SignIn
Kerala Kaumudi Online
Monday, 27 April 2026 4.12 AM IST

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണം കവർന്ന കേസ്: ഗുണ്ടകൾ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
matta

മൂന്ന് പ്രതികളും കാപ്പ ചുമത്തപ്പെട്ടവർ

കൊച്ചി: വാഴക്കാല മരോട്ടിച്ചുവടിൽ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും പണം കവരുകയും ചെയ്ത കേസിൽ ഗുണ്ടകളെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കായംകുളം ഇറുവ സ്വദേശി വിടോബ ഫൈസൽ (32), ആലപ്പുഴ മണ്ണഞ്ചേരി ബെർണാഡ് ജംഗ്ഷന് സമീപം മാട്ട കണ്ണൻ (കണ്ണൻ-33), കാക്കനാട് തെങ്ങോട് സ്വദേശി ലിബിൻ ലാലു (33) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വിടോബ ഫൈസലും മാട്ട കണ്ണനും ആലപ്പുഴ ജില്ലയിലെയും ലിബിൻ ലാലു കൊച്ചി സിറ്റിയിലെയും കാപ്പ പ്രതികളാണ്.

ആലപ്പുഴ കാർത്തികപ്പള്ളി കരിയിലക്കുളങ്ങര സ്വദേശി മുഹമ്മദ് ആഷിഖിനെയാണ് (25) 22ന് രാത്രി കർണാടക രജിസ്ട്രേഷൻ കാറിൽ തട്ടിക്കൊണ്ടുപോയത്. ഫൈസലിന് യുവാവിനോടുള്ള വ്യക്തിവൈരാഗ്യമായിരുന്നു ആക്രമണത്തിന് കാരണം. ഫൈസലിന്റെ സംഘവുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്ന യുവാവ് ഇടക്കാലത്ത് അകലുകയും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു. ഈ വൈരാഗ്യത്തിൽ സംഭവദിവസം രാത്രി അനുനയ രൂപത്തിൽ വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു.

ഫൈസലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം കാറിനകത്തിട്ട് യുവാവിനെ മർദ്ദിക്കുകയും കത്തികൊണ്ട് തുടയിൽ കുത്തുകയും ചെയ്തു. ഇടപ്പള്ളി തോടിന് സമീപം ആളൊഴിഞ്ഞ ഭാഗത്ത് കൊണ്ടുപോയി വീണ്ടും മർദ്ദിച്ചു. പണം കവർന്ന ശേഷം കാറിൽ കയറ്റി ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപം ഇറക്കിവിട്ടു. ആക്രമണത്തിൽ പരിക്കേറ്റ മുഹമ്മദ് ആഷിഖ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

വിടോബ ഫൈസലിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് സംഘം ആലുവയിൽ എത്തിയപ്പോഴേക്കും കാറിൽ കടന്നുകളഞ്ഞു. ഇയാളെ പിന്തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. മാട്ട കണ്ണനും ലിബിനും ചേരാനല്ലൂരിൽ ഒളിവിലായിരുന്നു. പൊലീസ് എത്തിയപ്പോൾ ഇരുവരും സമീപത്തെ ചതുപ്പിൽ ഒളിച്ചെങ്കിലും ജീവൻ പണയപ്പെടുത്തി അതിലിറങ്ങിയ പൊലീസ് പ്രതികളെ പിടികൂടി. തൃക്കാക്കര എ.സി.പി മനോജ്കുമാർ, എസ്.എച്ച്.ഒ വിമോദ് എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ വി.ബി. അനസ്, പൊലീസുകാരായ ഗുജറാൾ, സുജിത്ത്, ഷിബു എന്നിവരാണ് അറസ്റ്റ് ചെയ്തത്. വധശ്രമം, കവർച്ച തുടങ്ങിയ വകുപ്പുകൾ ചുമത്തി പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

TAGS: ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.