
പത്തനംതിട്ട : പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് വാണിജ്യ സിലിണ്ടർ വിതരണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിന്റെ മറവിൽ ജില്ലയിൽ ആഹാര സാധനങ്ങൾക്ക് അമിതവില ഇൗടാക്കുന്നതായി ആക്ഷേപം. ഹോട്ടലുകളിൽ ചായയ്ക്കും ചെറുകടിക്കും ഉച്ചയൂണിനും വില വർദ്ധിപ്പിച്ചു. സിലിണ്ടർ കിട്ടാനില്ലെന്നും വലിയ വില കൊടുത്തു കരിഞ്ചന്തയിൽ നിന്ന് സിലിണ്ടർ എടുത്താണ് ഹോട്ടലുകളും തട്ടുകടകളും നടത്തിക്കൊണ്ടു പോകുന്നതെന്ന് വ്യാപാരികൾ പറയുന്നു. വില വർദ്ധിപ്പിക്കാതെ മേഖലയിൽ പിടിച്ചുനിൽക്കാനാകില്ലെന്നാണ് അവരുടെ വാദം. എന്നാൽ, യുദ്ധം രൂക്ഷമായ സമയത്തെ സിലിണ്ടർ ക്ഷാമം ഇപ്പോഴില്ലെന്നും അന്യായമായ വില വർദ്ധനക്കെതിരെ ജില്ലാകളക്ടറോ ഭക്ഷ്യസുരക്ഷാ വകുപ്പോ ഇടപെടുന്നില്ലെന്നും ഹോട്ടലുകളെ ആശ്രയിച്ച് ഭക്ഷണം കഴിക്കുന്നവർ പറയുന്നു.
വാണിജ്യ സിലിണ്ടറിന് മുൻപുണ്ടായിരുന്ന ക്ഷാമം ഇപ്പോഴില്ലെന്നാണ് ജില്ലാ സിവിൽ സപ്ളൈസ് അധികൃതർ പറയുന്നത്. ഗ്യാസ് സിലിണ്ടർ എണ്ണം കുറഞ്ഞപ്പോൾ വിറക് അടുപ്പിലേക്ക് മാറിയവരും ആഹാര സാധനങ്ങുടെ വില വർദ്ധിപ്പിച്ചു.
വില വിവര പട്ടികയില്ല
ഹോട്ടലുകളിലും ബേക്കറികളിലും വില വിവര പട്ടിക പ്രസിദ്ധീകരിക്കാറില്ല. ചിലർ സ്വന്തം നിലയിൽ വില വർദ്ധിപ്പിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഉച്ചയൂണിന് പത്ത് മുതൽ മുപ്പത് രൂപ വരെ വർദ്ധിപ്പിച്ചിട്ടുണ്ട്. ചായക്കും ചെറുകടിക്കും ഒറ്റയടിക്ക് മൂന്ന് രൂപയാണ് കൂട്ടിയത്. ഒരു ചായ കുടിക്കണമെങ്കിൽ 15രൂപ കൊടുക്കണം. ഭക്ഷണം കഴിച്ചവർ വിലവർദ്ധനയുടെ പേരിൽ തർക്കിക്കാറുണ്ടെങ്കിലും ചോദിക്കുന്ന തുക കൊടുത്ത് മടങ്ങും. പത്തനംതിട്ട ജില്ലയിൽ മാത്രമാണ് ഇങ്ങനെ തീക്കൊള്ള നടത്തുന്നതെന്ന് പരാതികളുണ്ട്.
ലൈസൻസുളളവർക്ക് 60 ശതമാനം സിലിണ്ടർ ലഭിക്കും
ലൈസൻസുളള ഹോട്ടലുകൾക്ക് ബുക്ക് ചെയ്യുന്ന സിലിണ്ടറുകളുടെ അറുപത് ശതമാനം എണ്ണം ലഭിക്കുമെന്ന് സിവിൽ സപ്ളൈസ് അധികൃതർ പറഞ്ഞു. അനധികൃതമായി വില വർദ്ധിപ്പിക്കാൻ ആർക്കും അധികാരമില്ല. വില കൂട്ടിയാൽ കർശന നടപടിയുണ്ടാകും.
ചായ വില : 15 രൂപ. (അനധികൃതമായി കൂട്ടിയത് : 3രൂപ).
ചെറുകടി : 15 രൂപ . (കൂട്ടിയത് മൂന്ന് രൂപ).
ഉച്ചയൂൺ (മീനില്ലാതെ) : 90 മുതൽ 120 വരെ.
വാണിജ്യ സിലിണ്ടറിന്റെ വില : 2128 രൂപ.
കരിഞ്ചന്തയിൽ : 4000.
ഭക്ഷണ വിലവർദ്ധന ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
അടിയന്തര യോഗം വിളിച്ച് നടപടികൾ സീകരിക്കും.
എസ്.പ്രേംകൃഷ്ണൻ, ജില്ലാ കളക്ടർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |