
ചെങ്ങന്നൂർ: കഴിഞ്ഞ മാസം മരിച്ച വൃദ്ധന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മരുമകൾ പൊലീസിൽ പരാതി നൽകി. പുലിയൂർ പടിഞ്ഞാറേ പറമ്പിൽ ബിൻസ് ഭവനിൽ യേശുദാസി (70)ന്റെ മരണത്തിലാണ് മരുമകൾ ലീന ബിൻസ് ചെങ്ങന്നൂർ പൊലീസിനും എം.എൽ.എ സജി ചെറിയാനും പരാതി നൽകിയത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാണ് പരാതിയിലെ ആവശ്യം. കഴിഞ്ഞ 20നാണ് യേശുദാസ് മരിച്ചത്. 24ന് പുലിയൂർ ഓർത്തഡോക്സ് പള്ളിയിൽ സംസ്കാരം നടത്തി. 20ന് രാവിലെ രക്തം ശർദ്ദിച്ചതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. എന്നാൽ ഈ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും സ്വത്ത് തട്ടിയെടുക്കാൻ ബോധപൂർവമായ നീക്കങ്ങൾ നടന്നെന്നുമാണ് ലാലി ബിനു ആരോപിക്കുന്നത്.യേശുദാസിന്റെ മകൻ ബിൻസ് 2017ൽ മരിച്ചിരുന്നു. മകൾ ബിൻസിയും മരുമകളും മക്കളുമാണ് യേശുദാസിന്റെ നിയമപരമായ അവകാശികൾ. ഈ അവകാശികൾ ജീവിച്ചിരിക്കെ, യേശുദാസിന്റെ സഹോദരൻ ഗബ്രിയേൽ മാമനും ഹോം നഴ്സും ചേർന്ന് ബാങ്ക് അക്കൗണ്ടുകൾ, എ.ടി.എം കാർഡ്, മൊബൈൽ ഫോൺ എന്നിവ അനധികൃതമായി കൈക്കലാക്കിയതായി പരാതിയിൽ പറയുന്നു. സംസ്കാരം നടന്ന ദിവസം തന്നെ തന്നെയും മക്കളെയും യേശുദാസിന്റെ മകളെയും വീട്ടിൽ നിന്നും ഇറക്കിവിട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |