തൃശൂർ: ഇന്ന് പൂരം കൊടിയേറുന്നതോടെ തട്ടകങ്ങൾ ഉണരും. ഇന്ന് രാവിലെ 11നും 11.30നും ഇടയിൽ തിരുവമ്പാടിയിലും 11.30ന് പാറമേക്കാവിലും കൊടിയേറ്റം നടക്കും. തിരുവമ്പാടിയിലും എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരപ്പതാകകൾ ഉയരുന്നതോടെ പൂരാവേശത്തിലേക്ക് കടക്കും. ലാലൂർ, അയ്യന്തോൾ, ചെമ്പുക്കാവ്, പനമുക്കുംപിള്ളി, പൂക്കാട്ടിക്കര കാരമുക്ക്, കണിമംഗലം, ചൂരക്കാട്ടുക്കാവ്, നെയ്തലക്കാവ് എന്നീ ഘടക ക്ഷേത്രങ്ങളിലാണ് പൂരം കൊടിയേറുക. ഘടകക്ഷേത്രങ്ങളിൽ രണ്ടിടത്ത് രാവിലെയും ആറിടങ്ങളിൽ വൈകീട്ടുമാണ് കൊടിയേറ്റം. ലാലൂർ കാർത്യായനി ക്ഷേത്രത്തിലും അയ്യന്തോൾ കാർത്യായനി ക്ഷേത്രത്തിലുമാണ് രാവിലെ പൂരം കൊടിയേറുക. പാറമേക്കാവിന്റെ മണികണ്ഠനാലിലെയും തിരുവമ്പാടിയുടെ നടുവിലാൽ, നായ്ക്കനാൽ പന്തലുകളുടെ നിർമ്മാണം പരോഗമിക്കുകയാണ്. 24ന് നടക്കുന്ന സാമ്പിൾ വെടിക്കെട്ടിന്റെ ഒരുക്കങ്ങളും തേക്കിൻകാട് മൈതാനത്ത് ആരംഭിച്ചു.
കൊടിമരങ്ങളെത്തി
ഇന്ന് പൂര പതാക ഉയർത്താനുള്ള കൊടിമരങ്ങളെത്തി. തിരുവമ്പാടി വിഭാഗം ആഘോഷപൂർവമാണ് കൊടിമരം ക്ഷേത്രത്തിലെത്തിച്ചത്. തിരുവമ്പാടിയിൽ പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കൽ സുന്ദരൻ സുഷിത്ത് എന്നിവരുടെ നേതൃത്വത്തിൽ കൊടിമരം ഒരുക്കുന്ന പ്രവൃത്തിയാരംഭിച്ചു. ഇന്ന് ഭൂമിപൂജ ഉൾപ്പെടെ നടത്തിയ ശേഷമാണ് കൊടിയേറ്റം. പാറമേക്കാവിൽ ചെമ്പിൽ കുട്ടനാചാരിയുടെ നേതൃത്വത്തിൽ കവുങ്ങിൽ ആല്, മാവ്, ദർഭ എന്നിവ കൊണ്ട് അലങ്കരിക്കും. സിംഹമുദ്രയുള്ള കൊടികളാണ് ഉയർത്തുക. പൂരത്തിന്റെ ഒരുക്കം അവസാന ഘട്ടത്തിലാണെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ പറഞ്ഞു.
ഭഗവതിമാർക്ക് ഇന്ന് ആറാട്ട്
പൂരത്തിലെ പ്രധാന പങ്കാളികളായ പാറമേക്കാവ് , തിരുവമ്പാടി ഭഗവതിമാർക്ക് ഇന്ന് ആറാട്ട്. കൊടിയേറ്റത്തിന് പിന്നാലെ അഞ്ച് ആനകളോടെ കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളത്തോടെ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടക്കും. ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും കൊടിഉയർത്തും. തുടർന്നാണ് വടക്കുന്നാഥനിലെ വടക്കെനടയിലുള്ള ചന്ദ്രപുഷ്‌ക്കരണിയിൽ ആറാട്ട്. തിരുവമ്പാടി ഭഗവതി കൊടിയേറ്റം കഴിഞ്ഞ ശേഷം വൈകിട്ട് മൂന്നിനാണ് പുറത്തേക്ക് കടക്കുക. മൂന്നരയോടെ നടുവിലാലിലും നായ്ക്കനാലിലും പൂരക്കൊടി ഉയർത്തും. വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് മേളം കലാശിക്കും. തുടർന്ന് പടിഞ്ഞാറെ ചിറയിലെത്തി ഇറക്കിപൂജ കഴിഞ്ഞ് ആറാട്ട് നടത്തിയ ശേഷം മടങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |