
ആലുവ: മൂന്നരപ്പതിറ്റാണ്ടോളമായി കഥാപ്രസംഗ വേദിയിൽ നിറഞ്ഞുനിൽക്കുന്ന കലാകാരനാണ് ആലുവയുടെ സ്വന്തം കാഥികൻ അനിൽ ഏകലവ്യ. കഥാപ്രസംഗത്തിന് വേദികൾ കുറഞ്ഞിട്ടും തന്നെ വളർത്തിയ കലയെ കൈവിടാൻ അനിൽ ഒരുക്കമല്ല. കഥാപ്രസംഗത്തോടൊപ്പം മധുരതരമായ ഗസലുകളിലൂടെയും ശ്രദ്ധേയനാകുകയാണീ കടുങ്ങല്ലൂർ സ്വദേശി. കഥാപ്രസംഗ കുലപതി വി. സാംബശിവന്റെ കഥകൾ കേട്ടും അദ്ദേഹത്തിന്റെ ശിക്ഷണത്തിലുമാണ് അനിൽ വളർന്നത്. ആലുവ എസ്.എൻ.ഡി.പി സ്കൂളിൽ വിദ്യാർത്ഥിയായിരിക്കെ 1991ലാണ് ആദ്യമായി വേദിയിലെത്തിയത്. ആയിരത്തിലേറെ വേദികളിൽ സാമൂഹിക - പുരാണ കഥകൾ അവതരിപ്പിച്ചു. 'ദേവി വിഗ്രഹം', 'മഹാനായ ഭീഷ്മർ' എന്നിവയാണ് കൂടുതൽ വേദികളിൽ അവതരിപ്പിച്ചത്. 16 കഥകൾ സ്വന്തമായി എഴുതി സംഗീതവും നിർവഹിച്ചു. കഥാപ്രസംഗത്തിൽ നിരവധി അംഗീകാരങ്ങളും തേടിയെത്തിയിട്ടുണ്ട്.
കഥാപ്രസംഗത്തിന് ശ്രോതാക്കൾ കുറഞ്ഞ സാഹചര്യത്തിലാണ് 2017 മുതൽ ഗസൽ രംഗത്തേക്ക് കടന്നത്. ഉമ്പായിയുടെ ഗസലുകളെ പിന്തുടരുന്ന അനിൽ ഏകലവ്യ, പഴയ മലയാളം - ഹിന്ദി സിനിമ ഗാനങ്ങളുടെയും നാടക ഗാനങ്ങളുടെയും ഗസൽ ആവിഷ്കാരമാണ് പ്രധാനമായും അവതരിപ്പിക്കുന്നത്. കടുങ്ങല്ലൂർ പുഷ്പ കലാമ്പിള്ളി, ഇടപ്പള്ളി സ്വദേശി ടി.പി. വിവേക്, ചാവക്കാട് കവിയൂർ ഭായി എന്നീ അദ്ധ്യാപകരുടെ കീഴിലാണ് ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചത്. ആലുവ കടത്തുകടവിൽ 'വൈശാഖം ജ്വല്ലറി വർക്സ്' സ്ഥാപനവും നടത്തുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |