SignIn
Kerala Kaumudi Online
Saturday, 25 April 2026 8.36 AM IST

താറുമാറാകുന്ന ജലവിതരണം

Increase Font Size Decrease Font Size Print Page

a

അടിക്കടി ഉണ്ടാകുന്ന പൈപ്പ് പൊട്ടലും ചോർച്ചയും തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള വിതരണം പലയിടത്തും താറുമാറാക്കിയിരിക്കുകയാണ്. ജല അതോറിട്ടി അധികൃതരുടെ കെടുകാര്യസ്ഥത കാരണം ആഴ്ചകളും മാസങ്ങളും കഴിഞ്ഞാലും പ്രശ്നപരിഹാരമുണ്ടാകാത്തത് സംഘർഷങ്ങൾക്കും ഇടയാക്കുന്നു. ഇലക്‌ഷൻ കഴിഞ്ഞ ഇടവേളയായതിനാൽ ജലസേചന വകുപ്പിലെ ഉന്നതർ ഇതൊന്നും ശ്രദ്ധിക്കാൻ വലിയ താത്‌പര്യം കാണിക്കുന്നുമില്ല.

തിരുവനന്തപുരം താലൂക്ക് ഓഫീസിൽ നൂറുകണക്കിന് റവന്യു ഉദ്യോഗസ്ഥരാണ് ജോലിചെയ്യുന്നത്. ഇതിനുപുറമെ വിവിധ ആവശ്യങ്ങൾക്കായി നിരവധിപേർ ദിനംപ്രതി വന്നുപോകുകയും ചെയ്യുന്നു. ഇവിടെ ജലം മുടങ്ങിയിട്ട് മൂന്ന് മാസമായി. ഒടുവിൽ ജീവനക്കാർ ഒന്നടങ്കം ജോലി ഉപേക്ഷിച്ച് സമരം ചെയ്യേണ്ടിവന്നു ജല അതോറിട്ടി ഉദ്യോഗസ്ഥർ ഇടപെടാൻ. എങ്കിലും പ്രശ്നം പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല. വളരെ കുറഞ്ഞ അളവിലാണ് ഇപ്പോൾ വെള്ളം ലഭിക്കുന്നത്. ആദ്യം മുൻവശത്തെ റോഡിൽ നിന്ന് താലൂക്ക് ഓഫീസിലേക്ക് പുതിയ കണക്ഷൻ നൽകിയെങ്കിലും അതു ശരിയായില്ല. തുടർന്ന് പഴയ കണക്ഷൻ തന്നെ പുതുക്കി നൽകുകയായിരുന്നു. എന്നിട്ടും ടാങ്കിലേക്ക് ഇപ്പോഴും വെള്ളം കയറുന്നില്ല. താലൂക്ക് ഓഫീസിന് സമീപത്ത് എവിടെയോ വലിയ ബ്ളോക്കുകൾ ഉണ്ടായതാകാം കാരണമെന്നാണ് റവന്യു ഉദ്യോഗസ്ഥർ അനുമാനിക്കുന്നത്.

താലൂക്കോഫീസിലെ സ്ഥിതി ഇതാണെങ്കിൽ നഗരത്തിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മറ്റ് സ്ഥലങ്ങളിൽ അടിക്കടി കുടിവെള്ള വിതരണത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെപ്പറ്റി പറയാതിരിക്കുന്നതാണ് ഭേദം. പല വാർഡുകളിലും ദിവസങ്ങളോളമാണ് ഈ അത്യുഗ്ര വേനൽക്കാലത്ത് കുടിവെള്ളം മുടങ്ങുന്നത്. കുടിവെള്ള വിതരണത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് അണ്ടൂർക്കോണം പഞ്ചായത്ത് ഓഫീസിൽ അടിപിടി വരെ നടന്നു. പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ നടന്ന വാക്കേറ്റത്തിലും പരസ്യമായ കൈയ്യാങ്കളിയിലും പരിക്കേറ്റ പഞ്ചായത്ത് പ്രസിഡന്റും മറ്റൊരു വാർഡ് അംഗവും ആശുപത്രിയിൽ ചികിത്സയിലാണ്. വനിതകളാണ് ഇരുവരും. പല സ്ഥലത്തും കുടിവെള്ളം മുടങ്ങുന്നതിന്റെ പ്രധാന കാരണം വേനൽക്കാലത്തെ കടുത്ത ചൂടിൽ റോഡുകൾക്ക് അടിയിലൂടെ പോകുന്ന പൈപ്പുകൾ പൊട്ടി ചോർച്ച ഉണ്ടാകുന്നതാണെന്നാണ് ജല അതോറിട്ടിയുടെ വിശദീകരണം. ഇതിലൂടെ ലിറ്റർ കണക്കിന് വെള്ളം ഭൂമിക്കടിയിലൂടെ ചോർന്നുപോകുന്നു.

നഗരത്തിൽ ഒട്ടേറെ സ്ഥലങ്ങളിൽ ഇത്തരത്തിൽ വെള്ളം നഷ്ടമാകുന്നുണ്ട്. നമ്മുടെ വീട്ടിൽ ഇതുപോലെ പൈപ്പ് പൊട്ടി വെള്ളം ചോർന്നാൽ അതിന്റെ ബില്ലുകൂടി അടയ്ക്കേണ്ടിവരുന്നതിനാൽ വീട്ടുകാർ അത് സ്വന്തം നിലയിൽ പരിഹരിക്കുകയാണ് ചെയ്യുന്നത്. എന്നാൽ പൊതുസ്ഥലത്ത് ഉണ്ടാകുന്ന ചോർച്ചകൾ സമയക്ളിപ്തതയോടെ കാര്യക്ഷമമായി പരിഹരിക്കുന്നതിൽ ജല അതോറിട്ടി പരാജയമായി മാറിയിരിക്കുകയാണ്.കഴിഞ്ഞ ദിവസമാണ് ശ്രീകാര്യത്ത് തട്ടിനകം പാലത്തിന്റെ അടിഭാഗത്ത് 900 എം.എം പ്രധാന പൈപ്പ് ലൈൻ വീണ്ടും പൊട്ടിയത്. ഇതുകാരണം ഇരുപത്തഞ്ചോളം വാർഡുകളിൽ പത്തുദിവസത്തേക്ക് കുടിവെള്ളം മുടങ്ങുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അരുവിക്കരയിൽ നിന്ന് മൺവിളയിലെയും മറ്റും ജലസംഭരണികളിലേക്ക് വെള്ളമെത്തിക്കുന്ന പഴയ കോൺക്രീറ്റ് പൈപ്പ് ലൈനാണിത്.

കഴിഞ്ഞ ആറുമാസത്തിനിടയിൽ അഞ്ചാമത്തെ തവണയാണ് ഇവിടെ പൈപ്പ് പൊട്ടുന്നത്. പൈപ്പ് പൊട്ടുന്നത് നാട്ടുകാർക്ക് ഭീതി സൃഷ്ടിക്കുമെങ്കിലും ബന്ധപ്പെട്ട അധികൃതർക്ക് വലിയ പൈപ്പുകൾ പൊട്ടിയാൽ ടെൻഡറില്ലാതെ കരാർ പണി നൽകാമെന്നതിനാലും ഉടൻതന്നെ പണം കൈമാറണമെന്നതിനാലും നല്ല ചാകരയാണ്. വെള്ളം മുടങ്ങുന്നിടത്ത് കുടിവെള്ളം താത്‌കാലികമായി വിതരണം ചെയ്യുന്നവരും കീശ നിറയ്ക്കുന്നു. പ്രക്ഷോഭവുമായി ജനങ്ങൾ ഒന്നടങ്കം റോഡിലിറങ്ങുന്നതിന് മുൻപ് വളരെ ഉന്നതതലത്തിൽ നഗരത്തിലെ കുടിവെള്ള വിതരണത്തിലെ പ്രശ്നങ്ങൾ വിലയിരുത്തി പരിഹാരത്തിന് കർമ്മപദ്ധതി തയ്യാറാക്കേണ്ടതാണ്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.