
കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിലെ പഴന്തോട്ടത്ത് നാട്ടുകാരുടെ ബഡ്ജറ്റ് രക്ഷകനായിരുന്ന മാവേലി സ്റ്റോറിന് കെട്ടിട ഉടമ ഷട്ടറിട്ടു. കാരണം വാടക കുടിശ്ശിക. ഇതോടെ ഗ്യാസില്ലാതെ നെട്ടോട്ടമോടുന്ന സാധാരണക്കാരന്റെ വയറ്റത്തടിക്കുന്ന സ്ഥിതിയായി. കെട്ടിട ഉടമയുടെ കൈയ്യൊപ്പോടെ ഷട്ടറിൽ തന്നെ കുടിശ്ശികയുടെ കണക്ക് പതിച്ച ബാനറും വന്നതോടെ സംഭവം നാട്ടിൽ ചൂടേറിയ വിഷയമായി.
ബാനറിൽ കാണുന്ന കണക്ക് നാട്ടുകാർക്കും കൗതുകമായി. ഉടമയെ ന്യയീകരിച്ചും കഞ്ഞിയിൽ കല്ലിട്ടവന്റെ കലിപ്പിനെതിരെ പ്രതിഷേധിച്ചും നവ മാദ്ധ്യമങ്ങളിലടക്കം പൊരിഞ്ഞ വാക് പോരുമായി.
2024-ൽ 7 മാസം, 2025-ൽ 1 മാസം, 2026-ൽ ഇതുവരെ 4 മാസം ആകെ കെട്ടിക്കിടക്കുന്ന വാടകയാണ് പൂട്ടിന് കാരണമെന്നാണ് ഉടമയുടെ വിശദീകരണം.
ആശ്വാസം പോയി, ആശങ്ക വന്നു
കുറഞ്ഞ വിലയിൽ അരി മുതൽ പയർ വരെ ലഭിച്ചിരുന്ന സ്റ്റോർ അടഞ്ഞതോടെ സാധാരണക്കാരുടെ ദൈനംദിന കണക്കുകൂട്ടലുകളെല്ലാം തെറ്റി. ഇന്നലെ വരെ ഇവിടെ 100 രൂപയ്ക്ക് കിട്ടിയ സാധനം ഇന്ന് 130 കൊടുത്താണ് വാങ്ങേണ്ടത്. സ്റ്റോർ പൂട്ടിയത് ജനദ്റോഹപരമാണെന്ന വിമർശനവും ശക്തം. വിലക്കയറ്റം കുത്തനെ ഉയരുന്ന വേളയിൽ ആശ്രയമായിരുന്ന കട അടച്ചതോടെ പല കുടുംബങ്ങളുടെയും ബഡ്ജറ്റ് കുലുങ്ങി.
തിരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാൽ ജനപ്രതിനിധികൾ മൗനം പാലിക്കുമ്പോഴും നാട്ടുകാർ ശബ്ദമുയർത്തുകയാണ്. വകുപ്പുകൾ ഉടൻ ഇടപെട്ട് സ്റ്റോർ തുറക്കണമെന്നാണ് ആവശ്യം. അവസാനം പഴന്തോട്ടക്കാർ ചോദിക്കുന്നു, ഞങ്ങളുടെ മാവേലി തിരികെ വരുമോ?
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |