കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ ബിരുദാനന്തര കോഴ്സുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കെ, വ്യാജ വാർത്തകൾ ചമച്ച് സർവകലാശാലയെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് - ബി.ജെ.പി സർവീസ് സംഘടനകൾ ശ്രമിക്കുന്നതായി സാൻസ്‌ക്രിറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയൻ ആരോപിച്ചു. ഈ നീക്കങ്ങൾക്ക് താത്കാലിക വൈസ് ചാൻസലറുടെ പിന്തുണയുണ്ടെന്നും നേതാക്കൾ പറഞ്ഞു.
എ.വി. ശങ്കരൻ രചിച്ച ചട്ടമ്പിസ്വാമികളുടെ ജീവചരിത്രമായ 'തീർത്ഥപാദ പുരാണം" 11 വാല്യങ്ങളായി പ്രസിദ്ധീകരിക്കാൻ സർവകലാശാല നേരത്തെ തീരുമാനിച്ചിരുന്നു. പബ്ലിക്കേഷൻ ഓഫീസറുടെ ചുമതലയുണ്ടായിരുന്ന സീനിയർ പ്രൊഫസർ ഡോ. ലിസി മാത്യു നാല് വാല്യങ്ങൾ പ്രസിദ്ധീകരിക്കുകയും ബാക്കിയുള്ളവയുടെ മിനുക്കുപണികൾ നടത്തുകയും ചെയ്യവെയാണ് അവരെ മാറ്റിയത്. തുടർന്ന് യോഗ്യതയില്ലാത്ത പി.ആർ.ഒയ്ക്ക് പബ്ലിക്കേഷൻ ഓഫീസറുടെ ചുമതല നൽകി.
ഏപ്രിൽ 19ന് പന്മന ആശ്രമത്തിൽ വച്ച് പുസ്തകം പ്രകാശനം ചെയ്യാൻ സർവകലാശാല ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ല. എന്നാൽ അച്ചടി പൂർത്തിയായ നാല് വാല്യങ്ങൾ ധൃതിയിൽ പ്രകാശനം ചെയ്യാൻ എത്തിച്ചത് പി.ആർ.ഒയും വി.സിയുടെ ഓഫീസുമാണ്. ഇതിനുപിന്നാലെ വന്ന 'വ്യാജ പ്രകാശനം" എന്ന വാർത്തയ്ക്ക് പിന്നിൽ ഇവരാണെന്നിരിക്കെ, അന്വേഷണ ചുമതല പി.ആർ.ഒയ്ക്ക് തന്നെ നൽകിയത് മുൻ പബ്ലിക്കേഷൻ ഓഫീസറെ കുറ്റക്കാരിയാക്കാനാണെന്നും യൂണിയൻ ആരോപിച്ചു.
യൂണിയൻ പ്രസിഡന്റ് മംഗൽദാസ് ബി, സെക്രട്ടറി ഒ. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |