
തോപ്പുംപടി: കൊച്ചിയിലെ മാർക്കറ്റുകളിൽ മീനിനും ഇറച്ചിക്കും പൊന്നും വില. ഒരു കിലോ കരിമീൻ 900, തിരണ്ടി 550, സിലോപ്പിയ 350, ചെമ്മീൻ വിവിധ തരത്തിലുള്ളത് 300 മുതൽ 500 രൂപ വരെയാണ് വില. സാധാരണക്കാരന്റെ തീൻ മേശയിലെ ഇഷ്ട വിഭവമായ ചാളയ്ക്ക് 300 രൂപയാണ്. അയല 400. സാധാരണക്കാരന് മാർക്കറ്റിൽ പോയി മീൻ വാങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.
ഇതേ അവസ്ഥയാണ് ഇറച്ചിക്കും. റോക്കറ്റ് പോലെയാണ് ഇറച്ചിവില കുതിക്കുന്നത്. 800 രൂപ ഉണ്ടായിരുന്ന മട്ടന് വില ആയിരം തൊട്ടു. 400 രൂപ ഉണ്ടായിരുന്ന ഒരു താറാവിന് 500 ആയി. 360 ഉണ്ടായിരുന്ന ബീഫ് 440 ആയി. ചിക്കൻ വിലയാകട്ടെ കൂടിയും കുറഞ്ഞുമിരിക്കുന്നു. ശനി, ഞായർ ദിവസങ്ങളിൽ ചിക്കന്റെ വില 175 വരെ എത്തും.
മാർക്കറ്റുകളിൽ ഹാർബറുകളിൽ നിന്നുള്ള മീൻ വരവ് നിലച്ചതാണ് വില കുതിച്ച് കയറാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. കൊച്ചി തോപ്പുംപടി ഹാർബറിലെ നിലവിലെ ജോലികൾ തീരാത്തതിനാൽ പല ബോട്ടുകളും മറ്റ് ഹാർബറുകൾ പിടിക്കുന്നതും കൊച്ചിയിലെ മീൻ ക്ഷാമത്തിന് കാരണമായി. ജൂൺ എത്തുന്നതോടെ സംസ്ഥാനത്തെ മീൻ ക്ഷാമത്തിന് അറുതിയാകുമെന്നാണ് പ്രതീക്ഷ. അതിനിടെ 52 ദിവസത്തെ ട്രോളിംഗ് നിരോധനം കൂനിന്മേൽ കുരു ആകുമെന്നും മത്സ്യവ്യാപാര രംഗത്തുള്ളവർ പറയുന്നു.
ചൂട് കൂടിയതോടെയാണ് മത്സ്യലഭ്യതയിൽ കുറവ് വന്നത്. കേരള കടൽത്തീരത്ത് ചൂട് വർദ്ധിച്ചതോടെ മീൻ കൂട്ടങ്ങൾ വ്യാപകമായി അന്യസംസ്ഥാന തീരങ്ങളിലേക്ക് നീങ്ങി.
ജോസഫ് സേവ്യർ കളപ്പുരക്കൽ,
സംസ്ഥാന ബോട്ട്
ഓണേഴ്സ് അസോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |