കോഴിക്കോട്: രോഗികൾ കൂടുമ്പോഴും ഡോക്ടർമാരില്ലാതെ മെഡി.കോളേജിന് ശ്വാസം മുട്ടുന്നു. പല ഡിപ്പാർട്ട്മെന്റിലും ഡോക്ടർമാരില്ലാത്തതിനാൽ ചികിത്സയ്ക്കെത്തുന്ന രോഗികൾ വലയുകയാണ്. അത്യാഹിത വിഭാഗത്തിൽ രാത്രി എട്ട് കഴിഞ്ഞാൽ രണ്ടോ മൂന്നോ ഡോക്ടർമാർ മാത്രമാണ് ഡ്യൂട്ടിയിലുണ്ടാകുക. പല ഡിപ്പാർട്ട്മെന്റുകളിലും അസി.പ്രൊഫസർ, അസോസിയേറ്റ് പ്രൊഫ, സീനിയർ റസിഡന്റ് ഡോക്ടർ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതും പുതിയ തസ്തികകൾ സൃഷ്ടിക്കാത്തതുമാണ് ആശുപത്രിയുടെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കുന്നത്. 50ലധികം തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നുണ്ട്. ഒപിയിൽ മാത്രം ഒരു ദിവസം 3000 രോഗികളെത്തുന്നുണ്ട്. അത്യാഹിത വിഭാഗത്തിലാകട്ടെ 1000ത്തിലധികവും. എന്നാൽ ഇത്രയും പേരെ ചികിത്സിക്കാനുള്ള ഡോക്ടർമാർ ഇവിടെയില്ല. ഡോക്ടർമാരുടെ പെട്ടെന്നുള്ള സ്ഥലംമാറ്റവും പ്രതിസന്ധി ഇരട്ടിയാക്കുന്നു.
ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ നികത്താത്തതിനാൽ പിജി ഡോക്ടർമാരും ഹൗസ് സർജൻമാരും കൂടുതൽ സമയം ജോലി ചെയ്യേണ്ട അവസ്ഥയിലാണ്. 250 പിജി ഡോക്ടർമാരും ഹൗസ് സർജൻമാരുമാണ് മെഡികോളേജിലുള്ളത്. കോളജിന്റെ പ്രവർത്തനത്തെ മുന്നോട്ടുകൊണ്ടുപോകുന്നത് ഇവരാണ്. വാർഡുകളിലും ഐ.സി.യുകളിലും രോഗികളെ പരിചരിക്കുന്നതും വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതും പി.ജി ഡോക്ടർമാരാണ്.
ജോലി ഭാരം കൂടിയതോടെ പലപ്പോഴും ഒരു ദിവസത്തിൽ കൂടുതൽ ഡ്യൂട്ടിയെടുക്കേണ്ടി വരുന്നെന്ന് ഡോക്ടർമാർ പറയുന്നു. ഒരു മെഡിക്കൽ ഓഫീസർ, സീനിയർ റസിഡന്റ് ഡോക്ടർ, പി.ജി ഡോക്ടർമാർ, ഹൗസ് സർജൻമാർ എന്നിവർ അത്യാഹിത വിഭാഗത്തിൽ വേണമെന്നാണ് നിബന്ധന. എന്നാൽ ചില ഡിപ്പാർട്ട്മെൻറുകളിൽ ഏതാനും പി.ജിക്കാരും ഹൗസ് സർജന്മാരും മാത്രമേ ഉണ്ടാകാറുള്ളു. പലപ്പോഴും രാത്രി 2 കഴിഞ്ഞാൽ ഹൗസ് സർജൻമാർ മാത്രമാണിവിടെയുണ്ടാകാറുള്ളത്.
വേണം, കൂടുതൽ ഡോക്ടർമാർ
മെഡിസിൻ വിഭാഗത്തിൽ മാത്രം നാല് അസി. പ്രഫസർമാരുടെ ഒഴിവുണ്ട്. 10 സീനിയർ റെസിഡന്റുമാർ വേണ്ടയിടത്ത് 3 പേർ മാത്രം.അനാട്ടമി, ബയോകെമിസ്ട്രി, ഫിസിയോളജി, മെെക്രോബയോളജി വിഭാഗങ്ങളിൽ സീനിയർ റെസിഡന്റുമാരില്ല. ഫോറൻസിക് വിഭാഗത്തിലാകട്ടെ അസി.പ്രൊഫ, അസോസിയേറ്റ് പ്രൊഫ.തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു. സർജറി, പീഡിയാട്രിക്, ഓർത്തോ വിഭാഗങ്ങളിലും ഇതുതന്നെ അവസ്ഥ. ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ നികത്തണമെന്നും ആവശ്യത്തിന് പുതിയ തസ്തികകൾ സൃഷ്ടിക്കണമെന്നും ആവശ്യപ്പെട്ട് ഒട്ടേറെ തവണ പരാതികൾ ആരോഗ്യവകുപ്പിലേക്ക് അറിയിച്ചിട്ടുണ്ടെന്നും നടപടിയൊന്നുമുണ്ടായിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
ഡോക്ടർമാരുടെ ഒഴിവുള്ള തസ്തികകൾ നികത്തിക്കൊണ്ടിരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.തിരഞ്ഞെടുപ്പ് സമയമായിരുന്നതിനാൽ അല്പം വൈകിയിരുന്നു.
-കെ ജി സജിത്ത് കുമാർ
പ്രിൻസിപ്പൽ
'' ഡോക്ടർമാരുടെ കുറവ് മൂലം പലപ്പോഴും കൂടുതൽ സമയം ജോലിയെടുക്കേണ്ടി വരികയാണ്. വിഷയം ആരോഗ്യവകുപ്പിനെ അറിയിക്കുകയും വേണ്ട നടപടികൾ എടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ നടപടിയുണ്ടായിട്ടില്ല''
- ഡോ.അർജുൻ
കെ.എം.പി.ജി.എ
കോഴിക്കോട് ചാപ്റ്റർ പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |