കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയിലെ രണ്ടാം വാർഡിൽ ഉൾപ്പെടുന്ന കറുകപ്പിള്ളി താഴം ഹൈസ്കൂൾ റോഡ് ടാറിംഗിൽ വ്യാപക അഴിമതി നടന്നതായി ആരോപണം. ലക്ഷങ്ങൾ മുടക്കി നടത്തിയ ടാറിംഗ് നാല് ദിവസം പിന്നിട്ടപ്പോൾ തന്നെ പൊട്ടിപ്പൊളിയാൻ തുടങ്ങി.
പഴയ ടാറിന് മുകളിൽ കുറച്ചു പശ മാത്രം ഒഴിച്ച് മെറ്റൽ കുഴച്ചിടുക മാത്രമാണ് കരാറുകാരൻ ചെയ്തതെന്നാണ് നാട്ടുകാരുടെ പരാതി. ടാറിംഗ് കഴിഞ്ഞ് നാല് ദിവസം പിന്നിട്ടിട്ടും റോഡിലൂടെ നടക്കുമ്പോൾ പതുപതുപ്പാണ് അനുഭവപ്പെടുന്നത്. കാലുകൊണ്ട് തൊഴിച്ചാൽ ടാർ ഇളകിപ്പോകുന്ന അവസ്ഥയാണെന്നും നിർമ്മാണത്തിൽ യാതൊരു കൃത്യതയും പാലിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. റോഡ് നിർമ്മിച്ച കരാറുകാരനും കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കും എതിരെ കർശന നടപടി സ്വീകരിക്കണമെന്നും റോഡ് ശരിയായ വിധത്തിൽ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
നിർമ്മാണത്തിൽ ആവശ്യത്തിന് ടാർ ഉപയോഗിച്ചിട്ടില്ല. വിവരം അറിയിച്ചതിനെ തുടർന്ന് പരിശോധനയ്ക്കായി എത്തിയ ഓവർസിയർ റോഡിന്റെ ഫോട്ടോ എടുത്തു മടങ്ങുക മാത്രമാണ് ചെയ്തത്
മത്തായി പുന്നൂസ്
പാലക്കത്തടത്തിൽ
പ്രദേശവാസി
വേണ്ടത്ര നിർമ്മാണ സാമഗ്രികൾ ഉപയോഗിക്കാതെയാണ് ടാറിംഗ് നടത്തിയിരിക്കുന്നത്.
ടി.ജി. രവി
പ്രദേശവാസി
അനുമതിയില്ലാതെ മരം വെട്ടി നശിപ്പിച്ചു
ടാറിംഗ് ജോലികൾക്കിടെ കരാറുകാരന്റെ തൊഴിലാളികൾ അതിക്രമം കാണിച്ചതായും പരാതിയുണ്ട്. പ്രദേശവാസിയായ ജോൺസൺ കെ. ബേബിയുടെ പറമ്പിൽ നിറയെ കായ്ച്ചു നിന്ന മാവിൻ കൊമ്പുകൾ വീട്ടുകാർ ഇല്ലാത്ത സമയത്ത് തൊഴിലാളികൾ യാതൊരു അനുമതിയും കൂടാതെ വെട്ടി നശിപ്പിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |