
തൃശൂർ: വേനൽ രൂക്ഷമാകുകയും ഡാമുകളിലെ ജലനിരപ്പ് ദിനംപ്രതി കുത്തനെ താഴുകയും ചെയ്തതോടെ രൂക്ഷമായി കുടിവെള്ളക്ഷാമം. തീരമേഖലയിൽ വെള്ളം ഉണ്ടെങ്കിലും വേനൽക്കാലമായതോടെ ഉപ്പുവെള്ളം കയറുന്നതോടെ കുടവെള്ളത്തിനായി അലയേണ്ട സാഹചര്യമാണ്. മലയോര മേഖലയും കുടിവെള്ളക്ഷാമത്തിലാണ്. പകുതിയോളം വരുന്ന സ്ഥലങ്ങളിൽ ഭൂരിഭാഗവും ചിമ്മിനി, പീച്ചി, വാഴാനി ഡാമുകളെ ആശ്രയിച്ചാണ് കുടിവെള്ള വിതരണം നടക്കുന്നത്. ഇത്തവണ ഭൂരിഭാഗം ഡാമുകളും ജലസമൃദ്ധിയിലായിരുന്നെങ്കിലും തുലാവർഷം കൃത്യമായി ലഭിക്കാതിരുന്നതും വേനൽ അതിരൂക്ഷമാകുകയും ചെയ്തതോടെ കുടിവെള്ളം കിട്ടാക്കനിയായി. പീച്ചി, വാഴാനി ഡാമുകളെ ആശ്രയിച്ചാണ് മെഡിക്കൽ കോളേജിലെ കുടിവെള്ള പദ്ധതി മുന്നോട്ട് പോകുന്നത്. വേനൽ മഴ ശക്തമായി ലഭിച്ചില്ലെങ്കിലും ഇതും പ്രശ്‌നമാകും.
കോർപറേഷനിൽ ടാങ്കറുകളിൽ വിതരണം
കോർപറേഷൻ പരിധിയിൽ 23 ഡിവിഷനുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഇത് മറികടക്കാനായി ഏഴ് വാട്ടർ ടാങ്കിലായി കുടിവെള്ള വിതരണം ആരംഭിച്ചു. 8,000 ലിറ്റർ സംഭരണ ശേഷിയുള്ള മൂന്ന് ലോറികളും ആറായിരം ലിറ്ററുള്ള ഒരു ലോറിയും നാലായിരം ലിറ്ററുള്ള മൂന്നു ലോറികളുമടക്കം ഏഴ് വാഹനങ്ങളിലാണ് കുടിവെള്ളം വിതരണം ചെയ്യുന്നതെന്ന് മേയർ പറഞ്ഞു. ജയ്ഹിന്ദ് മാർക്കാറ്റ്, കുരിയച്ചിറ സ്റ്റാഫ് ക്വാർട്ടേഴ്‌സ്, അയ്യന്തോൾ ഷീലോഡ്ജ്, പറവട്ടാനി എ.ബി.സി, കോർപറേഷൻ ഓഫീസ് എന്നിവിടങ്ങളിലേക്കും ടാങ്കറുകളിൽ വെള്ളമെത്തിക്കുന്നുണ്ട്.
ജനറൽ ആശുപത്രിയിലേക്ക് മൂന്നുലക്ഷം ലിറ്റർ
ജില്ലാ ജനറൽ ആശുപ്രതിയിലേക്ക് പ്രതിദിനം മൂന്നുലക്ഷം ലിറ്റർ വെള്ളമാണ് വേണ്ടത്. പീച്ചിയിൽ നിന്ന് നേരിട്ടാണ് ജില്ലാ ജനറൽ ആശുപത്രിയിലേക്ക് വെള്ളം നൽകുന്നത്. എന്നാൽ പീച്ചി വെള്ളം ലഭിക്കാത്ത ദിവസം ഇവിടേക്ക് കോർപറേഷനാണ് വെള്ളമെത്തിക്കുക. നഗരത്തിലടക്കം കുടിവെള്ളമെത്തുന്ന പീച്ചിയിൽ നിന്നുള്ള പൈപ്പ് പൊട്ടിയത് ശരിയാക്കിയത് ആറു മാസത്തിന് ശേഷമാണ്. പുതിയ കോർപറേഷൻ ഭരണസമിതിയുടെ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് വാട്ടർ അതോറിറ്റി അറ്റകുറ്റപ്പണി തീർത്തത്.
ജനറൽ ആശുപത്രിയിലും കോർപറേഷൻ ഓഫീസിലും കുടിവെള്ള പ്രശ്‌നം പരിഹരിക്കാനായി കുഴൽക്കിണർ സ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്.
ഡോ.നിജി ജസ്റ്റിൻ
മേയർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |