മൺറോത്തുരുത്ത്. മൺറോത്തുരുത്തിലെ സ്വകാര്യ ബസുകൾ പാതി വഴിയിൽ സർവീസ് അവസാനിപ്പിക്കുന്നതും ട്രിപ്പ് മുടക്കുന്നതും സംബന്ധിച്ചുള്ള പരാതികൾ അധികൃതർ അവഗണിക്കുന്നുവെന്ന് പരാതി.
കഴിഞ്ഞ ഡിസംബർ 24 ന് പരവൂർ- മൺറോത്തുരുത്ത് റൂട്ടിലോടുന്ന സ്വകാര്യ ബസ്, ഉച്ചയ്ക്ക് രണ്ടരയോടെ ട്രിപ്പ് മുടക്കി ബാങ്ക് ജംഗ്ഷനിൽ 20 ഓളം യാത്രക്കാരെ ഇറക്കി വിട്ടു. ഇവർക്ക് തുടർ യാത്രയ്ക്ക് ട്രെയിൻ കിട്ടാതിരുന്ന സംഭവത്തിൽ നടപടി ആവശ്യപ്പെട്ട്, കല്ലട മേഖലയിലെ മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനയായ 'ദി കോസ്' ആർ.ടി.ഒയ്ക്ക് വിവരാവകാശ നിയമപ്രകാരം പരാതി നൽകിയിരുന്നു. കർശനമായ നടപടി എടുക്കുമെന്നായിരുന്നു നടപടി. ഇക്കാര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ദി കോസ് നൽകിയ ഒന്നാം അപ്പീലിന് കഴിഞ്ഞ ദിവസം കൊല്ലം ആർ.ടി.ഒയുടെ മറുപടി ലഭിച്ചു. ബസ് ഉടമയെയും ഡ്രൈവറെയും വിളിച്ചു വരുത്തി താക്കീത് ചെയ്‌തെന്നും മൺറോത്തുരുത്തിൽ റോഡ് പണി നടക്കുന്നതാണ് തടസമെന്ന് അവർ പറഞ്ഞെന്നും അവരെ നിരീക്ഷിക്കുകയാണെന്നുമായിരുന്നു മറുപടി.
ട്രെയിൻ യാത്രക്കാർ വലയുന്നു
റെയിൽവേ സ്റ്റേഷനിൽ വരാതെ, പകുതിയോളം ബസുകൾ ബാങ്ക് ജംഗ്ഷനിലും കരൂത്തറ കടവിലും വരെ മാത്രം സർവീസ് നടത്തുകയോ ട്രിപ്പ് മുടക്കുകയോ ചെയ്യുന്നത് തെളിവ് സഹിതം ബോദ്ധ്യപ്പെടുത്തുമ്പോഴും അധികൃതർ നിസംഗത കാട്ടുകയാണെന്ന് യാത്രക്കാർ ആരോപിക്കുന്നു. റെയിൽവേ സ്റ്റേഷനിൽ വൈകിട്ട് 6.45 നും 7.30 നുമിടയിൽ മൂന്ന് ട്രെയിനുകളിലായി വരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള നൂറ് കണക്കിന് യാത്രക്കാർ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ട്രെയിനിൽ പോകേണ്ട യാത്രക്കാർ സ്വകാര്യ ബസുകൾ ട്രിപ്പ് അവസാനിപ്പിക്കുന്ന സ്ഥലങ്ങളിൽ നിന്ന് ഓട്ടോറിക്ഷ തേടി വലയുകയാണ്.
രണ്ട് വർഷം മുമ്പ്തന്നെ കിഫ്‌ബി മുഖേനെ മൺറോത്തുരുത്തിലേക്കുള്ള പൊതുമരാമത്ത് റോഡുകളെല്ലാം ആധുനിക രീതിയിൽ പണി തീർത്തിരുന്നു. മോട്ടോർ വാഹനവകുപ്പിന്റെ ഈ നടപടി ഗതാഗത കമ്മിഷണറുടെ ശ്രദ്ധയിൽ കൊണ്ടുവരും. വിവരാവകാശ കമ്മി ഷൻ മുമ്പാകെ രണ്ടാം അപ്പീൽ നൽകും
മംഗലത്ത് ഗോപാലകൃഷ്ണൻ (ദി കോസ് പ്രസിഡന്റ്), ആർ. അശോകൻ (സെക്രട്ടറി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |