
ആറൻമുളയുടെ നിയുക്ത എം.എൽ.എ അബിൻ വർക്കി വാക്കുകൾ ആലോചിച്ചും ചോദ്യങ്ങളോട് വ്യക്തതയോടെയും സംസാരിക്കുന്നയാളാണ്. കോൺഗ്രസിൽ പല നേതാക്കൾക്കുമില്ലാത്ത ഗുണം. ഒന്നിനോടും എടുത്തു ചാട്ടമോ പബ്ലിസിറ്റി ലക്ഷ്യമോ ഇല്ലെന്ന് വ്യക്തം. വിദ്യാസമ്പന്നൻ മാത്രമല്ല, പുതുതലമുറയുടെ വികാര വിചാരങ്ങളെ നന്നായി മനസിലാക്കി പ്രതികരിക്കുന്നയാളുമാണ്. എതിരാളികളെ നിഷ്പ്രഭരാക്കുന്ന വാക്ചാതുരിയുമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പത്തനംതിട്ട പ്രസ്ക്ലബിൽ നടന്ന സ്ഥാനാർത്ഥി സംവാദത്തിൽ പ്രധാന എതിരാളിയായിരുന്ന വീണാജോർജിനെ തറപറ്റിച്ചതിന്റെ വീഡിയോ ഇന്നും സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്. അതേ അബിൻ വർക്കി തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം പ്രസ്ക്ലബിലെ മീറ്റ് ദ പ്രസിൽ നടത്തിയ പരാമർശങ്ങളും ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുന്നു.
പത്തു വർഷത്തിനു ശേഷമാണ് ആറൻമുളയിൽ ഒരു കോൺഗ്രസ് നേതാവ് എം.എൽ.എ ആകുന്നത്. ആറൻമുളയിൽ വിമാനത്താവളം പദ്ധതിക്ക് ശ്രമിച്ച കോൺഗ്രസ് പാർട്ടിയുടെ പ്രതിനിധി എന്ന നിലയിൽ പദ്ധതിയോടുള്ള നിലപാട് ആരാഞ്ഞ മാദ്ധ്യമ പ്രവർത്തകരോട് അബിൻ വർക്കി പ്രതികരിച്ചത് ഇങ്ങനെ: ആർക്കും ബുദ്ധിമുട്ടുണ്ടാക്കാതെ ആറൻമുളയിൽ വിമാനത്താവളം വരുന്നതിനോട് യോജിപ്പാണുള്ളത്. ആറൻമുളയുടെ തനതായ കാര്യങ്ങൾ സംരക്ഷിച്ചുകൊണ്ടു വേണം വിമാനത്താവളം നിർമ്മിക്കാൻ. എങ്ങനെ അതു നടപ്പാക്കാം എന്ന കാര്യത്തിൽ ചർച്ച നടക്കേണ്ടതുണ്ട്. ഒരു വിമാനത്താവളം വന്നാൽ ഒരു പ്രദേശത്തെ മാത്രമല്ല, രണ്ടോ മൂന്നാേ ജില്ലകളുടെ വികസനത്തിന് സഹായിക്കുന്ന കാര്യമാണ്. വിഷയം സജീവമായി ചർച്ച ചെയ്യപ്പെടണം.
ഇത്രയും പറഞ്ഞ ശേഷം അബിൻ വർക്കി ഒരു കാര്യം എടുത്തു പറഞ്ഞു. ആറൻമുളയിൽ വിമാനത്താവളം നിർമ്മിക്കണമെന്ന് താൻ പറഞ്ഞു എന്നു മാത്രം വാർത്തയാക്കരുത്. ആർക്കും ബുദ്ധിമുട്ടില്ലാത്ത തരത്തിൽ ആറൻമുളയിൽ വിമാനത്താവളം വരുന്നതിനോട് യോജിപ്പാണ് എന്നു തന്നെ നിങ്ങൾ വാർത്ത കൊടുക്കണമെന്ന് അദ്ദേഹം ആവർത്തിച്ചു പറയുകയും ചെയ്തു. വാർത്തകൾ വളച്ചുകെട്ടിയും വാക്കുകൾ മുറിച്ചു കയറ്റിയും തന്നെ വിവാദത്തിൽപ്പെടുത്തരുതെന്ന് അബിന് നിർബന്ധമുണ്ടായിരുന്നു. വിമാനത്താവള പദ്ധതിയോടെ കോൺഗ്രസിന്റെ പഴയ നിലപാട് തുടരുന്നുവെന്നാണ് അബിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.
ബുദ്ധിമുട്ടിക്കാതെ പറ്റില്ല
ആരെയും ബുദ്ധിമുട്ടിക്കാതെ ആറൻമുളയിൽ വിമാനത്താവളം നിർമ്മിക്കുക എന്നത് അസാദ്ധ്യമാണ്. ആറൻമുളയിലെ തണ്ണീർത്തടങ്ങളും വയലുകളും നികത്തിക്കൊണ്ടു വേണം വിമാനത്താവളം നിർമ്മിക്കാൻ. ചില കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിയും വരും. അവർക്ക് വൻ നഷ്ടപരിഹാരം കിട്ടിയേക്കും. സ്വകാര്യ കമ്പനിയായ കെ.ജി.എസ് ഗ്രൂപ്പ് വിമാനത്താവളം നിർമ്മിക്കാൻ പല രീതിയിൽ മുന്നോട്ടുപോയി. രണ്ടായിരത്തി ആറിൽ വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ വിമാനത്താവളത്തിന് തത്വത്തിൽ അനുമതി നൽകിയതിന്റെ പിൻബലത്തിലാണ് കമ്പനി മുന്നോട്ടു പോയത്. പിന്നീട് ഉമ്മൻചാണ്ടി സർക്കാർ വിമാനത്താവളത്തിന് അനുമതി നൽകിയപ്പോഴേക്കും ഇടതുപക്ഷം നിലപാട് മാറ്റി. തണ്ണീർത്തടങ്ങളും നെൽവയലുകളും നികത്തി വിമാനത്താവളം നിർമ്മിക്കുന്നതിനെ സി.പി.എം എതിർത്തു. ആറൻമുള പൈതൃക സംരക്ഷണ കർമ്മ സമിതിയുടെ കീഴിൽ സംഘപരിവാർ പ്രത്യക്ഷ സമരത്തിലേക്കു കടന്നു. വിമാനത്താവള വിരുദ്ധ സംയുക്ത സമരസമിതി എന്ന പേരിൽ ഇടതുപക്ഷവും സംഘപരിവാറും സമരമുഖത്ത് ഒന്നിച്ചു. കവയിത്രി സുഗതകുമാരിയായിരുന്നു രക്ഷാധികാരി. സമരസമിതി ആറൻമുളയിൽ നൂറിലേറെ ദിവസം സത്യാഗ്രഹം നടത്തി. പദ്ധതിക്ക് തത്വത്തിൽ അനുമതി നൽകിയ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നിലപാട് മാറ്റി സത്യാഗ്രഹ പന്തലിൽ എത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വിമാനത്താവളത്തിന്റെ റൺവേയ്ക്കു വേണ്ടി ആറൻമുള ക്ഷേത്രത്തിന്റെ കൊടിമരം മാറ്റി സ്ഥാപിക്കേണ്ടി വരുമെന്ന വാർത്തകൾ ആചാരങ്ങൾക്കും വിശ്വാസത്തിനും നേരെയുള്ള കടന്നാക്രമണമെന്ന നിലയിൽ വൈകാരിക പ്രശ്നമായി. കേന്ദ്രത്തിലെ എൻ.ഡി.എ സർക്കാർ പരിസ്ഥിതി ആഘാതം മുന്നിൽ കണ്ട് വിമാനത്താവളത്തിന് അനുമതി നൽകിയില്ല. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധിയും സമരക്കാർക്ക് അനുകൂലമായിരുന്നു. ഒന്നാം പിണറായി സർക്കാർ ആറൻമുള പദ്ധതിക്ക് സംസ്ഥാന സർക്കാർ നൽകിയ എല്ലാ അനുമതികളും റദ്ദാക്കി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അനുമതികൾ നിഷേധിച്ചതിനാൽ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി കണക്കാക്കി സമരങ്ങൾ അവസാനിച്ചു. കെ.ജി.എസ് കമ്പനി അവരുടെ ആറൻമുളയിലെ ഓഫീസ് പൂട്ടി. വിമാനത്താവളത്തിനായി അവർ വാങ്ങിക്കൂട്ടിയ സ്ഥലം അങ്ങനെ തന്നെ കിടക്കുന്നു.
കൊടുമണ്ണിൽ സ്ഥലമുണ്ട്
ആരെയും ബുദ്ധിമുട്ടിക്കാതെ വിമാനത്താവളം നിർമ്മിക്കാനുള്ള സ്ഥലം കൊടുമൺ പ്ളാന്റേഷനിലെ റവന്യു ഭൂമിയാണ്. പാട്ടക്കാലാവധി കഴിഞ്ഞ റബർ തോട്ടം സർക്കാർ ഏറ്റെടുത്ത് വിമാനത്താവളം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ സർക്കാരിന് പല തവണ നിവേദനം നൽകിയിരുന്നു. മറുപടി കിട്ടാതെ വന്നതോടെ ഹൈക്കോടതിയെ സമീപിച്ചു. ഈ നിർദ്ദേശം പരിഗണിക്കണമെന്ന് കോടതി സർക്കാരിന് കത്തു നൽകുകയും ചെയ്തിരുന്നു. പിണറായി സർക്കാർ ചെറുവള്ളിയിൽ ശബരിമല വിമാനത്താവളം നിർമ്മിക്കാനുള്ള ശ്രമം സ്ഥലത്തിന്റെ ഉടമാവകാശ തർക്കത്തിൽ കുരുങ്ങി. എല്ലാ സാഹചര്യവും ഒത്തു വരുന്നത് കൊടുമണ്ണിലാണ്. സ്ഥലം ആരുടേയും ഏറ്റെടുക്കേണ്ട. ആരെയും കുടിയൊഴിപ്പിക്കേണ്ടതുമില്ല. ആരെയും ബുദ്ധിക്കേണ്ടതുമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |