SignIn
Kerala Kaumudi Online
Sunday, 10 May 2026 7.11 AM IST

ഈഴവ പ്രാതിനിദ്ധ്യം ഔദാര്യമല്ല

Increase Font Size Decrease Font Size Print Page
d

സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫ് മന്ത്രിസഭാ രൂപീകരണത്തിന്റെ തിരക്കിട്ട ചർച്ചകൾ നടന്നുവരികയാണ്. വിവിധ ജാതി-മത സമുദായങ്ങളും ജനവിഭാഗങ്ങളും മന്ത്രിസഭയിൽ തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമങ്ങളിലുമാണ്. ഈ ഘട്ടത്തിൽ കേരളത്തിലെ ജനസംഖ്യയിൽ മുൻപന്തിയിലുള്ള സമുദായമായ ഈഴവർക്ക് മതിയായ പ്രാതിനിദ്ധ്യം നൽകാതിരിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതായി ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈഴവ സമുദായത്തിന് ന്യായമായ പ്രാതിനിദ്ധ്യം നൽകാതെ സർക്കാർ രൂപീകരിച്ചാൽ കേരളത്തിലെ ജനങ്ങളിൽ നാലിലൊന്നിലേറെപ്പേരും അസംതൃപ്തരാകും. അതാകട്ടെ നമ്മുടെ സാമൂഹ്യബലതന്ത്രത്തിൽ വിള്ളലുകൾ വീഴ്ത്താനിടയാക്കുകയും ചെയ്യും. അത്തരമൊരു സാഹചര്യത്തിൽ കേരളത്തിന്റെ സാമൂഹ്യ ജീവിതം ചിട്ടപ്പെടുത്തിയും മെച്ചപ്പെടുത്തിയും മുന്നോട്ടു പോകാൻ ഒരു ഭരണ സംവിധാനത്തിനും കഴിയാതെ വരും. കേരളത്തിൽ നാളിതുവരെ മാറി മാറി വന്നിട്ടുള്ള കമ്മ്യൂണിസ്റ്റ്- കോൺഗ്രസ് ഗവൺമെന്റുകൾ ഈ സാമൂഹ്യ ബലതന്ത്രം മനസ്സിലാക്കിയാണ് മന്ത്രിസഭാ രൂപീകരണം അടക്കമുള്ള നടപടികൾ സ്വീകരിച്ചിട്ടുളളത്.

നാലും അഞ്ചും ഒമ്പതും മന്ത്രിമാർ വരെ വിവിധ മന്ത്രിസഭകളിൽ ഈഴവ വിഭാഗത്തിൽ നിന്നുണ്ടായിരുന്നു. 2016 ലെ ഒന്നാം പിണറായി സർക്കാരിലാണ് ആകെയുള്ള 21 പേരിൽ മുഖ്യമന്ത്രിയടക്കം ഒമ്പതുപേർ മന്ത്രിസഭയിലുണ്ടായിരുന്നത്. ഈഴവ പ്രാതിനിദ്ധ്യം ഏറ്റവും കുറഞ്ഞത് 2011 ലെ ഉമ്മൻ ചാണ്ടി സർക്കാരിലായിരുന്നു. അന്നു പക്ഷെ കേവലം 72 എം.എൽ.എമാർ മാത്രമേ ഭരണപക്ഷത്തുണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. 102 എം.എൽ എമാരുടെ ശക്തമായ പിന്തുണയിലാണ് യു.ഡി.എഫ് ഗവൺമെന്റ് അധികാരത്തിലെത്തിയിരിക്കുന്നത്. ഈ വലിയ ഭൂരിപക്ഷം യു.ഡി.എഫിനു ലഭിച്ചതിൽ പ്രദേശ ജില്ലാ വ്യത്യാസമില്ലാതെ ഈഴവരുടെ വോട്ട് യു.ഡി.എഫിലേക്ക് ഒഴുകിയത് ഒരു പ്രധാന കാരണമാണ്. കണ്ണൂരിലും തൃശൂരിലും ആലപ്പുഴയിലും കൊല്ലത്തുമൊക്കെ ഉണ്ടായ യു.ഡി.എഫ് വിജയത്തിന്റെ ആണിക്കല്ല് ഈഴവരുടെ ഉറച്ച വോട്ടുകളാണെന്നത് വസ്തുതയാണ്. ഇതു കണ്ടില്ലെന്നു നടിച്ചുള്ള മന്ത്രിസഭാ രൂപീകരണം ആപത് സൂചന ഉണ്ടാക്കും.

കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക സാംസ്‌കാരിക മുന്നേറ്റത്തിൽ ഈഴവർ നൽകിയ സംഭാവനകൾ നിസ്‌തുലമാണ്. 19 ഉം 20 ഉം നൂറ്റാണ്ടുകളിലെ ജാതി-സാമൂഹ്യ വിവേചനങ്ങളുടെ ഇരുണ്ട കാലത്തു നിന്ന് സാമൂഹ്യ വിദ്യാഭ്യാസ സാംസ്‌കാരിക ഉണർവിന്റെ വെള്ളി വെളിച്ചത്തിലേക്ക് കേരളത്തെ ഉയർത്തി കൊണ്ടുവന്നത് ശ്രീനാരായണ ഗുരുദേവന്റെ ദർശന മഹിമ ഉൾക്കൊണ്ട് നടത്തിയ പോരാട്ടങ്ങളാണ്. സംഘടന കൊണ്ടു ശക്തരാവുക, വിദ്യ കൊണ്ടു സ്വതന്ത്രരാവുക എന്ന ഗുരു സന്ദേശത്തിന്റെ സാരസർവസ്വമാണ് കേരളത്തെ മുന്നോട്ടു നയിച്ചിട്ടുളത്. മതനിരപേക്ഷതയുടെ സൗന്ദര്യം കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിൽ പ്രസരിപ്പിക്കുന്നതിലും എസ്എൻ.ഡി.പി യോഗവും ഈഴവ പ്രസ്ഥാനങ്ങളും നൽകിയിട്ടുള്ള സംഭാവനകൾ ചെറുതല്ല. എസ്.എൻ.ഡി.പി നേതൃത്വം നൽകുന്ന സ്കൂളുകളും കോളജുകളും ആശുപത്രികളുമൊക്കെ ചെലുത്തുന്ന സ്വാധീനവും പ്രസക്തമാണ്.

കേരള രാഷ്ട്രീയത്തിന്റെയും സാമൂഹ്യ ജീവിതത്തിന്റെയും സമതുലിതാവസ്ഥ സംരക്ഷിച്ചു കൊണ്ടു മാത്രമേ ഏതൊരു സർക്കാരിനും മുന്നോട്ടു പോകാനാവൂ. നിലവിൽ 9 പേർ മാത്രമേ ഈഴവ വിഭാഗത്തിൽ നിന്ന് ജയിച്ചു വന്നിട്ടുള്ളൂ എങ്കിലും മറ്റു പല മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയം ഉറപ്പാക്കുന്നതിൽ ഈ സമുദായത്തിന്റെ പങ്ക് വലുതാണെന്ന കാര്യം ബന്ധപ്പെട്ടവർ മനസ്സിലാക്കണം. എന്നു പറഞ്ഞാൽ ഈഴവരായ 6 മന്ത്രിമാരെങ്കിലും മന്ത്രിസഭയിലുണ്ടായാൽ മാത്രമേ സാമൂഹ്യബലതന്ത്രം അർത്ഥപൂർണമാവുകയുള്ളൂ. അതിനുള്ള വിവകപൂർണമായ തീരുമാനം കോൺഗ്രസ്- യു.ഡി.എഫ് നേതൃത്വം കൈക്കൊള്ളണമെന്നാണ് പറയാനുള്ളത്. അതൊരു ഔദാര്യമല്ലെന്നു കൂടി ഓർക്കുന്നത് നല്ലതായിരിക്കും.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.