ജില്ലയിൽ ഓറഞ്ച് അലർട്ട്
കൊല്ലം: ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥ വകുപ്പ്. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തുകയും സാധാരണ താപനിലയെക്കാൾ 4 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
നാളെയും മറ്റന്നാളും 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം. മലയോര മേഖലകളിലൊഴികെ ചൂടിനൊപ്പം ഈർപ്പമുള്ള വായുവുമുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
അന്തരീക്ഷതാപം ക്രമാതീതമായി ഉയർന്നിരിക്കുന്നതിനാൽ സൂര്യാതപമേറ്റുളള പൊളളൽ ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്. പുനലൂർ ഭാഗത്താണ് കൂടുതൽപേർക്ക് സൂര്യാതപം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പുനലൂർ താലൂക്ക് ആശുപത്രിയിൽ മാർച്ചിൽ ഒരാളും ഈ മാസം ഇതുവരെ നാല് പേരും സൂര്യാതപമേറ്റ് ചികിത്സതേടി. ഈ മാസം ആദ്യം വീടിന് സമീപത്തെ ഗ്രൗണ്ടിൽ കളിക്കാൻ പോയ 13 കാരനും കഴിഞ്ഞ 16 ന് ജോലിക്കിടെ കൊല്ലം ട്രാഫിക് പൊലീസ് സ്റ്റേഷൻ സി.പി.ഒയ്ക്കും കൊല്ലം നഗരപരിധിയിൽ പൊള്ളലേറ്റിരുന്നു. പുനലൂരിൽ ജോലിക്കിടെ, കുണ്ടറ സ്വദേശിയായ കെ.എസ്.ഇ.ബി ലൈൻമാന് സൂര്യാതപമേറ്രതും അടുത്തിടെയാണ്.
സൂര്യാതപം
സൂര്യാഘാതത്തെക്കാൾകാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം. കൂടുതൽ സമയം വെയിലത്ത് ജോലിചെയ്യുന്നവരിൽ നേരിയ വെയിൽ ഏൽക്കുന്ന ശരീര ഭാഗങ്ങൾ ചുവന്നു തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാവുകയും ചെയ്യാം. ഇങ്ങനെയുള്ളവർ ഉടൻ ചികിത്സ തേടേണ്ടതാണ്. പൊള്ളലേൽക്കുന്ന ഭാഗത്തുണ്ടാകുന്ന കുമിളകൾ പൊട്ടിക്കരുത്. ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛർദ്ദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറഞ്ഞ് കടും മഞ്ഞ നിറം ആവുക, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ
സൂര്യാഘാത ലക്ഷണങ്ങൾ
വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്നു ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, ഓക്കാനം, ചെറിയ തലകറക്കം, സാധാരണയിലധികമായി വിയർക്കുക.
ഉഷ്ണതരംഗ മുന്നറിയിപ്പിനെ അതീവ ഗൗരവത്തോടെ കാണണം. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കും ജീവഹാനിക്കും വരെ കാരണമായേക്കാമെന്ന നിലയിലാണ് താപനിലയിലെ വർദ്ധന. സുരക്ഷാമുൻകരുതലുകൾ കർശനമായി പാലിക്കണം
എൻ.ദേവീദാസ് , കളക്ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |