
മാഡ്രിഡ്: അറ്റ്‌ലാന്റിക് സമുദ്രത്തിൽ വച്ച് ഹാന്റാ വൈറസ് വ്യാപനം സ്ഥിരീകരിക്കപ്പെട്ട ആഡംബര കപ്പൽ 'എം.വി ഹോണ്ടിയസി 'ൽ രണ്ട് ഇന്ത്യൻ ജീവനക്കാരുമെന്ന് റിപ്പോർട്ട്. യാത്രക്കാരിൽ ഇന്ത്യക്കാരില്ലെന്നാണ് വിവരം. നിലവിൽ കപ്പൽ സ്‌പെയിനിലെ ടെനറീഫെ ദ്വീപിലേക്ക് നീങ്ങുകയാണ്. ഞായറാഴ്ച മുതൽ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ കേപ് വെർഡേയുടെ തീരത്ത് ഒറ്റപ്പെട്ട നിലയിലായിരുന്നു കപ്പൽ. എലികൾ പടർത്തുന്ന ഹാന്റാ വൈറസ് ബാധിച്ച് മൂന്ന് യാത്രികർ നേരത്തെ മരിച്ചു. രോഗ ലക്ഷണമുള്ളതോ രോഗം സ്ഥിരീകരിക്കപ്പെട്ടതോ ആയ മറ്റ് അഞ്ച് പേരുണ്ട്. ഇവർ ദക്ഷിണാഫ്രിക്ക, സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ് എന്നിവിടങ്ങളിൽ ചികിത്സയിലാണ് (ബ്രിട്ടീഷ്, ജർമ്മൻ, ഡച്ച്, സ്വിസ് പൗരന്മാർ). ടെനറീഫെയിലെത്തുമ്പോൾ കപ്പലിലുള്ള 145 പേരെയും പരിശോധനയ്ക്ക് വിധേയമാക്കും. ഇവരിൽ ആർക്കും രോഗലക്ഷണങ്ങളില്ല. അതേ സമയം, ഹാന്റാ വൈറസ് മനുഷ്യർക്കിടെയിൽ പടരുന്നത് അപൂർവ്വമാണെന്നും എന്നാൽ കപ്പലിൽ അത്തരം കേസുകൾ കണ്ടെത്തിയെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കി. മാർച്ച് 20ന് അർജന്റീനയിലെ ഊസ്വൈയയിൽ നിന്ന് ധ്രുവ പര്യവേക്ഷണത്തിനായാണ് കപ്പൽ പുറപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |