SignIn
Kerala Kaumudi Online
Saturday, 25 April 2026 8.35 AM IST

മാറ്റത്തിന്റെ കാറ്റോ മലർപ്പൊടിക്കാരന്റെ സ്വപ്നമോ

Increase Font Size Decrease Font Size Print Page
a

'പന്തളത്തു ചെന്നു കാതു പറിക്കാൻ ഇവിടുന്നേ ആട്ടിയാട്ടി പോണോ' എന്നൊരു ചൊല്ലുണ്ട്. കേരളത്തിലെ ചില കോൺഗ്രസ് നേതാക്കളും അവർക്ക് വേണ്ടി സ്തുതിപാടി ഗഞ്ചിറ അടിക്കുന്ന ശിങ്കിടികളും കാട്ടിക്കൂട്ടുന്ന ഓരോ വിക്രിയകൾ കാണുമ്പോൾ ഈ പഴഞ്ചൊല്ലാണ് ഓർക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു, അതിന്റെ ഫലം പുറത്തുവരാൻ ഇനിയുമുണ്ട് ദിവസങ്ങൾ. നൂറ് കിട്ടുമെന്നും തരംഗം ചുറ്റിയടിക്കുമെന്നും മൊത്തത്തിൽ വാരിക്കൂട്ടുമെന്നുമൊക്കെ ഊറ്റം കൊണ്ടാണ് കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ച പുരോഗമിക്കുന്നത്. കയ്യിലിരിപ്പ് അത്ര മെച്ചമായിരുന്നില്ലെന്ന് സ്വയം ബോദ്ധ്യപ്പെട്ടിട്ടോ അതോ മറ്റാരെങ്കിലും ബോദ്ധ്യപ്പെടുത്തിയിട്ടോ എന്തോ ഇടതുപക്ഷം ഏതായാലും മന്ത്രിസഭാ രൂപീകരണത്തിലേക്കോ മുഖ്യമന്ത്രി ചർച്ചയിലേക്കോ കടന്നിട്ടില്ലെന്നത് ആശ്വാസം. പരമാവധി രണ്ടോ മൂന്നോ തലയെണ്ണത്തിൽ ഒതുങ്ങുമെന്ന മിനിമം വിശ്വാസം മാത്രമുള്ളതിനാൽ ബി.ജെ.പിയും എൻ.ഡി.എയും തങ്ങളീ നാട്ടുകാരേ അല്ലെന്ന മട്ടിൽ നിസംഗത പാലിക്കുകയുമാണ്.

ദേശീയ പ്രസ്ഥാനമെന്ന ഖ്യാതിയുള്ള കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ പരിതപിക്കുകയാണ് പഴയതലമുറയിൽപ്പെട്ട ആൾക്കാർ. എത്രയോ തിരഞ്ഞെടുപ്പുകൾ വന്നു, എത്രയോ മഹാരഥന്മാരായ നേതാക്കൾ മത്സരിക്കുകയും വിജയിക്കുകയും മന്ത്രിപദവിയിലെത്തുകയും ചെയ്തിട്ടുണ്ട്. പക്ഷെ അന്നൊന്നും തിരഞ്ഞെടുപ്പ് ഫലം വരുംമുമ്പെ ഏതെങ്കിലും പദവി ലക്ഷ്യമിട്ട് ഇങ്ങനെ മുന്നൊരുക്കം നടത്തിയ ചരിത്രം കേട്ടിട്ടേയില്ല. സ്വന്തം വ്യക്തിപ്രഭാവത്താലും രാഷ്ട്രീയ രംഗത്ത് നടത്തിയ പ്രവർത്തനങ്ങളിലെ ഔന്നത്യം കൊണ്ടും ജനമനസിൽ മുഖ്യമന്ത്രി എന്ന തോന്നൽ ഉണർത്തിയ നേതാക്കൾ മുമ്പ് ഉണ്ടായിരുന്നു എന്നത് വിസ്മരിക്കുന്നില്ല, എന്നാൽ കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചൂടു പായസം കോരിക്കുംപോലെ, കിങ്കരന്മാരെ ഉപയോഗിച്ച് അപദാനങ്ങൾ ഉയർത്താനും കേമത്തങ്ങൾ നിരത്താനും മുൻനിര നേതാക്കൾ തന്നെ ഉത്സാഹിക്കുന്ന കാഴ്ച കേരളത്തിൽ ഇതാദ്യമാണ്.

'താനൊന്നുമറിഞ്ഞില്ലേ രാമനാരായണ ' എന്ന മട്ടിൽ സാത്വിക, പരിത്യാഗ മുഖം മൂടി ധരിച്ച് പൊതു മദ്ധ്യത്തിൽ ഇളിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുകയും പിന്നാമ്പുറത്തിരുന്ന് തിരക്കഥ തയ്യാറാക്കുകയും ചെയ്യുന്ന പുതിയ 'രാഷ്ട്രീയ അടവ് നയ'ത്തിന്റെ വേദിയാവുകയാണ് കേരളം.

സംസ്ഥാനത്ത് ആദ്യമായി ഒരു സർക്കാരിന് ജനങ്ങൾ ഭരണതുടർച്ച നൽകിയത് , തുടർ പ്രതിസന്ധികളിലും ദുരന്തമുഖങ്ങളിലും പതറാതെ ജനങ്ങളെ ചേർത്തു പിടിച്ചു മുന്നോട്ടു കൊണ്ടുപോയ നിശ്ചയദാർഢ്യത്തിന് നൽകിയ അംഗീകാരമായിരുന്നു. പക്ഷെ തുടർച്ച കിട്ടിയതോടെ ഭരണകർത്താക്കളുടെ പല നടപടികളും പലപ്പോഴും അരോചകമായി മാറി.എത്രയോ നല്ല കാര്യങ്ങൾ ചെയ്തിട്ടും കൊച്ചു കൊച്ചു വീഴ്ചകളിലൂടെ നന്മയുടെ പകിട്ടു കളയുന്ന കാഴ്ചയാണ് പലപ്പോഴും മുന്നിലുണ്ടായത്. തിരുത്തൽ ശക്തിയാവാൻ ആരുമൊട്ടുണ്ടായുമില്ല. ഈ അസംതൃപ്തിയിൽ തങ്ങളുടെ വിത്ത് മുളപ്പിച്ച് വിളവെടുപ്പ് നടത്താമെന്ന് കോൺഗ്രസും യു.ഡി.എഫും കരുതിയെങ്കിൽ അതൊരു അതിമോഹമല്ലായിരുന്നു താനും. ശരിയുടെ അവസാന വാക്ക് തങ്ങളെന്ന മട്ടിൽ എൽ.ഡി.എഫ് തുടർന്നത്, മറുപക്ഷത്തിനുള്ള വളക്കൂറുമായി. കേരളത്തിൽ മുമ്പൊരു ഘട്ടത്തിലുമുണ്ടായിട്ടില്ലാത്ത വിധം ഐക്യത്തോടെ ഉപതിരഞ്ഞെടുപ്പുകളെ നേരിട്ട് വിജയം വരിക്കാനായതും ശ്രദ്ധേയമാണ്. ഈ വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിനെയും യു.ഡി.എഫ് നേരിട്ടത്. നൂറ് സീറ്റെന്നും ഭരണമാറ്റമെന്നും യു.ഡി.എഫ് തരംഗമെന്നുമൊക്കെ ആവർത്തിച്ച് പറഞ്ഞു കൊണ്ടേയിരുന്നു. ഒടുവിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ, എന്തിന്റെ അടിസ്ഥാനത്തിലെന്ന് വ്യക്തമല്ലെങ്കിലും അടുത്തത് യു.ഡി.എഫ് ഭരണമെന്ന ഒരു ധാരണ അങ്ങുറപ്പിച്ചു.

ഒരുമയോടെയുള്ള പ്രവർത്തനവും ഈ ആത്മവിശ്വാസവും സാധാരണ ജനങ്ങളിലും എന്തൊക്കെയോ മാറ്റമുണ്ടാവുമെന്നൊരു പ്രതീതിയുമുണ്ടാക്കി. ഇനി വോട്ടെണ്ണൽ കഴിയട്ടെ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ഒരു സുപ്രഭാതത്തിൽ മുഖ്യമന്ത്രി ആര് എന്ന ചർച്ചകൾ പതഞ്ഞുപൊങ്ങിയത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരെ ചുറ്റിപ്പറ്റി പൊന്തിവന്ന ചർച്ച പൊടുന്നനെ അങ്ങ് ഡൽഹിയിലുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിലേക്കുമെത്തി.

പറയുമ്പോൾ എല്ലാം പറയണമല്ലോ, മൂവരും എന്തുകൊണ്ടും മുഖ്യമന്ത്രി പദത്തിന് യോഗ്യർ തന്നെയാണ്. ചെന്നിത്തലയും വേണുഗോപാലും അന്തരിച്ച ലീഡർ കെ.കരുണാകരന്റെ വത്സല ശിഷ്യന്മാരുമാണ്. (വി.ഡി.സതീശന് അത്രത്തോളം വാത്സല്യം അനുഭവിക്കാൻ അവസരം കിട്ടിയില്ല). ഇവർക്ക് പുറമെ യോഗ്യന്മാരായ നേതാക്കളുടെ ഒരു പട തന്നെ പിന്നെയുമുണ്ട്. കോൺഗ്രസിൽ ഇപ്പോൾ അണികൾക്കേ ഉള്ളു അല്പമെങ്കിലും പഞ്ഞം, നേതാക്കൾക്ക് ഒരു ക്ഷാമവുമില്ല. ചില സമയങ്ങളിൽ കെ.പി.സി.സി ആസ്ഥാനത്തേക്കൊന്നു ചെന്നാൽ ,നേതാക്കളുടെ ബാഹുല്യം കാരണം ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിപ്പോവും. ഇതിനിടെ രാഷ്ട്രീയ കുതുകികൾ ഉയർത്തുന്നൊരു ചോദ്യം പ്രസക്തമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ജയിക്കാൻ സാദ്ധ്യത കൽപ്പിക്കുകയും ചെയ്യുന്ന നേതാക്കൾ വേണ്ടുവോളമുള്ളപ്പോൾ, ദേശീയതലത്തിൽ പാർട്ടിയെ ശക്തമായി നയിക്കുന്ന ഒരു നേതാവിനെ കൂടി എന്തിന് ഈ ചർച്ചയിലേക്ക് വലിച്ചിഴയ്ക്കുന്നു എന്ന്. ചോദ്യം ന്യായമെങ്കിലും മുകളിലൊരു ഹൈക്കമാൻഡ് ഉണ്ടെന്ന വസ്തുത ചോദ്യമുന്നയിക്കുന്നവർ മനസിലാക്കണം. മാത്രമല്ല തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പിന്നണിയിൽ നിന്നുകൊണ്ട് എല്ലാ പിന്തുണയും നൽകാൻ സദാ സന്നദ്ധനായി നിന്ന നേതാവുമാണ് സാക്ഷാൽ കെ.സി. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം സാധാരണ പ്രവർത്തകർക്ക് വലിയൊരു ഉത്പ്രേരകവുമായിരുന്നു. അഭിപ്രായങ്ങൾക്ക് വലിയ പ്രാധാന്യം കൽപ്പിക്കുന്ന കോൺഗ്രസ് പോലൊരു ജനാധിപത്യ പാർട്ടിയിൽ ഇത്തരം ചർച്ചകൾ ഉയർന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളു എന്നാണ് ചില നേതാക്കളുടെ പക്ഷം. അതുകൊണ്ടുതന്നെ വാഴ്ത്തിപ്പാട്ടുകൾ തുടരട്ടെ, തിരഞ്ഞെടുപ്പ് ഫലം വരുംവരെയെങ്കിലും.

ഇതുകൂടികേൾക്കണേ

വോട്ടിംഗ് മെഷീനുകളിൽ രേഖപ്പെടുത്തപ്പെട്ട വോട്ടുകൾ ആരെ തുണയ്ക്കുമെന്നതാണ് പ്രധാനം. ഇത്രയൊക്കെ കൊട്ടിഘോഷിച്ച് ചർച്ച നടത്തി, ഫലം വരുമ്പോൾ എതിരാവുകയാണെങ്കിലും ആരും നിരാശപ്പെടരുത്. കാരണം ഇനിയും വരും തിരഞ്ഞെടുപ്പ്. അന്നുമുണ്ടാവും മുഖ്യമന്ത്രി കസേര അവിടെ.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.