
ലക്നൗ സൂപ്പർ ജയന്റ്സിനെ 54 റൺസിന് തോൽപ്പിച്ച് പഞ്ചാബ് കിംഗ്സ്
സീസണിലെ പഞ്ചാബിന്റെ അഞ്ചാം ജയം, പട്ടികയിൽ ഒന്നാമതുതന്നെ
സീസണിൽ തോൽവി അറിയാത്ത ഏകടീമായി പഞ്ചാബ്
പഞ്ചാബ് കിംഗ്സ് 254/7, ലക്നൗ സൂപ്പർ ജയന്റ്സ് 200/5
മുള്ളൻപുർ : ഐ.പി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ 54 റൺസിന്റെ തകർപ്പൻ വിജയം ആഘോഷിച്ച് പഞ്ചാബ് കിംഗ്സ്. ഈ സീസണിലെ ആറ് മത്സരങ്ങളിൽ പഞ്ചാബിന്റെ അഞ്ചാം വിജയമാണിത്. ഒരു കളി മഴയെടുത്തതും കൂട്ടി 11 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പായ പഞ്ചാബ് കിംഗ്സ്.
ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 254 റൺസ് നേടി. ലക്നൗവിന്റെ മറുപടി 200/5ൽ ഒതുങ്ങി. ആദ്യ ഓവറിൽതന്നെ പ്രഭ്സിമ്രാൻ സിംഗിനെ (0) നഷ്ടമായ പഞ്ചാബിനായി രണ്ടാം വിക്കറ്റിൽ 182 റൺസടിച്ചുകൂട്ടിയ പ്രിയാംശ് ആര്യയും (37 പന്തുകളിൽ നാലുഫോറും ഒൻപത് സിക്സുമടക്കം 93 റൺസ്), കൂപ്പർ കൊനോലിയും (46 പന്തുകളിൽ എട്ടുഫോറും ഏഴ് സിക്സുമടക്കം 87 റൺസ്) ചേർന്നാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. 80 പന്തുകളിലാണ് ഇവർ 182 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയത്. ക്യാപ്ടൻ ശ്രേയസ് അയ്യർ അഞ്ച് റൺസെടുത്ത് പുറത്തായെങ്കിലും മാർക്കസ് സ്റ്റോയ്നിസ് 16 പന്തുകളിൽ രണ്ടുവീതം ഫോറും സിക്സുമടക്കം 29റൺസടിച്ച് സ്കോർ ഉയർത്തി.
മറുപടിക്കിറങ്ങിയ ലക്നൗവിന് വേണ്ടി മിച്ചൽ മാർഷ് (40), ആയുഷ് ബദോനി (35), റിഷഭ് പന്ത് (43) എന്നിവർ നല്ല തുടക്കമാണ് നൽകിയത്. എന്നാൽ മൂവരും പുറത്തായതിന് പിന്നാലെ ചേസിംഗിന്റെ വീര്യം ചോർന്നു. എയ്ഡൻ മാർക്രമും (42)മുകുൾ ചൗധരിയും (21) പൊരുതി നോക്കിയെങ്കിലും അവസാന ഓവറുകളിൽ ലക്ഷ്യം അപ്രാപ്യമായി മാറി.
ഈ സീസണിലെ ഏറ്റവും ഉയർന്ന സ്കോറാണ് പഞ്ചാബ് ഇന്നലെ നേടിയത്. ആർ.സി.ബി ചെന്നൈക്ക് എതിരെ നേടിയ 250/3 ആണ് മറികടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |