കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിക്ക് സമീപം ചാമക്കടയിലുള്ള ഡ്രൈ ഫ്രൂട്ട്സ് മൊത്തവ്യാപാര വില്പനശാലയായ സ്റ്റെയിൻസ് ട്രേഡിംഗ് കമ്പനിയിൽ നിന്ന് 23 ലക്ഷം രൂപ കവർന്ന സംഭവത്തിന് പിന്നിൽ പ്രൊഫഷണൽ സംഘമെന്ന് പൊലീസ്. ആരോഗ്യപ്രവർത്തകർ ധരിക്കുന്ന പി.പി.ഇ കിറ്റിന്റെ മാതൃകയിലുള്ള കോട്ടും മുഖംമൂടിയും കൈയുറയും ധരിച്ചാണ് രണ്ടുപേർ കവർച്ച നടത്തിയത്.
ഉടമയുടെ കാബിനിലുള്ള ലോക്കർ, ബിൽ കൗണ്ടറിലെ മേശ എന്നിവിടങ്ങളിൽ നിന്നാണ് ഞായറാഴ്ച പുലർച്ചെ 12.45നും രണ്ടിനും ഇടയിൽ കവർച്ച നടത്തിയത്. കടയുടെ മുൻഭാഗത്ത് സെക്യൂരിറ്റി ജീവനക്കാരനുണ്ടായിരുന്നു. മോഷ്ടാക്കൾ കടയുടെ പിൻഭാഗത്തെ ഷട്ടർ കമ്പിപ്പാര കൊണ്ട് കുത്തിയിളക്കിയാണ് ഉള്ളിൽ പ്രവേശിച്ചത്. വെള്ളി വരെയുള്ള ദിവസങ്ങളിലെ പണം ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ശനിയാഴ്ച ബാങ്ക് അവധിയായതിനാൽ അന്നത്തെ കളക്ഷൻ തുക കടയിൽ തന്നെ സൂക്ഷിച്ചിരുന്നു. ഇത് കൃത്യമായി മനസിലാക്കിയായിരുന്നു കവർച്ച.
രാവിലെ സെക്യുരിറ്റി ജീവനക്കാരൻ കടയുടെ പിൻഭാഗത്ത് എത്തിയപ്പോഴാണ് ഷട്ടർ കുത്തിത്തുറന്ന നിലയിൽ കണ്ടത്. കടയ്ക്കുള്ളിലെ ചില ഭാഗങ്ങളിൽ നിരീക്ഷണ ക്യാമറകൾ മോഷ്ടാക്കൾ പ്രവർത്തനരഹിതമാക്കിയിരുന്നു. കൗണ്ടറിന് സമീപത്തെ ക്യാമറയിൽ കോട്ടും മുഖംമൂടിയും ധരിച്ച രണ്ട് പേരുടെ ദൃശ്യങ്ങൾ ലഭിച്ചു. 45 വയസിൽ താഴെയുള്ളവരാണ് കവർച്ച നടത്തിയതെന്ന് ശരീര ഭാഷയിൽ നിന്നു വ്യക്തമായതായി പൊലീസ് പറഞ്ഞു. കൊല്ലം നഗരത്തിലെ മറ്റൊരു വ്യാപാര സ്ഥാപനത്തിൽ രണ്ടാഴ്ച മുൻപ് ഞായറാഴ്ച പുലർച്ചെ കവർച്ച നടന്നിരുന്നു. വ്യാപാര സ്ഥാപനമാണെന്ന് തെറ്റിദ്ധരിച്ച് കൊല്ലം ഫാത്തിമ മാതാ കോളേജ്, ബിഷപ്പ് ജെറോം എൻജിനിയറിംഗ് കോളേജ് എന്നിവിടങ്ങളിലും ഏതാനും മാസം മുൻപ് കവർച്ചാ ശ്രമം ഉണ്ടായി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സ്ഥാപനങ്ങളിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |