയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിലാണ് ഇത് കണ്ടെത്തിയത്. മദ്ധ്യപ്രദേശ് സർക്കാരിന്റെ അഭ്യർത്ഥന പ്രകാരമാണ് സാമ്പിൾ ശേഖരിച്ച് പരിശോധന നടത്തിയത്. രാജസ്ഥാനിൽ നിന്നും ചുമമരുന്നിനെക്കുറിച്ച് സമാനമായ പരാതി ഉയർന്നിയിരുന്നു. എന്നാൽ സംഭവത്തിൽ കേന്ദ്ര ഏജൻസികൾ നടത്തിയ പരിശോധനയിൽ കഫ് സിറപ്പിൽ പ്രശ്നങ്ങളില്ലെന്ന് വ്യക്തമായതായി അന്ന് ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |