
ആലുവ: യു.ഡി.എഫ് സുനാമിക്കൊപ്പം ആലുവ മണ്ഡലവും അടിയുറച്ചു നിന്നപ്പോൾ തുടർച്ചയായ നാലാം വട്ടവും അൻവർ സാദത്തിന് റെക്കാഡ് വിജയം. 29,143 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അൻവർ സാദത്ത് തട്ടകം നിലനിറുത്തിയത്. ആലപ്പുഴയിൽ നിന്നും എ.എം. ആരിഫിനെ രംഗത്തിറക്കി ആലുവ സീറ്റ് പിടിക്കാൻ ശ്രമിച്ച എൽ.ഡി.എഫിന് ദയനീയ തോൽവിയായിരുന്നു. പോസ്റ്റൽ ബാലറ്റ് എണ്ണിയപ്പോൾ മുതൽ സാദത്ത് മുന്നിലുണ്ടായിരുന്നു. 439 വോട്ടായിരുന്നു ഭൂരിപക്ഷം. പിന്നീട് 18 റൗണ്ടിലും വോട്ടുനില ക്രമാതീതമായി ഉയർന്നു. ഒരു ഘട്ടത്തിലും സാദത്തിന് വെല്ലുവിളി ഉയർത്താൻ ആരിഫിനായില്ല. ആലുവ നഗരസഭയിലും ഏഴ് പഞ്ചായത്തിലും സാദത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. കീഴ്മാട് പഞ്ചായത്തിലാണ് കൂടുതൽ ഭൂരിപക്ഷം. എൻ.ഡി.എ സ്ഥാനാർത്ഥി എം.എ. ബ്രഹ്മരാജിനും പ്രതീക്ഷിച്ചത്ര വോട്ട് സമാഹരിക്കാനായില്ല. 18,732 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ ത്രിതല തിരഞ്ഞെടുപ്പിൽ ആലുവ മണ്ഡലത്തിൽ 23,151 വോട്ട് ലഭിച്ചിരുന്നു. ഇക്കുറി 25,000 വോട്ടാണ് പ്രതീക്ഷിച്ചിരുന്നത്.
ആലുവയുടെ ചരിത്രത്തിൽ ഒരു വട്ടമാണ് സി.പി.എമ്മിന് പാർട്ടി ചിഹ്നത്തിൽ ജയിക്കാനായത്. 2006ൽ എ.എം. യൂസഫാണ് അന്ന് തിരഞ്ഞെടുക്കപ്പെട്ടത്. 1967ൽ പ്രൊഫ. എം.കെ.എ. ഹമീദ് എൽ.ഡി.എഫ് സ്വതന്ത്രനായും 1980ൽ ഇടത് പിന്തുണയോടെ ആന്റണി കോൺഗ്രസ് സ്ഥാനാർത്ഥിയായി കെ. മുഹമ്മദാലിയും ആലുവയിൽ നിന്ന് സഭയിലെത്തിയിട്ടുണ്ട്. പിന്നീട് അഞ്ച് തവണ യു.ഡി.എഫ് സ്ഥാനാർത്ഥിയായാണ് മുഹമ്മദാലി തിരഞ്ഞെടുക്കപ്പെട്ടത്.
കന്നി മത്സരത്തിൽ 13,214 വോട്ടിന്റെ ഭൂരിപക്ഷം, ഇപ്പോൾ 29,143
2011ലെ കന്നി മത്സരത്തിൽ എൽ.ഡി.എഫിൽ നിന്ന് 13,214 വോട്ടിന്റെ ഭൂരിപക്ഷത്തിന് സീറ്റ് തിരിച്ചുപിടിച്ച അൻവർ സാദത്ത് പിന്നീട് ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം വർദ്ധിപ്പിച്ചു. 2016ൽ 18,835 ഉം 2021ൽ 18,886 ആയും ഭൂരിപക്ഷം ഉയർത്തി. 2006ൽ എ.എം. യൂസഫിലൂടെ എൽ.ഡി.എഫ് പിടിച്ചെങ്കിലും പിന്നീട് നിലനിറുത്താനായില്ല. 26 വർഷം ആലുവ എം.എൽ.എയായിരുന്ന കെ. മുഹമ്മദാലിയെ 4,366 വോട്ടിനാണ് എ.എം. യൂസഫ് പരാജയപ്പെടുത്തിയത്. കോൺഗ്രസിലെ ചേരിപ്പോരാണ് അന്ന് മുഹമ്മദാലിയെ വീഴ്ത്തിയത്.
പരാജയത്തെതുടർന്ന് പാർട്ടിയുമായി പതുക്കെ അകന്ന കെ. മുഹമ്മദാലിയുടെ മരുമകൾ ഷെൽന നിഷാദിനെ രംഗത്തിറക്കി 2021ൽ സീറ്റ് തിരിച്ചുപിടിക്കാൻ എൽ.ഡി.എഫ് ശ്രമിച്ചെങ്കിലും നടന്നില്ല. 2019ലെ ലോകസഭ തിരഞ്ഞെടുപ്പിൽ ആലുവ നിയോജക മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാന് ലഭിച്ചത് 32,000ത്തിലേറെ ഭൂരിപക്ഷമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |