തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേർ കൂടി പാമ്പു കടിയേറ്റ് മരിച്ചു.13കാരൻ ഉൾപ്പെടെ അഞ്ചു പേർ പാമ്പുകടിയേറ്റ് ചികിത്സയിൽ. ഇടുക്കി തൊടുപുഴ കാഞ്ഞാറിൽ താന്നിയ്ക്കപാറയിൽ പരേതനായ വാസുവിന്റെ ഭാര്യ വിശാലാക്ഷി (86), കണ്ണൂർ തളിപ്പറമ്പ് പട്ടുവം മുതുകുട കല്ലടത്ത് നബീസ (65) എന്നിവരാണ് മരിച്ചത്.
മുറ്റത്തോടു ചേർന്നുള്ള മാവിൽ നിന്ന് മാങ്ങ പറിക്കുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു വിശാലാക്ഷിയെ പാമ്പുകടിച്ചത്. വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വിശാലാക്ഷി തൊട്ടടുത്ത വീട്ടിലെത്തി വിവരമറിയിച്ച ഉടൻ കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫോറസ്റ്റ് ഉദ്യോഗസ്ഥർ വീടിന്റെ പരിസരത്ത് പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. സംസ്‌കാരം ഇന്നുച്ചയ്ക്ക് രണ്ടിന് കാഞ്ഞാർ കൈപ്പകവലയിലുള്ള മകന്റെ വീട്ടുവളപ്പിൽ. മക്കൾ: ബാലൻ, കുഞ്ഞുമോൻ, ശശി, കനകമ്മ. മരുമക്കൾ: ഗീത, സീത, ഗീത.
വെള്ളിയാഴ്ച ഉച്ചയ്ക്ക് വാടക വീട്ടിൽ വച്ച് പാമ്പുകടിയേറ്റ നബീസ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. കടിച്ചത് ശംഖുവരയൻ പാമ്പാണെന്നാണ് നിഗമനം. വീട്ടിൽ തളർന്നുവീണ നബീസയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആന്റിവെനം നൽകിയിരുന്നു. ഭർത്താവ്: അഹമ്മദ്. മകൾ: ഫാത്തിമ. മരുമകൻ: കബീർ.
വീട്ടുപരിസരം വൃത്തിയാക്കുന്നതിനിടെ ഇന്നലെ രാവിലെ 7.30നാണ് കൊല്ലം രാമൻകുളങ്ങര സ്വദേശി സുദേവന് (47) പാമ്പുകടിയേറ്റത്. ഉടൻ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചു. ചുരട്ട ഇനത്തിലുള്ള പാമ്പാണ് കടിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
തമിഴ്നാട്ടിൽ നിന്ന് വിനോദസഞ്ചാരത്തിന്റെ ഭാഗമായി ചെറായി ബീച്ചിലെത്തിയ കോയമ്പത്തൂർ സ്വദേശി ഷർമിളയ്ക്കും (38) പാമ്പുകടിയേറ്റു. ചെറായി ബീച്ച് പ്രസിഡൻസി റിസോർട്ടിന് പിന്നിൽ വച്ച് ഇന്നലെ രാവിലെയാണ് കടിയേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷമില്ലാത്ത പാമ്പാണ് കടിച്ചതെന്നാണ് നിഗമനം.
തളിപ്പറമ്പ് പട്ടുവത്ത് കാവുങ്കൽ വയലാളം പാൽ സൊസൈറ്റിക്ക് സമീപത്തെ നമ്പ്രോൻ നാരായണിക്കും (79) പാമ്പുകടിയേറ്റു. ഇന്നലെ വൈകിട്ട് വീട്ടുവളപ്പിൽ ചകിരി ശേഖരിക്കുന്നതിനിടയിലാണ് കടിയേറ്റത്. കണ്ണൂർ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. പാമ്പിനെ കണ്ടെത്താനായില്ല.
കോട്ടയം എരുമേലിയിൽ കളത്തിൽ ശ്രീമന്റെ മകൻ ആനന്ദിന് (13) ഇന്നലെ ഉച്ചയ്ക്ക് ശ്രീനിപുരം നെടുങ്കാവുവയലിൽ വച്ചു പാമ്പ് കടിയേറ്റു. ഉടൻ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ആന്റിവെനം നൽകി. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണലി ഇനത്തിലുള്ള പാമ്പാണ് കടിച്ചതെന്ന് വീട്ടുകാർ സംശയിക്കുന്നു.
നാട്ടിക ബീച്ച് റിസോർട്ടിന് സമീപം വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റ് അവശനിലയിലായ യുവാവിനെ ആശുപത്രിയിലെത്തിച്ചു. നാട്ടിക കാവുങ്ങൽ ഷെബീറിന്റെ മകൻ ഷെബീലിനെ(21) വീട്ടുകാരുടെ നിർദ്ദേശപ്രകാരം ആക്ട്‌സ് പ്രവർത്തകർ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാളം വിട്ട് ചേരയും
വീട്ടമ്മയ്ക്ക് കടിയേറ്റു
വെഞ്ഞാറമൂട്: വീടിന്റെ അടുക്കള ഭാഗത്ത് കൂട്ടിയിരുന്ന വിറക് എടുക്കുന്നതിനിടെ പുല്ലമ്പാറ മരുതുംമൂട് ആലുവിള വീട്ടിൽ ഷീബയ്ക്ക് (45) ചേരയുടെ കടിയേറ്റു. വിറക് കൊള്ളിയെന്ന് കരുതി ശ്രദ്ധിക്കാതെ ചേരയെ പിടിച്ചപ്പോഴാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
12 വർഷം മുമ്പ് പാമ്പ്
കടിയേറ്റയാൾ മരിച്ചു
കായംകുളം: പന്ത്രണ്ടുവർഷം മുമ്പ് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന കായംകുളം ചേരാവള്ളി പെരുമുഖത്ത് വടക്കതിൽ ജയിംസ് (60) മരിച്ചു. വീടിന്റെ മുറ്റത്തുവച്ച് അണലിയാണ് കടിച്ചത്. തുടർന്ന് ഗരുതരമായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായി. സ്ട്രോക്ക് വന്നു. തലയിൽ രക്തം കട്ടപിടിച്ചതിനാൽ ശസ്ത്രക്രിയ വേണ്ടിവന്നു. ദീർഘനാളായി അബോധാവസ്ഥയിലായിരുന്നു. ഭാര്യ: റീന. മകൻ: റോബിൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |