ആറ്റിങ്ങൽ: ആറ്രിങ്ങൽ ബസ്‌സ്റ്റാൻഡിൽ പൊലീസ് എയിഡ് പോസ്റ്റ് വേണമെന്ന ആവശ്യം ഉയർന്നിട്ട് വർഷങ്ങളായി. അദ്ധ്യയനവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ഇനിയും എയ്ഡ് പോസ്റ്റ് സ്ഥാപിക്കാത്തത് ആശങ്ക ഉയർത്തുന്നു. സ്റ്റാൻഡിലെത്തുന്ന വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും സുരക്ഷയൊരുക്കാനാണ് എയ്ഡ് പോസ്റ്റ് വേണമെന്ന ആവശ്യം ഉയർന്നത്. പലപ്പോഴും വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടുന്നതും കൂട്ട അടിയും ഇവിടെ പതിവാണ്. വിവരമറിഞ്ഞ് ആറ്റിങ്ങലിലെ ട്രാഫികും കഴിഞ്ഞ് പൊലീസ് വാഹനം ഇങ്ങെത്തുമ്പോഴേക്കും അക്രമിസംഘങ്ങൾ സ്ഥലം വിട്ടിരിക്കും. ആക്രമണങ്ങളിൽ പരിക്കുപറ്റിയ വിദ്യാർത്ഥികളെ പലപ്പോഴും പരിസരത്തെ കടക്കാരാണ് ആശുപത്രിയിലെത്തിക്കുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വില്പനക്കാരും സ്റ്റാൻഡിൽ എത്താറുണ്ടെന്നും യാത്രക്കാർ പറയുന്നു. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ സ്റ്റാൻഡിൽ സ്ഥിരം പൊലീസ് സംവിധാനവും സിസി.ടിവി ക്യാമറയും ആവശ്യത്തിന് ലൈറ്റുകളും ഒരുക്കണമെന്നാണ് പൊതുവായ ആവശ്യം.
സ്വകാര്യ ബസുകൾ സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്നതിലും അമിത വേഗത നിയന്ത്രിക്കുന്നതിനും സമയക്രമത്തെ ചൊല്ലി ജീവനക്കാരുടെ കൈയ്യാങ്കളികൾ ഒഴിവാക്കാനും പൊലീസിന്റെ സേവനം അനിവാര്യമാണ്.
നഗരസഭയുടെ അനുമതി തേടി
ബസ്‌സ്റ്റാൻഡിൽ അക്രമസംഭവങ്ങൾ കൂടി വന്നതോടെ ആറ്റിങ്ങൽ പൊലീസ് എസ്.എച്ച്.ഒ ആറ്റിങ്ങൽ ബസ് സ്റ്റാൻഡിൽ എയ്ഡ് പോസ്റ്റ് തുടങ്ങുന്നതിന് ഒരു വർഷം മുമ്പ് നഗരസഭയുടെ അനുമതി തേടിയിരുന്നു. സ്റ്റാൻഡിനുള്ളിലെ കെട്ടിടത്തിലോ പുറത്തോ എയ്ഡ് പോസ്റ്റ് തുടങ്ങാമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും തുടർനടപടികളില്ല. രാവിലെ മുതൽ വൈകിട്ടുവരെ പൊലീസിന്റെ സാന്നിദ്ധ്യവും ഇവിടെ ഉണ്ടാകുന്ന തരത്തിലാണ് പദ്ധതി. നിലവിൽ ചില സമയങ്ങളിൽ പിങ്ക് പൊലീസിന്റെ സാന്നിദ്ധ്യം സ്റ്റാൻഡ് പരിസരത്ത് ഉണ്ടെങ്കിലും കാര്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |