
ന്യൂഡൽഹി: കേന്ദ്ര സർക്കാർ നോട്ട് നിരോധനത്തിന് കാട്ടിയ അതേ തിടുക്കമാണ് മണ്ഡല പുനർനിർണ്ണയത്തിനും കാണിക്കുന്നതെന്ന് വിമർശനവുമായി ശശി തരൂർ എംപി. മണ്ഡല പുനഃർ നിർണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതിന് തുല്യമാണെന്നും തരൂർ ലോക്‌സഭയിൽ വനിതാ സംവരണ ഭേദഗതി ബില്ലിന്റെ ചർച്ചയിൽ പങ്കെടുക്കവെ പറഞ്ഞു. നോട്ട് നിരോധനവുമായി ബന്ധപ്പെടുത്തി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പൊളിറ്റിക്കൽ ഡിമോണിറ്റൈസേഷൻ (രാഷ്‌ട്രീയമായി അപ്രധാനമാക്കൽ) നടക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
കുറച്ച് വലിയ സംസ്ഥാനങ്ങൾ രാജ്യത്തിന്റെ വിധി നിർണയിക്കുന്ന സാഹചര്യം ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണ്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ എഞ്ചിനായി പ്രവർത്തിക്കുന്ന, സംസ്ഥാനങ്ങളുടെ ശബ്ദം മണ്ഡല പുനർനിർണയത്തോടെ ദുർബലമാകുമെന്ന് ശശി തരൂർ പറഞ്ഞു.
സർക്കാർ നീക്കം ലോക്‌സഭയിലെയും രാജ്യസഭയിലെയും നിലവിലെ സന്തുലിതാവസ്ഥയെ പൂർണമായും തകിടം മറിക്കുമെന്ന് ശശി തരൂർ പറഞ്ഞു. വനിതാ സംവരണം മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിക്കുന്നത് സംവരണത്തെ ബന്ദിയാക്കുന്നതിന് തുല്യമാണെന്നും തരൂർ ആരോപിച്ചു. കേന്ദ്ര ഖജനാവിൽ വലിയ വരുമാനം നൽകുന്ന സംസ്ഥാനങ്ങൾ മണ്ഡല പുനർനിർണയം നടന്നാൽ സ്വന്തം രാജ്യത്ത് കാഴ്‌ചക്കാർ മാത്രമാകും.
ദേശീയ ലക്ഷ്യമായ ജനസംഖ്യാ നിയന്ത്രണമടക്കം കൃത്യമായി നടപ്പാക്കിയ കേരളവും തമിഴ്‌നാടുമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഈ പരിഷ്‌കാരത്തോടെ പാർശ്വവൽക്കരിക്കപ്പെടും. ജനസംഖ്യാ നിയന്ത്രണം പരാജയപ്പെട്ട സംസ്ഥാനങ്ങൾക്ക് കൂടുതൽ രാഷ്‌ട്രീയപരമായി കരുത്ത് നേടും. ഇത് ഭരണമികവിന് രാഷ്‌ട്രീയമായി പ്രസക്തി ഇല്ലാതാക്കും.
ലോക്‌സഭയിലെ അംഗസംഖ്യ 850 ആയി ഉയർത്തുന്നതിനെ എതിർത്ത തരൂർ ഇത്രവലിയ സഭ ലോകത്തൊരിടത്തും നിലവിലില്ല എന്നും വ്യക്തമാക്കി. പാർലമെന്റിനെ അപ്രായോഗിക വേദിയാക്കി മാറ്റാൻ ഇതിടയാക്കും എന്നും തരൂർ പറഞ്ഞു. പാർലമെന്റ് സമ്മേളനങ്ങളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ഇത്രയഥികം അംഗങ്ങൾക്ക് സംസാരിക്കാൻ സമയം കിട്ടില്ലെന്നും തരൂർ വാദിച്ചു. രാജ്യസഭയുടെ അംഗബലം വർദ്ധിപ്പിക്കാതെ ലോക്‌സഭയുടേത് മാത്രം വർദ്ധിപ്പിക്കുമ്പോൾ സംയുക്ത സമ്മേളനങ്ങളിലും രാഷ്‌ട്രപതി തിരഞ്ഞെടുപ്പിലും ലോക്‌സഭയുടെ ആധിപത്യം ഉണ്ടാകുമെന്നും തരൂർ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |