
ഓച്ചിറ: ഓച്ചിറയിൽ നിലവിൽ നിർമ്മാണത്തിലിരിക്കുന്ന അണ്ടർപാസിന് പകരം എലിവേറ്റഡ് ഹൈവേ നിർമ്മിക്കണമെന്ന് ഓച്ചിറ പരബ്രഹ്മക്ഷേത്ര ഭരണസമിതി യോഗം ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന വിവിധ ഉത്സവങ്ങൾ നടക്കുന്ന ഓച്ചിറയിൽ അണ്ടർപാസ് അപര്യാപ്തമാണെന്നും ഇത് അപകടങ്ങൾക്ക് കാരണമാകുമെന്നും യോഗം വിലയിരുത്തി. ഹൈവേയുടെ ഇരുവശവും കോട്ട പോലെ കെട്ടിമറയ്ക്കുന്നത് ഉത്സവസമയങ്ങളിലെ വലിയ തിരക്ക് പരിഗണിക്കുമ്പോൾ ദുരന്തങ്ങൾക്ക് വഴിവെയ്ക്കുമെന്നും ഭരണസമിതി ആശങ്ക പ്രകടിപ്പിച്ചു. ദേശീയപാത 66ന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഓച്ചിറ പരബ്രഹ്മ ഹോസ്പിറ്റലിന് മുൻവശം അടച്ചിട്ടിരിക്കുന്നത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഹോസ്പിറ്റലിൽ എത്തുന്ന രോഗികൾ കിലോമീറ്ററുകളോളം ചുറ്റിക്കറങ്ങി വേണം അകത്തേക്ക് പ്രവേശിക്കാൻ. ഈ ഭാഗം അടിയന്തരമായി ഗതാഗതയോഗ്യമാക്കാൻ അധികൃതർ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. കൂടാതെ, എല്ലാ മലയാള മാസവും ഓച്ചിറയിൽ നിന്നും ശബരിമലയിലേക്ക് സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് പുനഃസ്ഥാപിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പ്രശ്നങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ ആദ്യ യോഗത്തിൽ പ്രസിഡന്റ് ആർ.രാജീവ് കടകമ്പള്ളിൽ അദ്ധ്യക്ഷനായി. സെക്രട്ടറി ബി.എസ്.വിനോദ് 2026-27 വർഷത്തെ വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചു. രക്ഷാധികാരി അഡ്വ.കെ.ഗോപിനാഥൻ, വൈസ് പ്രസിഡന്റ് ആർ.ഡി. പത്മകുമാർ, വി.സാഗർ, എൻ. രവി, പി.കെ.വിക്രമൻ, കെ.പത്മകുമാർ, സി.ആർ.കുസുമൻ, ബി.ശിവപ്രസാദ്, സി.നന്ദകുമാർ, കെ.പ്രതാപൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |