
മാന്നാർ : കുരട്ടിക്കാട് പാട്ടമ്പലം ദേവീക്ഷേത്രത്തിലെ അൻപൊലിഅരീപ്പറ മഹോത്സവത്തോടനുബന്ധിച്ചുള്ള പ്രശസ്തമായ 'ആറ്റിൽ ചാട്ടം' ചടങ്ങ് നടന്നു. മാന്നാർ മാർക്കറ്റ് ജംഗ്ഷനു സമീപം നടന്ന ദേവിയുടെ 'ആറ്റിൽ ചാട്ടം' ഭക്തർക്ക് നിർവൃതിയായി. പരുമല പനയന്നാൽകാവ് ക്ഷേത്രത്തിലെ ദേവിയെ കാണാൻ പമ്പാനദി കടന്ന് പാട്ടമ്പലത്തിലമ്മ പോകുന്നതാണ് 'ആറ്റിൽ ചാട്ടം' ചടങ്ങിന്റെ ഐതിഹ്യം. പോയാൽ പിന്നെ തിരികെ വരില്ലെന്നുള്ളതിനാൽ പാട്ടമ്പലത്തിലമ്മയുടെ യാത്ര ഏതു വിധേയനയും തടയാൻ ഭക്തർ കൈ കോർത്ത് മാർഗ തടസം സൃഷ്ടിക്കുന്നതിനാൽ അമ്മ തിരികെ പോകുകയാണ് ചെയ്യുന്നത്. നാനാജാതി മതസ്ഥരുൾപ്പടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കുന്നത് മാന്നാറിന്റെ മതസാഹോദര്യത്തിന്റെ മഹിമ വിളിച്ചോതുന്നു. കുരട്ടിശ്ശേരി നമ്പോക്കാവിൽ ഭാഗത്തെ പറകൾ സ്വീകരിച്ച ശേഷം പടനിലത്ത് എത്തിയപ്പോഴാണ് അപൂർവ ആറ്റിൽചാട്ടം ചടങ്ങ് ആരംഭിച്ചത്. ഇവിടെ ജീവിതയേന്തിയ ബ്രാഹ്മണ പുരോഹിതർ മേളപ്പെരുക്കത്തിനൊപ്പം ജീവിത തുള്ളിച്ചു. കുറച്ചുനേരം താളം ചവിട്ടിയ പുരോഹിതർ പെട്ടെന്ന് വടക്ക് ഭാഗത്തേക്ക് ലക്ഷ്യം വച്ച് ഓടാൻ തുടങ്ങി. ഈ സമയം റോഡിൽ വലയം തീർത്ത് നിന്ന ഭക്തർ ഓട്ടം തടഞ്ഞു. പലതവണ വലയം ഭേദിക്കാൻ പുരോഹിതർ ശ്രമം നടത്തിയെങ്കിലും ഭക്തിപൂർവ്വമുള്ള ഭക്തരുടെ ചെറുത്തുനിൽപ്പിൽ പിൻവാങ്ങേണ്ടിവന്നു. ജീവതിയുമായി തിരിഞ്ഞോടിയ പുരോഹിതർ കോന്നാത്ത് വീട്ടിലെത്തിയാണ് നിന്നത്. ഇവിടെ വഴിപാട് പറകൾ സ്വീകരിച്ച് കുടുംബക്കാർ നൽകിയ സ്വീകരണവും ഏറ്റുവാങ്ങിയാണ് ദേവി മടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |