തൃശൂർ: ഭൂകമ്പ സമാന പ്രകമ്പനവും പൊട്ടിത്തെറിയും. പിന്നെ ആകാശത്തേക്ക് ഉയർന്ന കട്ടികൂടിയ വെളുത്തതും കറുത്തതുമായ പുകയും വെടിമരുന്നിന്റെ മണവും. ഓടിയെത്തിയവർ കണ്ടത് പൊട്ടിത്തെറിക്കുന്ന വെടിപ്പുരകൾ. പിന്നെ ചിതറിത്തെറിക്കുന്ന ജീവൻ. മുണ്ടത്തിക്കോട് ഗ്രാമം ഉഗ്ര സ്ഫോടനത്തിന്റെ നടുക്കത്തിലാണ് ഉച്ചമയക്കം ഉണർന്നത്. ഉടലും മറ്റ് ശരീരഭാഗങ്ങളും പാടശേഖരത്തിലും തൊട്ടടുത്ത പറമ്പിലുമായി കിടന്നു. എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിന്ന നിമിഷങ്ങൾ. തുരുതുരാ പൊട്ടുന്ന വെടിക്കോപ്പ്, പ്രദേശമാകെ പുക കൊണ്ട് മറച്ചു. സമീപത്തെ മരങ്ങളിലേക്കും തീ പടർന്നു. കൊയ്ത്തുകഴിഞ്ഞ വൈക്കോൽ കുറ്റികളിലേക്കും തീപടർന്ന് ഏക്കർ കണക്കിന് പാടത്തേക്കും പതിയെ തീ വ്യാപിച്ചു.
കുഴിമിന്നലും അമിട്ടും തലങ്ങും വിലങ്ങും പൊട്ടി. ഓടിയെത്തിയവർ പോലും വിറങ്ങലിച്ചു നിന്നു. കുതിച്ചെത്തിയ ഫയർ ഫോഴ്സിനും പൊലീസിനും മറ്റ് രക്ഷാപ്രവർത്തകർക്കും അടുത്തെത്താൻ സാധിച്ചത് മൂന്നും നാലും മണിക്കൂറുകൾക്ക് ശേഷം. സമീപത്തിലുള്ള കുളത്തിലും മറ്റും ഏറെ വൈകിയും തെരച്ചിൽ നടത്തി. അപകടം നടന്ന സ്ഥലത്തിന് അടുത്തുള്ള കനാലിൽ നിന്നുവരെ മൃതദേഹം കണ്ടെത്തി.
കത്തിക്കരിഞ്ഞ ശരീരം
കണ്ടെത്തിയ പല മൃതശരീരങ്ങളും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഉഗ്രസ്ഫോടനം തുടരെത്തുടരെ ഉണ്ടായത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. തൃശൂർ, വടക്കാഞ്ചേരി തുടങ്ങി അഞ്ചിലേറെ ഇടങ്ങളിൽ നിന്ന് ഫയർഫോഴ്സ് വാഹനങ്ങളെത്തി. പരിക്കേറ്റ ഭൂരിഭാഗം പേരെയും ആശുപത്രിയിലെത്തിക്കാനായത് ഏറെനേരം കഴിഞ്ഞാണ്. തൃശൂർ ഗവ. മെഡിക്കൽ കോളേജ് ഏതാനും കിലോമീറ്റർ മാത്രം അകലെയായതിനാൽ ഉടനെ തന്നെയെത്തിക്കാനായി.
കണ്ണീർക്കടൽ...
ഗവ. മെഡിക്കൽ കോളേജ് ആശുപത്രി അക്ഷരാർത്ഥത്തിൽ കണ്ണീർക്കടലായി. തങ്ങളുടെ ഉറ്റവർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അറിയാനായി ഭാര്യമാരും കുട്ടികളും കൂടപ്പിറപ്പുകളും അലമുറയിട്ട് എത്തിയപ്പോൾ അവിടെ നിന്നവർക്ക് എന്ത് ചെയ്യണമെന്നറിയാത്ത സ്ഥിതിയായി. പലരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത വിധം ഛിന്നഭിന്നമായി. രാത്രിയോടെയാണ് പലരെയും തിരിച്ചറിഞ്ഞത്. പരിക്കേറ്റ പലരും വേദന കൊണ്ട് പുളയുകയായിരുന്നു. ഉറ്റവരെ കണ്ടതോടെ വാവിട്ട് കരച്ചിലായി. തങ്ങളുടെ ഒപ്പം അതുവരെയും പണിയെടുത്തവർക്ക് എന്ത് സംഭവിച്ചുവെന്നറിയാതെ അവർ തേങ്ങിക്കരഞ്ഞു.
നാടുണർന്ന് രക്ഷാപ്രവർത്തനം
വടക്കാഞ്ചേരി: വെടിക്കെട്ട് സ്ഫോടനത്തിന്റെ നടുക്കത്തിൽ നിന്ന് ഉണർന്ന് രക്ഷാപ്രവർത്തനത്തിൽ നാട് ഒന്നിച്ചു. ഒപ്പം ചേർന്ന് എം.എൽ.എമാരും കളക്ടറും ജനപ്രതിനിധികളും. ഇന്നലെ വൈകിട്ട് നാടിനെ നടുക്കിയ മുണ്ടത്തിക്കോട്ട് വെടിക്കെട്ട് ദുരന്തത്തിൽ പരിക്കേറ്റവരെയും മരിച്ചവരെയും ആശുപത്രികളിൽ എത്തിക്കുന്നതിന് ഒറ്റക്കെട്ടായി പ്രവർത്തിച്ചു. സമീപ പ്രദേശങ്ങളിലെ ആംബുലൻസുകൾ അപകടം നടന്നയുടൻ സ്ഥലത്ത് കുതിച്ചെത്തി. എം.എൽ.എമാരായ എ.സി.മൊയ്തീൻ, സേവ്യർ ചിറ്റിലപ്പിള്ളി, കളക്ടർ ശിഖ സുരേന്ദ്രൻ, സിറ്റി പൊലീസ് കമ്മിഷണർ നകുൽ ദേശ്മുഖ്, രാഷ്ട്രീയ നേതാക്കളായ കെ.വി.അബ്ദുൾ ഖാദർ, ജോസഫ് ടാജറ്റ്, ജസ്റ്റിൻ ജേക്കബ്, എ.നാഗേഷ്, വേലൂർ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രൻ, കെ.അജിത് കുമാർ, രാജേന്ദ്രൻ അരങ്ങത്ത്, എം.എം.വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കെ.ജി.ശിവാനന്ദൻ, മുൻ മന്ത്രി വി.എസ്.സുനിൽ കുമാർ, കെ.കെ.അനീഷ് കുമാർ ഉൾപ്പടെയുള്ളവർ നേതൃത്വം നൽകി. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് പൊലീസിന് ഒപ്പം നാട്ടുകാരും അണിചേർന്നു.
ഓടിയെത്തി മന്ത്രിമാർ
മുണ്ടത്തിക്കോട്ടെ നടക്കുന്ന വെടിക്കെട്ട് അപകടം നടന്നയുടനെ മന്ത്രിമാരായ ഡോ.ആർ.ബിന്ദു, കെ.രാജൻ എന്നിവരും മന്ത്രിമാരായ വി.എൻ.വാസവൻ, മുഹമ്മദ് റിയാസ്, പി.രാജീവ്, കെ.കൃഷ്ണൻകുട്ടി, മേയർ നിജി എന്നിവരെത്തി അടിയന്തര നടപടികൾക്ക് നിർദ്ദേശം നൽകി.
വലിയ അപകടങ്ങളിൽ രണ്ടാമത്തേത്
തൃശൂർ : പൂത്തോടനുബന്ധിച്ച് ഉണ്ടാകുന്ന നാലാമത്തെ വെടിക്കെട്ടപകടമാണ് ഇന്നലെ മുണ്ടത്തിക്കോട് കുട്ടംകുളം പാടശേഖരത്തിൽ ഉണ്ടായത്. തൃശൂർ പൂരം അപകടങ്ങളിലെ ഏറ്റവും ഉയർന്ന മരണ സംഖ്യയും ഈ അപകടത്തിലാണ്. 1978ലെ അപകടമാണ് ആദ്യത്തേത്. പൂരം പ്രധാന വെടിക്കെട്ടിനിടെ കുഴിയമിട്ട് ലക്ഷ്യം തെറ്റി കാഴ്ചക്കാർക്കിടയിലേക്ക് തെറിച്ചുണ്ടായ അപകടത്തിൽ എട്ടുപേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 2004ൽ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ലൈസൻസി കുണ്ടന്നൂർ സുന്ദരനും വെടിക്കെട്ട് അപകടത്തിൽ മരണമടഞ്ഞു. 2006 മേയ് നാലിന് പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ച പാടൂക്കാട് ആനപ്പറമ്പിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ മരിച്ചിരുന്നു.
മറ്റ് വെടിക്കെട്ട് അപകടങ്ങളിൽ മരിച്ചവർ
– 1984 കണ്ടശാങ്കടവ് പള്ളിപ്പെരുന്നാളിലുണ്ടായ വെടിക്കെട്ടപകടം : മരണം 20
– 1987 വേലൂരിൽ വെള്ളാറ്റഞ്ഞൂർ കൂട്ടന്മൂലിക്ഷേത്രത്തിലെ അപകടം : മരണം 20
– 1989 കണ്ടശാങ്കടവ് പള്ളിയിൽ വെടിക്കെട്ടപകടം : മരണം 12
–1997 ചിയ്യാരം പടക്കനിർമാണശാലയിൽ പൊട്ടിത്തെറി : മരണം ആറ്
–1998 ഫെബ്രുവരി കുന്നംകുളം അരുവായ് പാടത്തുണ്ടായ വെടിക്കെട്ടപകടത്തിൽ 5 മരണം
അനുശോചിച്ച് സി.പി.എം
തൃശൂർ : വടക്കാഞ്ചേരിക്കടുത്ത് മുണ്ടത്തിക്കോട് തൃശൂർ പൂരം തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് നിർമ്മാണ ശാലയ്ക്ക് തീപിടിച്ചുണ്ടായ ദുരന്തത്തിൽ സി.പി.എം ജില്ലാ കമ്മിറ്റി നടുക്കവും ദുഃഖവും രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റവരുടെ ചികിത്സയ്ക്ക് സർക്കാർ അടിയന്തര ഇടപെടലും ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. തൃശൂർ പൂരത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോൾ ഉണ്ടായ ദുരന്തം മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ദുരന്തങ്ങൾ ഒഴിവാക്കുന്നതിന് ശാസ്ത്രീയവും ഫലപ്രദവും യുക്തിസഹവുമായ നടപടികൾ ഉണ്ടാകണം. ദുരന്തത്തിനിരയായ കുടുംബങ്ങളെ സഹായിക്കാൻ അതത് പ്രദേശത്തെ പാർടി ഘടകങ്ങൾ രംഗത്തിറങ്ങണമെന്നും ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾഖാദർ അഭ്യർത്ഥിച്ചു.
അനുശോചിച്ച് ബി.ജെ.പിയും
ഡി.സി.സിയും
തൃശൂർ : മുണ്ടത്തിക്കോട് പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനവാർത്ത അതീവദുഃഖം ഉണ്ടാക്കുന്നതാണെന്ന് ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്. ഉപജീവനത്തിനായി പണിയെടുക്കുന്ന സാധാരണക്കാരായ മനുഷ്യർക്ക് മേൽ ഇത്തരമൊരു ദുരന്തം വന്നുപതിച്ചു എന്നത് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൃദയഭേദകമായ ദുരന്തംതൃശൂർ പൂരത്തിന്റെ വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ അപകടത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു. ഹൃദയഭേദകമായ ദുരന്തമാണ് ഉണ്ടായത്. വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുകയും അതോടൊപ്പം തന്നെ നിരവധി പേർ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലുമാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ് പറഞ്ഞു.
'ജോലി ചെയ്യുന്ന സമയം മുഴുവന് കനത്ത ചൂടായിരുന്നു. ചൂടുകൊണ്ടാകാം പൊട്ടിത്തെറിയുണ്ടായത്. തിരി മറിച്ചിടുന്ന ജോലിയായിരുന്നു ചെയ്തുകൊണ്ടിരുന്നത്. പെട്ടെന്ന് അഞ്ച് മീറ്റര് അകലെ കനത്ത ശബ്ദത്തില് പൊട്ടിത്തെറിയുണ്ടായി. തിരിഞ്ഞ് നോക്കുമ്പോഴേക്കും തിരിയെല്ലാം കത്തി. ഉടന് കയ്യിലുണ്ടായിരുന്ന കരിമരുന്നുകളും തിരിയും താഴെയിട്ട് ഓടി. അതിനിടെ ഷെഡുകള് ഓരോന്നായി പൊട്ടിത്തുടങ്ങി. എവിടെയും നില്ക്കാതെ ഓടുകയായിരുന്നു.
വിൻസെന്റ്
ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ
പരിക്കേറ്റവർക്ക് എല്ലാ സഹായങ്ങളും സംവിധാനങ്ങളും സജ്ജമാണ്. ചികിത്സയ്ക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടർമാരെ ആരോഗ്യവകുപ്പ് നിയോഗിച്ചിട്ടുണ്ട്. സമീപത്തെ നാശനഷ്ടങ്ങൾ പരിശോധിക്കും. ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്കുണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നു.
-കെ.രാജൻ, മന്ത്രി
പടക്ക നിർമ്മാണ ശാലയിലെ അപകടം വേദനാജനകമാണ്. എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയ സംഭവത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നു.
- മാർ ആൻഡ്രൂസ് താഴത്ത്,
തൃശൂർ അതിരൂപത മെത്രാപ്പോലീത്ത
വെടിക്കെട്ട് ദുരന്തം അത്യന്തം വേദനാജനകമാണ്. മരിച്ചവരുടെ കുടുംബങ്ങളോട് ഹൃദയഭരിതമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
-രാമചന്ദ്രൻ കടന്നപ്പള്ളി, മന്ത്രി
തൃശൂർ പൂരം തിരുവമ്പാടി വിഭാഗം സാമ്പിൾ വെടിക്കെട്ട്, പ്രധാന വെടിക്കെട്ട്, പാവറട്ടി പള്ളി തിരുനാളിനുള്ള വെടിക്കെട്ട് എന്നിവയ്ക്കുള്ള സാമഗ്രികൾ ഇവിടെ ഒരുക്കിയിരുന്നു. ദുരന്തം അത്യന്തം വേദനാജനകമാണ്. ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ ഉണ്ടാകണം.
-വി.എസ്.സുനിൽകുമാർ.
സ്ഫോടനം നടക്കമ്പോൾ 35 തൊഴിലാളികൾ ശാലയിൽ ഉണ്ടായിരുന്നതായാണ് വിവരം. രക്ഷാപ്രവർത്തനത്തിൽ കോർപറേഷൻ സജീവമായി പങ്കെടുത്തു. രാത്രിയിലും തുടരുന്ന പ്രവർത്തനങ്ങൾക്ക് വെള്ളം, വെളിച്ചം, ഭക്ഷണം കോർപറേഷൻ നൽകി. 56 മെഡിക്കൽ ടീം രൂപീകരിച്ചിട്ടുണ്ട്.
- ഡോ. നിജി ജസ്റ്റിൻ,
കോർപറേഷൻ മേയർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |