SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.36 AM IST

റയലില്ല,ബാഴ്സയും

Increase Font Size Decrease Font Size Print Page
ucl

അവസാന നാലിലേക്ക്

ചാമ്പ്യൻസ് ലീഗ്

യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ പി.എസ്.ജി, ബയേൺ മ്യൂണിക്ക്,ആഴ്സനൽ, അത്‌ലറ്റിക്കോ മാഡ്രിഡ് സെമിയിൽ,

റയൽ മാഡ്രിഡും ബാഴ്സലോണയും ക്വാർട്ടറിൽ പുറത്ത്

പാരീസ് / മാഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ സെമിഫൈനൽ ചിത്രം വ്യക്തമായി. നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെർമ്മെയ്നും മുൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും തമ്മിലാണ് ആദ്യ സെമി. രണ്ടാം സെമിയിൽ സ്പാനിഷ് ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡ് ഇംഗ്ളീഷ് ക്ളബ് ആഴ്സലിനെ നേരിടും.

കഴിഞ്ഞ ദിവസം നടന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനലുകളിലാണ് സെമിഫൈനലിസറ്റുകളെ നിശ്ചയിക്കപ്പെട്ടത്. ആദ്യ

പാദ ക്വാർട്ടറിൽ സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡിനെ 2-1ന് തോൽപ്പിച്ചിരുന്ന ബയേൺ രണ്ടാം പാദത്തിൽ 4-3 എന്ന സ്കോറിനാണ് വിജയിച്ചത്. ആദ്യ പാദത്തിൽ 2-0ത്തിന് വിജയിച്ചിരുന്ന അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടാം പാദത്തിൽ 1-2ന് തോറ്റെങ്കിലും 3-2എന്ന ആകെ ഗോൾ മാർജിനിൽ സെമിയിലേക്ക് മാർച്ച് ചെയ്തു. ക്വാർട്ടറിന്റെ ഇരുപാദങ്ങളിലും 2-0എന്ന മാർജിനിലാണ് പി.എസ്.ജി ഇംഗ്ളീഷ് ക്ളബ് ലിവർപൂളിനെ മറികടന്നത്. ആദ്യ പാദ ക്വാർട്ടറിൽ 1-0ത്തിന് ജയിച്ചിരുന്ന ആഴ്സനൽ രണ്ടാം പാദത്തിൽ ഗോൾരഹിത സമനില വഴങ്ങി സെമിയിലെത്തി.

റയൽ മാഡ്രിഡും ബയേണും തമ്മിലായിരുന്നു ഏറ്റവും ആവേശം നിറഞ്ഞ രണ്ടാം പാദ ക്വാർട്ടർ ഫൈനൽ. ബയേണിന്റെ തട്ടകമായ ക്യാംപ് നൗവിൽ നടന്ന മത്സരത്തിന്റെ ആദ്യ മിനിട്ടുമുതൽ ഗോളുകൾ പിറക്കുകയും അവസാനമിനിട്ടുവരെ തർക്കം തുടരുകയും ചെയ്തു. ആദ്യ മിനിട്ടിൽ റയലിന്റെ അർദ ഗ്യുലേറിന്റെ ഗോളിൽ തുടങ്ങിയ മത്സരം ഇതേ താരത്തിന്റെ ചുവപ്പുകാർഡിലാണ് അവസാനിച്ചത്. വിജയം അനിവാര്യമായിരുന്ന റയലിനെ ഫസ്റ്റ് വിസിലിന് പിന്നാലെ ബയേൺ ഗോളി മാനുവൽ ന്യൂയറുടെ ഒരു ദിശതെറ്റിയ ക്ളിയറൻസ് പിടിച്ചെടുത്ത് ഗ്യുലേർ മുന്നിലെത്തിക്കുകയായിരുന്നു. എന്നാൽ ആറാം മിനിട്ടിൽ ജോഷ്വ കിമ്മിഷിന്റെ പാസിൽ നിന്ന് അലക്സാണ്ടർ പാവ്‌ലോവിച്ച് തിരിച്ചടിച്ചു. 29-ാം മിനിട്ടിൽ ഗ്യുലേർ വീണ്ടും ഗോളടിച്ചെങ്കിലും 38-ാം മിനിട്ടിൽ ഹാരി കേനിലൂടെ ബയേണിന്റെ തിരിച്ചടി. 42-ാം മിനിട്ടിൽ എംബാപ്പെയിലൂടെ റയൽ 3-2ന് മുന്നിലെത്തി.

86-ാം മിനിട്ടിൽ പന്ത് റഫറി ഫൗൾ വിസിൽ മുഴക്കിയെങ്കിലും ബയേണിന് കിക്ക് ചെയ്യാൻ നൽകാതെ പന്ത് കൈയിലെടുത്തതിന് എഡ്വാർഡോ കാമാവിംഗയ്ക്ക് രണ്ടാം മഞ്ഞക്കാർഡ് കാട്ടിയ റഫറിയുടെ നടപടിയിലൂടെയാണ് കളിയുടെ ഗതി മാറിയത്. റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് റയൽ താരങ്ങൾ വട്ടം കൂടിയെങ്കിലും തീരുമാനം മാറ്റിയില്ല. 89-ാം മിനിട്ടിൽ ലൂയിസ് ഡയസും ഇൻജുറി ടൈമിൽ മൈക്കേൽ ഒലൈസും നേടിയ ഗോളികൾ കളിയുടെ വിധിയെഴുതി.ഫൈനൽ വിസിൽ മുഴങ്ങിയ ശേഷം റയൽ താരങ്ങൾ റഫറിക്കെതിരെ വട്ടംകൂടി. റഫറിയോട് കയർത്ത ഗ്യുലേറിനെ ചുവപ്പുകാർഡ് കാട്ടിയാണ് റഫറി മടങ്ങിയത്.

റയൽ രണ്ടാം പാദത്തിൽ തോറ്റുമടങ്ങിയെങ്കിൽ മറ്റൊരു സ്പാനിഷ് ക്ളബ് ബാഴ്സലോണയ്ക്ക് രണ്ടാം പാദത്തിൽ ജയിച്ചിട്ടും സെമിയിലേക്ക് കടക്കാനായില്ല. ആദ്യ പാദത്തിൽ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് തോറ്റിരുന്ന ബാഴ്സയുടെ രണ്ടാം പാദത്തിലെ 2-1ന്റെ ജയം ആകെ ഗോൾ മാർജിനിലെ 3-2ന്റെ പരാജയത്തിലാണ് കലാശിച്ചത്. അത്‌ലറ്റിക്കോയുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ നാലാം മിനിട്ടിൽ ലാമിൻ യമാലും 24-ാം മിനിട്ടിൽ ഫെറാൻ ടോറസും നേടിയ ഗോളുകൾ ബാഴ്സയെ മുന്നിലെത്തിച്ചിരുന്നു. 31-ാം മിനിട്ടിൽ അഡിമോല ലുക്മാൻ അത്‌ലറ്റിക്കോയ്ക്ക് വേണ്ടി നേടിയ ഗോളാണ് കളിയുടെ വിധി മാറ്റിയെഴുതിയത്. 79-ാം മിനിട്ടിൽ ഫെറാൻ ടോറസ് ചുവപ്പുകാർഡ് കണ്ട് പുറത്താവുകകൂടി ചെയ്തതോടെ ബാഴ്സയ്ക്ക് ആൾ ഗോൾ മാർജിനിൽ മുന്നിലെത്താനുള്ള ശേഷി നഷ്ടമായി.

ഒസ്മാനേ ഡെംബലെ നേടിയ ഇരട്ട ഗോളുകൾക്കാണ് രണ്ടാം പാദ ക്വാർട്ടർ ഫൈനലിൽ പി.എസ്.ജി ലിവർപൂളിനെ മറികടന്നത്. 72-ാം മിനിട്ടിലും ഇൻജുറി ടൈമിലുമായിരുന്നു ഡെംബലെയുടെ ഗോളുകൾ. ആദ്യ പാദത്തിലും ഇതേ മാർജിനിലാണ് പി.എസ്.ജി ലിവർപൂളിനെ മറികടന്നത്. മറ്റൊരു രണ്ടാം പാദ ക്വാർട്ടറിൽ ആഴ്സനൽ ആദ്യ പാദത്തിലെ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയത്തിൽ കടിച്ചുതൂങ്ങി ഗോൾ രഹിതസമനിലയുമായി സെമിയിലേക്ക് കടക്കുകയായിരുന്നു.

ക്വാർട്ടർ ഫൈനൽ ഫലങ്ങൾ

ആദ്യ പാദങ്ങൾ

ബയേൺ 2-റയൽ 1

ആഴ്സനൽ 1- സ്പോർടിംഗ് 0

പി.എസ്.ജി 2- ലിവർപൂൾ 0

അത്‌ലറ്റിക്കോ 2- ബാഴ്സലോണ 0

രണ്ടാം പാദങ്ങൾ

ബയേൺ 4- റയൽ 3

ആഴ്സനൽ 0- സ്പോർടിംഗ് 0

പി.എസ്.ജി 2- ലിവർപൂൾ 0

അത്‌ലറ്റിക്കോ 1- ബാഴ്സലോണ 2

സെമി ലൈനപ്പ്

ബയേൺ Vs പി.എസ്.ജി

ആദ്യ പാദം : ഏപ്രിൽ 29

രണ്ടാം പാദം : മേയ് 7

ആഴ്സനൽ Vs അത്‌ലറ്റിക്കോ

ആദ്യ പാദം : ഏപ്രിൽ 30

രണ്ടാം പാദം : മേയ് 6

ഫൈനൽ : മേയ് 30

35-ാം സെക്കൻഡിലെ ഗോൾ

ബയേണിനെതിരായ മത്സരത്തിൽ കളി തുടങ്ങി 35-ാം സെക്കൻഡിലാണ് അർദ ഗ്യുലേർ റയലിനായി ഗോളടിച്ചത് . ഒരു ബാക്ക് പാസ് പിടിച്ചെടുത്ത് തന്റെ ടീമംഗത്തെ ലക്ഷ്യമാക്കി മുന്നോട്ടുനൽകാൻ ശ്രമിച്ച ബയേൺ ഗോളി മാനുവൽ ന്യൂയറിന്റെ ഷോട്ട് പിഴച്ച് ഗ്യുലേറിന്റെ കാലിലെത്തുകയായിരുന്നു. ഒട്ടും സമയം പാഴാക്കാതെ ഗ്യുലേർ വലയിലേക്കടിച്ചു. ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഏറ്റവും വേഗത്തിൽ ബയേൺ വഴങ്ങുന്ന ഗോളായിരുന്നു ഇത്. 2024ൽ ബയേണിനെതിരെ ബാഴ്സയുടെ റഫീഞ്ഞ 55-ാം സെക്കൻഡിൽ ഗോളടിച്ചിരുന്നു. ചാമ്പ്യൻസ് ലീഗിൽ ഒരു റയൽ മാഡ്രിഡ് താരത്തിന്റെ ഏറ്റവും വേഗതയേറിയ ഗോളാണ് ഗ്യുലേറിന്റേത്. 2016ൽ ലെഗിയ വാഴ്സയ്ക്കെതിരെ 57-ാംസെക്കൻഡിൽ ഗോൾ നേടിയ ഗാരേത്ത് ബെയ്‌ലിനെയാണ് ഗ്യുലേർ മറികടന്നത്.

  • യൂറോപ്യൻ ഫസ്റ്റ് ഡിവിഷനിൽ റയൽ മാഡ്രിഡിന്റെ 515 മത്തെ മത്സരമായിരുന്നു ഇത്. ചരിത്രത്തിൽ ആദ്യമാ യാണ് ഫസ്റ്റ് ഇലവനിൽ ഒരു സ്പാനിഷ് താരം പോലുമില്ലാതെ റയൽ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിറങ്ങിയത്.

  • തുടർച്ചയായ രണ്ടാം സീസണിലാണ് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ പുറത്താകുന്നത്. കഴിഞ്ഞ സീസണിൽ ആഴ്സനലിനോടാണ് ക്വാർട്ടറിൽ തോറ്റത്.

  • 2023-24 സീസണിലെ സെമിയിൽ തങ്ങളെ പുറത്താക്കിയ റയൽ മാഡ്രിഡിനോടുള്ള ബയേൺ മ്യൂണിക്കിന്റെ പ്രതികാരം കൂടിയായി ഇത്തവണത്തെ ക്വാർട്ടറിലെ വിജയങ്ങൾ.

TAGS: NEWS 360, SPORTS, UCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.