
നടപടിയില്ലാതെ അധികൃതർ; 13ന് ബി.ഡി.ജെ.എസ് കായൽ മാർച്ച്
കൊച്ചി: കോടതി ഇടപെടലുകൾ പലതവണ ഉണ്ടായിട്ടും ചിലവന്നൂർ കായലിന്റെ ഇരുകരകളിലുമുള്ള കൈയേറ്റം നിർബാധം തുടരുന്നു. കൈയേറ്റങ്ങളെത്തുടർന്ന് കായൽ വീതികുറഞ്ഞ് ശോഷിക്കുന്ന അവസ്ഥയ്ക്കും മാറ്റമില്ല. ഇതിനെതിരെ സർക്കാരോ ബന്ധപ്പെട്ട വകുപ്പുകളോ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കൊച്ചി നഗരത്തിലെ കടവന്ത്ര, വൈറ്റില, എളങ്കുളം പ്രദേശങ്ങളിലൂടെ ഒഴുകുന്ന ചിലവന്നൂർ കായലിന്റെ സംരക്ഷണത്തിനായി നിരവധി പ്രതിഷേധങ്ങൾ നടന്നെങ്കിലും ഫലമുണ്ടായില്ല.
ചിലവന്നൂർ കായൽതീരത്ത് നിയമങ്ങൾ ലംഘിച്ച് വൻകിട ഫ്ലാറ്റുകളും കെട്ടിടങ്ങളും നിർമ്മിക്കുന്നതിനെതിരെ സുപ്രീംകോടതിയുടെയും ഹരിത ട്രൈബ്യൂണലിന്റെയും ഇടപെടലുകളുണ്ടായിട്ടുണ്ട്. കായലിന്റെ വിസ്തൃതി വർഷംതോറും കുറഞ്ഞുവരികയാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പുറമ്പോക്ക് ഭൂമി കൈയേറിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ കായലിന്റെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുകയും വെള്ളപ്പൊക്ക സാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. കായൽ കൈയേറ്റങ്ങൾക്കൊപ്പം ഇത്തരം ഭൂമികൾക്ക് തരംമാറ്റം അനുവദിക്കുന്നതും പ്രശ്നം സങ്കീർണമാക്കുന്നു.
മലിനീകരണ ഭീഷണി
നഗരത്തിലെ ഡ്രെയിനേജുകളിൽ നിന്നുള്ള മലിനജലവും പ്ലാസ്റ്റിക് മാലിന്യങ്ങളും നേരിട്ട് കായലിലേക്ക് ഒഴുകിയെത്തുന്നു. ഇത് കായലിലെ ജൈവവൈവിദ്ധ്യത്തെയും മത്സ്യസമ്പത്തിനെയും സാരമായി ബാധിച്ചു. കോളിഫോം ബാക്ടീരിയയുടെ അളവ് ഇവിടെ അനുവദനീയമായതിലും കൂടുതലാണെന്നും റിപ്പോർട്ടുകളുണ്ട്.
പുനരുദ്ധാരണ പദ്ധതികൾ
കായലിനെ സംരക്ഷിക്കുന്നതിനായി 'പുനർജ്ജനി' പോലുള്ള പദ്ധതികളും ശുചീകരണ പ്രവർത്തനങ്ങളും കൊച്ചി കോർപ്പറേഷന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ നടക്കാറുണ്ട്. കായൽ ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി വാക്ക്-വേ നിർമ്മാണം തുടങ്ങിയ പദ്ധതികളും പരിഗണനയിലുണ്ട്.
സമരത്തിന് ബി.ഡി.ജെ.എസ്
ചിലവന്നൂർ കായലിലെ ഇരുകരകളിലെയും കൈയേറ്റങ്ങൾ ഒഴിപ്പിക്കുക, കായൽ പുറമ്പോക്ക് തരംമാറ്റം നടത്തിയിട്ടുണ്ടെങ്കിൽ പൂർവസ്ഥിതിയിലാക്കുക, കായലിന്റെ ഇരുകരകളിലും തീരദേശ റോഡ് നിർമ്മിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ഡി.ജെ.എസ് വൈറ്റില ഏരിയ കമ്മിറ്റി 13ന് കായൽ മാർച്ച് സംഘടിപ്പിക്കും. സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കളും പരിസ്ഥിതി പ്രവർത്തകരും പങ്കെടുക്കും.
കായൽ കൈയേറ്റത്തിന് അവസാനമുണ്ടാകണമെങ്കിൽ സർക്കാർ-നിയമ സംവിധാനങ്ങൾ കൈകോർത്ത് പ്രവർത്തിക്കേണ്ടതുണ്ട്.
സി. സതീശൻ
ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |