കൊച്ചി: കൊച്ചി നഗരത്തിൽ രാസലഹരി മൊത്ത ഇടപാടുകാരനായ തൊടുപുഴ സ്വദേശി കെവിൻ മാത്യുവിന്റെ സംഘത്തിലെ ഒരാൾ കൂടി ഇന്നലെ സിറ്റി പൊലീസിന്റെ പിടിയിലായി. പള്ളുരുത്തി ചിറക്കൽ പാലത്തിന് സമീപം അഷ്ന മൻസിലിൽ പി.എം. ഷമീറാണ് (50) 11.68 ഗ്രാം എം.ഡി.എം.എയുമായി ചേരാനല്ലൂരിൽ വച്ച് കുടുങ്ങിയത്. വൈറ്റിലയിൽ മരട് പൊലീസ് നടത്തിയ പരിശോധനയിൽ 4.04 ഗ്രാം എം.ഡി.എം.എയുമായി മരട് തോമാസ്പുരം കൊല്ലംപറമ്പിൽ റിജോയ് ബെക്സിൻ ഫ്രാൻസിസും (23) അറസ്റ്റിലായി.
ഷമീർ തോപ്പുംപടി, തൃക്കാക്കര, മരട് സ്റ്റേഷനുകളിലെയും എറണാകുളം എക്സൈസ് റേഞ്ചിലെയും മയക്കുമരുന്ന് കേസിലെ പ്രതിയാണ്. കെവിൻ ബി. മാത്യുവാണ് ഇയാൾക്ക് മയക്കുമരുന്ന് നൽകിയത്. ഇടപ്പള്ളി വി.എ.ഐ പടിയിൽ ഇയാൾ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ജി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ കൊച്ചി സിറ്റി ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
കടവന്ത്രയിലെ ആഡംബര ഹോട്ടലിൽ മാർച്ച് 28ന് അറസ്റ്റിലായ യുവതികളുൾപ്പെട്ട എട്ടംഗ സംഘത്തിന്റെ തലവനായിരുന്നു തൃക്കാക്കര ചെമ്പുമുക്ക് കെ.കെ. റോഡ് റോസ് ലാൻഡിൽ കെവിൻ ബി. മാത്യു (42). ഒരു ലക്ഷം രൂപയും 93.51 ഗ്രാം എക്സറ്റസി ഗുളികകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ദന്തൽ ഡോക്ടറും അഭിഭാഷകനും ഫിസിയോ തെറാപ്പിസ്റ്റും ഏവിയേഷൻ വിദ്യാർത്ഥിയും ഉൾപ്പെട്ടതായിരുന്നു അറസ്റ്റിലായ സംഘം. തുടർന്നാണ് തൊടുപുഴ സ്വദേശിയായ കെവിൻ ബി. മാത്യുവിനെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |