
ആലുവ: ഞായറാഴ്ചത്തെ അപ്രതീക്ഷിത വേനൽമഴയിലും ഇടിമിന്നലിലും കാറ്റിലും ആലുവ താലൂക്കിലെ നാശനഷ്ടങ്ങളുടെ കണക്കെടുക്കാൻ വില്ലേജ് ഓഫീസർമാരെ ചുമതലപ്പെടുത്തി. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. വില്ലേജ് ഓഫീസിൽ നിന്നും പഞ്ചായത്ത് എൽ.എസ്.ജി.ഡി മുഖേന ലഭിക്കുന്ന റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം കളക്ടറേറ്റിലേക്ക് കൈമാറുമെന്നും തഹസിൽദാർ ടി. ജയശ്രീ അറിയിച്ചു.
മരം മറിഞ്ഞ് താലൂക്കിലെ നിരവധി വീടുകൾക്ക് നാശം സംഭവിച്ചിട്ടുണ്ട്. വഴിയരികിലെ തണൽ മരങ്ങൾ മറിഞ്ഞ് നിരവധി സ്ഥലങ്ങളിൽ വൈദ്യുതി ലൈനുകളും തകരാറിലായി. മണിക്കൂറുകൾക്ക് ശേഷമാണ് പലയിടത്തും വൈദ്യുതി പുന:സ്ഥാപിക്കാനായത്. ആലുവ മാർവറിന് സമീപം മരം മറിഞ്ഞതിനെ തുടർന്ന് മുടങ്ങിയ വൈദ്യുതി വിതരണം അർദ്ധരാത്രിയാണ് പുന:സ്ഥാപിച്ചത്. താലൂക്കിൽ വ്യാപകമായ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.
കുട്ടമശേരിയിൽ വൻ കൃഷിനാശം
മഴയിലും കനത്ത കാറ്റിലും കുട്ടമശേരി, ചാലക്കൽ പ്രദേശങ്ങളിൽ വൻകൃഷിനാശമുണ്ടായി. അമ്പലപ്പറമ്പ് കണ്യാംപിള്ളി മോഹനന്റെ രണ്ട് ഏക്കറോളം ഏത്തവാഴത്തോട്ടം പൂർണമായും നശിച്ചു. കുലച്ച വാഴകളാണ് മുഴുവനായും നശിച്ചത്. ചാലക്കൽ പാടത്ത് വാഴക്കൃഷി ചെയ്തിരുന്ന മരത്താംകുടി പ്രകാശ്, കോട്ടായി രവീന്ദ്രൻ, കൊരങ്ങാട് അലി, വാരിക്കാട്ട് കൂടി സെയ്ദ് മുഹമ്മദ്, കണ്യാംപിള്ളി ശ്രീജേഷ്, കൃഷ്ണൻ പാനാപ്പിള്ളി തുടങ്ങിയവരുടെ നൂറുകണക്കിന് വാഴകളും നശിച്ചു.
കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സാജു മത്തായി, അംഗങ്ങളായ അജികുമാർ, സലാം ആയത്ത്, കൃഷി അസിസ്റ്റന്റ് സുഹറ, പാടശേഖര സമിതി ചെയർമാൻ അഡ്വ. അബൂബക്കർ കരോട്ടപുറം എന്നിവർ സ്ഥലം സന്ദർശിച്ചു.
ചെങ്ങമനാട് കാർഷിക വിളകൾ നശിച്ചു
ചെങ്ങമനാട് പഞ്ചായത്തിൽ വാഴകളും ജാതി തെങ്ങ് ഉൾപ്പെടെയുള്ള കാർഷിക വിളകളും നശിച്ചു. മരങ്ങൾ മറിഞ്ഞ് നിരവധി വീടുകൾക്കും കേടുപാടുകളുണ്ടായി. 19-ാം വാർഡിൽ കോഴിക്ക് കടവിൽ എം.എം. നസീറിന്റെ നിരവധി കുലച്ച വാഴകൾ നശിച്ചു. ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് ജെർളി കപ്രശ്ശേരി, കൃഷി ഓഫീസർ സ്വപ്ന തോമസ്, വാർഡ് മെമ്പർ എ.ഡി. ജിനി, അസി. ഡയറക്ടർ പുഷ്യ രാജൻ, പി. ഷാജികുമാർ തുടങ്ങിയവർ സന്ദർശിച്ചു. കിഴക്കേ ദേശം ആത്തനാട്ട് മിസ്റിയ്യ ഹംസയുടെ വീടിന് മുകളിൽ മരങ്ങൾ വീണ് വീട് ഭാഗികമായി തകർന്നു. വീടിന്റെ ചിമ്മിനിക്ക് മുകളിൽ ഭീമൻ പ്ളാവും രണ്ട് ആഞ്ഞിലി മരങ്ങളും നിലം പൊത്തുകയായിരുന്നു. ചിമ്മിനിയും സ്ളാബും മുകളിലിരുന്ന വാട്ടർ ടാങ്കും തകർന്നു. അർബുദ രോഗിയായ മിസ്റിയ്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് ഹംസ വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട ശേഷം അർബുദ രോഗം ബാധിച്ച മിസ്റിയ്യ കീമോ ചെയ്ത് വരികയാണ്. അതിനിടെയാണ് വീടും തകർന്നത്. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കടുങ്ങല്ലൂർ പഞ്ചായത്തിൽ
പടിഞ്ഞാറെ കടുങ്ങല്ലൂരിൽ മുഴുവൻ സമയ കർഷകൻ പാനാപ്പിള്ളി ശിവരാമൻ നായരുടെ പച്ചക്കറി, വാഴ, ജാതി, മത്സ്യം, ജാതി മരങ്ങൾ, മാവ്, പ്ലാവ് എന്നിവയെല്ലാം കടപുഴകി. കൂടാതെ ഹമീദ് കാട്ടിപ്പറമ്പ്, ജഗദീശൻ കലിഞ്ഞത്തിൽ, വേലായുധൻ വെട്ടുകാട്, സമദ് തുരുത്തിൽ, അബൂബക്കർ തോപ്പിൽ, ഹൈദർ തണ്ടിക്ക്പറമ്പ്, മുഹമ്മദാലി ഇളമന, സൈദ് മുഹമ്മദ് വലിയവീട്ടിൽ, ശശിധരൻ കോഴിക്കാട്ടിൽ, വേലായുധൻ വല്യത്രമാലിൽ എന്നിവരുടെ കൃഷിയും നശിച്ചു. കൃഷിനാശം സംഭവിച്ച സ്ഥലങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ഗീത സലിം കുമാർ, വൈസ് പ്രസിഡന്റ് വി.കെ. ഷാനവാസ്, അംഗങ്ങളായ റോസിലി ബിജു, അബ്‌ദുൾ റിയാസ്, അംജദ് അലി, ഉമ്മർ ഫാറൂക്ക്, കൃഷി ഓഫീസർ തെരേസ എന്നിവർ സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |