SignIn
Kerala Kaumudi Online
Thursday, 14 May 2026 2.52 AM IST

ബംഗാളിലെ പെൺകരുത്ത്: ബാലറ്റിലൂടെയുള്ള നിശബ്ദ വിപ്ലവം

Increase Font Size Decrease Font Size Print Page
Add as a preferred source on Google
w

പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ ഇത് അപ്രതീക്ഷിതമായ മാറ്റങ്ങളുടെ കാലമാണ്. വമ്പൻ റാലികളോ കൊടിക്കൂറകളോ അല്ല, മറിച്ച് സാധാരണക്കാരായ സ്ത്രീകളുടെ നിശബ്ദമായ കണ്ണീരും പ്രതിഷേധവുമാണ് ഇത്തവണ ബംഗാളിലെ വോട്ട്പെട്ടികൾ നിറച്ചത്. അധികാരികളുടെ ധാർഷ്ട്യത്തിന് സാധാരണ ജനങ്ങൾ നൽകിയ ശക്തമായ താക്കീതായിരുന്നു ഈ തിരഞ്ഞെടുപ്പ് ഫലം.

ആർ.ജി. കർ മെഡിക്കൽ കോളേജിൽ ദാരുണമായി കൊല്ലപ്പെട്ട ഡോക്ടർ പെൺകുട്ടിയുടെ അമ്മ മാതാവ് സുമിത മജുംദാറിന്റെ വിജയം നീതിക്കായുള്ള ഒരു നാടിന്റെ പോരാട്ടമായിരുന്നു. അവർക്ക് വേണ്ടി വലിയ പ്രസംഗങ്ങളുണ്ടായിരുന്നില്ല. പക്ഷേ, ആ അമ്മയുടെ നിശബ്ദമായ സാന്നിധ്യം ഒരു കൊടുങ്കാറ്റായി മാറി. ബംഗാളിലെ ഓരോ വീട്ടിലെയും അമ്മമാരും പെൺമക്കളും തങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആകുലതകൾ വോട്ടായി രേഖപ്പെടുത്തിയപ്പോൾ, ഭരണകൂടത്തിന് അത് വലിയൊരു തിരിച്ചടിയായി.

ബാലറ്റിലൂടെയുള്ള നിശബ്ദ വിപ്ലവം

സന്ദേശ്‌ഖാലിയിലെ പീഡനവിവരം ലോകമറിഞ്ഞപ്പോൾ അത് ബംഗാൾ മനസാക്ഷിയെ ഉലച്ചിരുന്നു. ഇരകളുടെ പ്രതിനിധിയായി മത്സരരംഗത്തിറങ്ങിയ രേഖപത്രയുടെ വിജയം അധികാരകേന്ദ്രങ്ങളെ ഞെട്ടിച്ചു. സ്ത്രീകളെ അടിച്ചമർത്താനും ഭീഷണിപ്പെടുത്താനും ശ്രമിച്ചവർക്കുള്ള മറുപടിയായിരുന്നു ഈ വിജയം. അക്രമരാഷ്ട്രീയത്തിനുമുന്നിൽ ഇരകൾ കീഴടങ്ങില്ലെന്ന പ്രഖ്യാപനമാണ് ഇതിലൂടെ കണ്ടത്.

ബംഗാൾ രാഷ്ട്രീയത്തിൽ ഇത്തവണ കണ്ട ഏറ്റവും ഹൃദ്യമായ കാഴ്ച ചന്ദന ബൗരിയെപ്പോലുള്ള നിസ്വരായ മനുഷ്യരുടെ വിജയമാണ്. നാലഞ്ചു വീടുകളിൽ ജോലി ചെയ്ത്, നിത്യവൃത്തിക്കായി കഷ്ടപ്പെട്ടിരുന്ന നിസ്വയായ ഈ സ്ത്രീയെ ജനങ്ങൾ തിരഞ്ഞെടുത്തത് മാറ്റത്തിനായുള്ള ദാഹം കൊണ്ടാണ്. മമത ബാനർജിയുടെ ഭരണത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങൾക്കും യാതനകൾക്കും എതിരെയുള്ള ഏറ്റവും ലളിതവും എന്നാൽ ശക്തവുമായ പ്രതികരണമായിരുന്നു ഇത്. കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണത്തിൽ സ്ത്രീകൾക്കെതിരെയുണ്ടായ അതിക്രമങ്ങളും സുരക്ഷാ വീഴ്ചകളും ജനവികാരം ആളിക്കത്തിച്ചു. രാഷ്ട്രീയ പാർട്ടികളുടെ ഗീർവാണങ്ങളേക്കാൾ, തങ്ങളുടെ ജീവിതം സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാരുടെ വിജയമാണിത്. സിസറോയുടെ തന്ത്രങ്ങൾക്കപ്പുറം, നീതിക്കായുള്ള ജനങ്ങളുടെ പോരാട്ടം എങ്ങനെ തിരഞ്ഞെടുപ്പ് ഫലങ്ങളെ അട്ടിമറിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ മൂന്ന് വിജയങ്ങളും.

'ബോസ് ഇഫക്റ്റ്'

ബംഗാൾ രാഷ്ട്രീയത്തിൽ പ്രവചനങ്ങളെ കടത്തിവെട്ടി ബി.ജെ.പി അധികാരം പിടിച്ചെടുത്തപ്പോൾ ബംഗാൾ മാദ്ധ്യമങ്ങളിലെ രാത്രി ചർച്ചകളിൽ നിറഞ്ഞുനിന്ന ഒരു വാക്കാണ് 'ബോസ് ഇഫക്റ്റ്'. ഭരണമാറ്റത്തിൽ മൂന്നരവർഷം ഗവർണറായിരുന്ന മലയാളിയായ സി.വി. ആനന്ദബോസിന്റെ സ്വാധീനം. നിരീക്ഷകരുടെ നോട്ടത്തിൽ, കഴിഞ്ഞ മൂന്നര വർഷം പശ്ചിമ ബംഗാൾ കണ്ടത് കൗതുകകരമായ ഒരു രാഷ്ട്രീയ ദൃശ്യമാണ്; ഒരേ സമയം നിലനിന്നിരുന്ന രണ്ട് ഭരണകൂടങ്ങൾ. ഒന്ന് ജനങ്ങൾ തിരഞ്ഞെടുത്ത തൃണമൂൽ സർക്കാർ. നബന്നയിലെ സെക്രട്ടേറിയറ്റിലിരുന്ന് മമത ബാനർജി ഭരണം നയിച്ചപ്പോൾ അരക്കാതമകലെ ലോക് ഭവനിൽ ഭരണഘടനയുടെ കരുത്തിൽ 2022 നവംബറിൽ ചുമതലയേറ്റ ഗവർണർ ഡോ. സി.വി. ആനന്ദബോസിന്റെ നേതൃത്വത്തിൽ മറ്റൊരധികാരകേന്ദ്രം. ഭരണഘടനാപരമായ അധികാര പരിമിതികൾക്കുള്ളിൽ നിന്നുതന്നെ ഒരു ഗവർണർക്ക് എങ്ങനെ ജനമനഃസാക്ഷിയെ സ്വാധീനിക്കാൻ കഴിയുമെന്നതിന്റെ ദൃഷ്ടാന്തം ആയിരുന്നു ഈ കാലഘട്ടം. ഭരണവിരുദ്ധ വികാരത്തിനും രാഷ്ട്രീയ അക്രമങ്ങൾക്കുമപ്പുറം, സദ്ഭരണത്തിന്റെ ഒരു ബദൽ മാതൃക വോട്ടർമാരുടെ മുന്നിൽ അവതരിപ്പിക്കാൻ ഗവർണർക്ക് സാധിച്ചു. ജനപക്ഷത്തു നിന്നുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം വോട്ടർമാരെ സ്വാധീനിച്ചു. ഭരണഘടനാപരമായി ഗവർണർക്ക് നേരിട്ടുള്ള ഭരണനിർവഹണ അധികാരം കുറവാണ്. രാഷ്ട്രീയമായി അദ്ദേഹത്തിന് പാർട്ടി സംവിധാനങ്ങളോ പദ്ധതികളോ ഇല്ല. എന്നിട്ടും ഒരു ഗവർണർക്ക് സംവിധാനങ്ങളെ ചലിപ്പിക്കാമെങ്കിൽ, ഇതേ ലക്ഷ്യത്തോടെ അധികാരത്തിലെത്തുന്ന ഒരു സർക്കാരിന് എന്തുമാത്രം മാറ്റങ്ങൾ കൊണ്ടുവരാനാകും എന്ന ചിന്ത ജനങ്ങളിലുണ്ടാക്കാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കായി.

അകലം പാലിക്കാത്ത അധികാരം

മൂന്നര വർഷത്തെ തന്റെ കാലാവധിയിൽ ഗവർണർ സ്വീകരിച്ച പ്രവർത്തന ശൈലി ശ്രദ്ധേയമാണ്. ഗവർണർ ഒരു ചാലകശക്തി പോലെയായിരുന്നു. ബി.ജെ.പിയുടെ വിശ്വാസ്യത വർദ്ധിപ്പിക്കാൻ അദ്ദേഹം സഹായിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ അക്രമങ്ങൾക്ക് പിന്നാലെ അദ്ദേഹം ജില്ലകൾ സന്ദർശിച്ചതും രാജ്ഭവനിൽ 'പീസ് റൂം' തുറന്നതും ഇതിന്റെ ആദ്യപടിയായിരുന്നു. സന്ദേശ്ഖാലിയിലെ സ്ത്രീകളുടെ കണ്ണീരൊപ്പാൻ അദ്ദേഹം നേരിട്ടെത്തിയത് വലിയ വാർത്താപ്രാധാന്യം നേടി. സർവകലാശാലാ നിയമനങ്ങളിലെ രാഷ്ട്രീയ ഇടപെടലുകൾ തടഞ്ഞും, നിയമന അഴിമതികളിൽ കർശന നിലപാട് സ്വീകരിച്ചും ഭരണഘടനയ്ക്ക് മൂർച്ചയുള്ള പല്ലുകളുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. മമത ബാനർജിയുടെ 'തെരുവിലെ പോരാളി' എന്ന പ്രതിച്ഛായയ്ക്ക് മുന്നിൽ, സാംസ്കാരികവും വിജ്ഞാനപ്രദവുമായ ശൈലിയിലൂടെ ബോസ് ഒരു 'ഭരണഘടനാ പോരാളിയുടെ' ചിത്രം സൃഷ്ടിച്ചു. ഇത് ബംഗാളിലെ മദ്ധ്യവർഗ വോട്ടർമാരെയും ബുദ്ധിജീവികളെയും (ഭദ്രലോക്) ബി.ജെ.പിയിലേക്ക് അടുപ്പിക്കുന്നതിൽ നിർണായകമായി.

ഫെഡറലിസവും പരിധികളും

എങ്കിലും, ഈ 'ഗവർണർ മാതൃക' ജനാധിപത്യപരമായ ചില ആശങ്കകളും ഉയർത്തുന്നുണ്ട്. ഗവർണറുടെ സജീവ ഇടപെടലുകൾ കണ്ട് ജനങ്ങൾ വോട്ട് ചെയ്യാൻ തുടങ്ങിയാൽ, ഭാവിയിൽ കേന്ദ്രസർക്കാരുകൾ രാഷ്ട്രീയ ലക്ഷ്യമുള്ളവരെ ഈ സ്ഥാനത്തേക്ക് നിയോഗിച്ചേക്കാം. തമിഴ്നാട്ടിലും പഞ്ചാബിലും സമാന്തര ഭരണകൂടങ്ങൾ സൃഷ്ടിക്കുന്നതിനെതിരെ സുപ്രീം കോടതി നൽകിയ മുന്നറിയിപ്പുകൾ ഇവിടെ പ്രസക്തമാണ്. എന്നാൽ, ഡോ. ആനന്ദബോസ് തന്റെ പരിധി ലംഘിച്ചില്ല എന്നതായിരുന്നു പ്രത്യേകത. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിന്നും ചട്ടങ്ങൾ പാലിച്ചും അദ്ദേഹം മാതൃക കാട്ടി. ആ നിയന്ത്രണം ലംഘിക്കപ്പെട്ടാൽ ഈ മാതൃക പരാജയപ്പെടും.

ഗവർണർ ഭരണഘടനാപദവി പുനർനിർവചിച്ചപ്പോൾ

മമത ബാനർജിയുടെ 'തെരുവിലെ പോരാളി' എന്ന പ്രതിച്ഛായയ്ക്ക് മുന്നിൽ, സാംസ്കാരികവും വിജ്ഞാനപ്രദവുമായ ശൈലിയിലൂടെ ബോസ് ഒരു 'ഭരണഘടനാ പോരാളിയുടെ' ചിത്രം സൃഷ്ടിച്ചു. ഇത് ബംഗാളിലെ മദ്ധ്യവർഗ വോട്ടർമാരെയും ബുദ്ധിജീവികളെയും (ഭദ്രലോക്) ബി.ജെ.പിയിലേക്ക് അടുപ്പിക്കുന്നതിൽ നിർണായകമായി. ചുരുക്കത്തിൽ, ബംഗാളിലെ വോട്ടർമാർക്ക് ഭരണകൂടത്തിന്റെ കാര്യക്ഷമതയെക്കുറിച്ച് ഒരു പുതിയ അവബോധം നൽകാൻ ബോസിന് സാധിച്ചു. രാഷ്ട്രീയ അക്രമങ്ങൾക്കിടയിലും വോട്ട് ചെയ്യാനുള്ള ഭയം ഇല്ലാതാക്കാനും ബിജെപിക്ക് വിവാദരഹിതമായ ഒരു ഭരണമുഖം നൽകാനും ഈ ഇടപെടലുകൾക്ക് കഴിഞ്ഞു.

ട്രെയിലറിൽ നിന്ന് സിനിമയിലേക്ക്

ഒരു രാഷ്ട്രീയ നിരീക്ഷകൻ ഒരു പ്രമുഖ ദേശീയ ചാനലിൽ പറഞ്ഞതിങ്ങനെയാണ്: ഗവർണറുടെ കഴിഞ്ഞ മൂന്നര വർഷത്തെ ഭരണം ബി.ജെ.പിയുടെ വരാനിരിക്കുന്ന ഭരണത്തിന്റെ ഒരു 'ട്രെയിലർ' മാത്രമായിരുന്നു. ആ ട്രെയിലർ കണ്ട് ബോദ്ധ്യപ്പെട്ട ജനങ്ങൾ വോട്ടെടുപ്പ് ദിവസം മുഴുവൻ സിനിമയ്ക്കുമായി ടിക്കറ്റെടുത്തു എന്നാണ് നിലവിലെ രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കുന്നത്. ഭരണഘടനാപരമായ പദവികളെ വിവേകത്തോടെ ഉപയോഗിച്ചാൽ എങ്ങനെ രാഷ്ട്രീയ ചർച്ചകളുടെ ഗതി മാറ്റാം എന്നതിന്റെ മികച്ച ഉദാഹരണമായി ഡോ. ആനന്ദ ബോസ് ചരിത്രത്തിൽ ഇടംപിടിക്കുന്നു.

Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY