SignIn
Kerala Kaumudi Online
Saturday, 09 May 2026 5.37 AM IST

കണ്ണൂരിൽ യു.ഡി.എഫ് മുന്നേറ്റത്തിൽ ബി.ജെ.പിയിലും വോട്ട് ചോർച്ച

Increase Font Size Decrease Font Size Print Page
bjp
ബി.ജെ.പി

ഇരിക്കൂർ, കണ്ണൂർ, ധർമ്മടം, തലശ്ശേരി, അഴീക്കോട് മണ്ഡലങ്ങളിൽ നേരിയമുന്നേറ്റം

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ബി.ജെ.പിയിൽ വൻ വോട്ടുചോർച്ച. സി.പി.എമ്മിന്റെ ചെങ്കോട്ടകളിൽ യു.ഡി.എഫ് മുന്നേറ്റം നടത്തിയപ്പോൾ പ്രതീക്ഷിച്ച മുന്നേറ്റം ബി.ജെ.പിക്ക് ഉണ്ടാക്കാൻ കഴിഞ്ഞില്ല. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ ജയിച്ച പയ്യന്നൂരിലടക്കം ബി.ജെ.പിയുടെ വോട്ടിൽ വൻ ചോർച്ച സംഭവിച്ചു.

മുൻപെങ്ങുമില്ലാത്ത വിധമാണ് ഇക്കുറി ബി.ജെ.പി കണ്ണൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. 2021ൽ 1,34,091 വോട്ടുണ്ടായിരുന്ന എൻ.ഡി.എക്ക് ഇത്തവണ ലഭിച്ചത് 1,70,207 വോട്ടുകളാണ്. സാങ്കേതികമായി 36,116 വോട്ടുകളുടെ വർദ്ധനവ് കാണാമെങ്കിലും കഴിഞ്ഞതവണ തലശ്ശേരിയിലെ വോട്ടുകൾ കണക്കിൽ വന്നിട്ടില്ല. അവിടെ ബി.ജെ.പിയുടെ പത്രിക തള്ളിപ്പോയിരുന്നു. ഇത്തവണ തലശ്ശേരിയിൽ 22,754 വോട്ടാണ് ബി.ജെ.പി നേടിയത്. അതു കണക്കിലെടുക്കുമ്പോൾ 5 വർഷം കൊണ്ട് എൻ.ഡി.എ വോട്ടുകളിൽ വലിയ കുതിച്ചുകയറ്റം ഉണ്ടായില്ലെന്നു കാണാം.

പയ്യന്നൂരിൽ കഴിഞ്ഞ തവണ ബി.ജെ.പിക്ക് കിട്ടിയതിനേക്കാൾ വലിയ കുറവാണ് രേഖപ്പെടുത്തിയത്. 2021ൽ പയ്യന്നൂരിൽ കിട്ടിയത് 11,308 വോട്ടാണെങ്കിൽ ഇക്കുറി കിട്ടിയത് 8,432 വോട്ടാണ്. 2021ൽ കിട്ടിയ വോട്ടുകൾ ഇക്കുറി യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണന്റെ അക്കൗണ്ടിലേക്കെത്തിയെന്നാണ് ബി.ജെ.പി വിലയിരുത്തൽ.

പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് മാത്രമാണ് ബി.ജെ.പിക്ക് ആശ്വാസമാകും വിധം വോട്ടുവർദ്ധന ഉണ്ടായത്. 2021ൽ കിട്ടിയത് 4963 വോട്ടാണെങ്കിൽ ഇത്തവണ 18,555 വോട്ടുകളോടെ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചു. കണ്ണൂരിൽ 2021ൽ കിട്ടിയ 11581 വോട്ടിനേക്കാൾ ഇത്തവണ സി. രഘുനാഥ് 16144 വോട്ട് പിടിക്കാൻ സാധിച്ചു. മട്ടന്നൂരിൽ 2021ൽ ലഭിച്ചത് 18,223 വോട്ടാണെങ്കിൽ ഇക്കുറി 17,815 വോട്ടിൽ ഒതുങ്ങി. കൂത്തുപറമ്പിൽ 2021 നേക്കാൾ നേരിയ വർദ്ധനവുണ്ടായി. 21,212 വോട്ടിൽ നിന്നും 22,195 വോട്ടിലെത്തി.

അഴീക്കോട് മണ്ഡലത്തിൽ 2021ൽ ബി.ജെ.പിക്ക് ലഭിച്ചത് 15741 വോട്ടാണെങ്കിൽ ഇക്കുറി 17,476 വോട്ട് അധികമായി ലഭിച്ചു. സി.പി.എം വിഭാഗീയത രൂക്ഷമായ തളിപ്പറമ്പിൽ ബി.ജെ.പിക്ക് 2021ൽ 16,706 വോട്ട് ലഭിച്ചപ്പോൾ ഇക്കുറി 16,089 വോട്ടാണ് ലഭിച്ചത്. ഇരിക്കൂറിൽ 2021ൽ 7825 വോട്ട് കിട്ടിയപ്പോൾ ഇത്തവണ 9617 വോട്ടിന്റെ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞു. പേരാവൂരിൽ 2021ൽ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് 9155 വോട്ട് ലഭിച്ചപ്പോൾ ഇത്തവണ 8020 വോട്ടിലേക്ക് ചുരുങ്ങി.

ബി.ജെ.പിക്ക് ജില്ലയിൽ മുന്നേറ്റമുണ്ടാക്കാൻ പറ്റിയത് ഇരിക്കൂർ, കണ്ണൂർ, ധർമ്മടം, തലശ്ശേരി, അഴീക്കോട് മണ്ഡലങ്ങളിലാണ്.

TAGS: LOCAL NEWS, KANNUR, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.