SignIn
Kerala Kaumudi Online
Thursday, 14 May 2026 2.53 AM IST

ദളപതി വിജയ് സി.എം ആകുമ്പോൾ

Increase Font Size Decrease Font Size Print Page
Add as a preferred source on Google
ss

നിയമസഭയിലെ വിശ്വാസ വോട്ടിലും വിജയിച്ച് തമിഴ്നാട് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് ഭരണകർത്തവ്യങ്ങളിലേക്ക് കടക്കുകയാണ്. തമിഴ് മക്കളുടെ വിശ്വാസം അതാണ് വിജയ്! ''കോൺഫിഡന്റായിറുങ്കൈ, വെട്രി നിശ്ചയം..." എന്നാണ് വിജയ് ടി.വി.കെ പ്രവർത്തകരോട് എപ്പോഴും പറ‌ഞ്ഞിരുന്നത്. രണ്ടു വർഷം മുമ്പ് തമിഴക വെട്രി കഴകം എന്ന പാർട്ടി രൂപീകരിച്ച് മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് പട നയിക്കുമ്പോൾ 'ദളപതി'യുടെ മനസിൽ കോൺഫിഡന്റുണ്ടായിരുന്നു- അത് നേടിയെടുക്കാമെന്ന്.

സിനിമകളിലെ ത്രസിപ്പിക്കുന്ന സീനുകൾ പോലെയായിരുന്നു മുഖ്യമന്ത്രി പദത്തിലേക്കുള്ള വിജയ്‌യുടെ പ്രയാണത്തിന്റെ ക്ലൈമാക്സ്. എന്തൊക്കെ വെല്ലുവിളികൾ ഉണ്ടായാലും വില്ലന്മാർ എവിടെ നിന്നൊക്കെ പ്രത്യക്ഷപ്പെട്ടാലും അവസാന ട്വിസ്റ്റ് നായകന് അനുകൂലമായിരിക്കും. എന്തൊക്കെയായിരുന്നു മേയ് നാലിനു ശേഷം തമിഴകം കണ്ടത്? ഭൂരിപക്ഷം എം.എൽ.എമാരുടെ പിന്തുണ ഉറപ്പിക്കുന്ന ഒപ്പില്ലെന്നു പ‌റഞ്ഞ് മൂന്നു വട്ടമാണ് ലോക്ഭവനിൽ നിന്ന് വിജയ്‌യെ ഗവർണർ മടക്കി വിട്ടത്.

ഇതിനിടയിലാണ് ടി.വി.കെ നേതാക്കൾ തന്റെ എം.എൽ.എ കാമരാജിനെ തട്ടിക്കൊണ്ടുപോയി എന്നും വ്യാജ ഒപ്പിട്ടെന്നും ആരോപിച്ച് അമ്മാ മക്കൾ മുന്നേറ്റ കഴകത്തിന്റെ ജനറൽ സെക്രട്ടറി ടി.ടി.വി.ദിനകരൻ രംഗത്തെത്തിയത്. അഞ്ച് എം.എൽ.എമാരുള്ള കോൺഗ്രസ് ഒറ്റയടിക്ക് ഡി.എം.കെ മുന്നണി ബന്ധം ഉപേക്ഷിച്ച് ടി.വി.കെയുടെ സഖ്യകക്ഷിയായപ്പോൾ രണ്ട് എം.എൽ.എമാർ വീതമുള്ള സി.പി.എം, സി.പി.ഐ, വി.സി.കെ,​ മുസ്ലിം ലീഗ് പാർട്ടികൾ പിന്തുണ സംബന്ധിച്ച തീരുമാനമെടുക്കാൻ ദിവസങ്ങളെടുത്തു.

സി.പി.എം, സി.പി.ഐ പാർട്ടികളുടെ തീരുമാനത്തിനൊപ്പമായിരിക്കും തന്റെ പാർട്ടിയുടെ നിലപാട് എന്നുപറഞ്ഞിരുന്ന വി.സി.കെ അദ്ധ്യക്ഷൻ തോൽ തിരുമാവളവൻ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ തീരുമാനം വന്നശേഷവും തീരുമാനം 24 മണിക്കൂർ കൂടി നീട്ടികൊണ്ടുപോയി സസ്പെൻ‌സിലാക്കിയതും തമിഴകം കണ്ടു. തമിഴകം ആര് ഭരിക്കുമെന്ന് നമ്മൾ തീരുമാനിക്കും എന്നാണ് വി.സി.കെ നേതാക്കൾ പറഞ്ഞിരുന്നത്.

ഒടുവിൽ ഭൂരിപക്ഷത്തിനു വേണ്ട 118 എന്ന സംഖ്യയ്ക്ക് അപ്പുറത്ത് 120 പേരുടെ പിന്തുണക്കത്ത് നാലാംവട്ട ലോക്‌ഭവൻ സന്ദർശനത്തിൽ വിജയ് ഗവർണർക്ക് നൽകി. അന്നായിരുന്നു ചെന്നൈയിലെ ആകാശത്ത് ഉരുണ്ടുകൂടിയ കാർമേഘം പെയ്തൊഴിഞ്ഞത്. എം.ജി.ആറിനു ശേഷം മുഖ്യമന്ത്രിയാകുന്ന സൂപ്പർതാരമായി വിജയ് മാറി.

അടുത്ത ദിവസമായിരുന്നു പുതിയ ട്വിസ്റ്റ്. ഭരണം തിരിച്ചുപിടിക്കാമെന്ന് സ്വപ്നം കണ്ടിരുന്ന അണ്ണാ ഡി.എം.കെ പിളർപ്പിലേക്ക് നീങ്ങി. സാക്ഷാൽ എം.ജി.ആർ രൂപം നൽകിയ പാർട്ടിക്കാണ് ഈ ദുരവസ്ഥ. ഇനി എന്തു സംഭവിക്കും തമിഴകത്ത്? തത്കാലം ഒന്നും സംഭവിക്കില്ലെങ്കിലും സമീപഭാവിയിൽ എന്തും സംഭവിച്ചേക്കാം.

മുന്നോട്ടുള്ള യാത്ര

ഏറെ വർഷങ്ങളായി ദ്രാവിഡ രാഷ്ട്രീയം ഉയർത്തി പിടിച്ചിരുന്ന തമിഴകത്ത് വിജയ് ഭരണത്തിൽ അതിന് മാറ്റം വരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. തന്റെ പാർട്ടി ദ്രാവിഡ പാർട്ടിയല്ലെന്ന് വിജയ് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. അതേസമയം,​ പാർട്ടിയുടെ പേര് മറ്റ് തമിഴക പാർട്ടികളെ പോലെയാണ്. പക്ഷേ,​ നിലപാടുകൾ മാറാം. വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചത് വന്ദേമാതരം ആലാപനത്തോടെയാണ്. പശ്ചിമബംഗാളിൽ ബി.ജെ.പി സർക്കാർ അധികാരത്തിലേറിയപ്പോൾ പോലും അതുണ്ടായിരുന്നില്ല.

ആരാധനാലയങ്ങളിൽ നേർച്ചയും വഴിപാടുമൊക്കെ നടത്തുന്ന വിജയ്‌യെയാണ് തിരഞ്ഞെടുപ്പിന്റെ അവസാന നാളുകളിൽ കണ്ടത്. ജ്യോതിഷത്തിൽ വിശ്വസിക്കുകയും. ജ്യോതിഷിയുടെ ഉപദേശം സ്വീകരിച്ച് കാര്യങ്ങൾ നീക്കുകയും ചെയ്തു. വീട്ടിൽ അമ്മ ശോഭ ആരതി ഉഴിഞ്ഞ് തിലകം ചാർത്തിയാണ് പ്രധാന കാര്യങ്ങൾക്ക് വിജയ്‌യെ യാത്രയാക്കുന്നത്.

മുഖ്യമന്ത്രിയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത വിജയ്, തൊട്ടടുത്ത ദിവസം എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തത് 'സഗൗരവ'ത്തിൽ. ഈയൊരു വൈരുദ്ധ്യം നിലപാടുകളിലും തീരുമാനങ്ങളിലും തുടർന്നും ഉണ്ടാകാനാണ് സാദ്ധ്യത.

അണ്ണാ ഡി.എം.കെ, ഡി.എം.കെ, ബി.ജെ.പി തുടങ്ങിയ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചവരാണ് ടി.വി.കെയുടെ തലപ്പത്തുള്ളവരിൽ അധികം പേരും. പ്രൊഫഷണൽസിനെക്കൂടി ഉൾപ്പെടുത്തിയുള്ളതാണ് വിജയ്‌‌യുടെ മന്ത്രിസഭ. ഉദ്യോഗസ്ഥ തലത്തിലടക്കം മികച്ചൊരു ടീമിനെ ഒപ്പം കൂട്ടുന്നതിൽ വിജയിച്ചാൽ വിജയ്‌‌യുടെ മുന്നോട്ടുള്ള യാത്ര സുഗമമാകും.

രണ്ടിലയുടെ പിളർപ്പും

കോൺഗ്രസിന്റെ സ്വപ്നവും

തത്കാലം വിജയ് സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങളൊന്നും പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകാനിടയില്ല. ഡി.എം.കെ പിന്തുണയോടെ സർക്കാരുണ്ടാക്കാൻ അണ്ണാ ഡി.എം.കെ ശ്രമിച്ചുവെന്നും ആ വിഷയം രണ്ടു പാർട്ടികളും രണ്ടു ദിവസം ചർച്ച ചെയ്തുവെന്നുമുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. ചിരവൈരിയായ ഡി.എം.കെയുമായി കൂട്ടുകൂടുന്നതിലുള്ള എതിർപ്പാണ് അണ്ണാ ഡി.എം.കെയിൽ പിളർപ്പിന് വഴിയൊരുക്കിയത്.

ടി.വി.കെയ്ക്ക് പിന്തുണ നൽകി ഭരണത്തിൽ പങ്കാളിത്തം വേണമെന്ന് അണ്ണാ ഡി.എം.കെയിലെ വേലുമണി, സി.വി.ഷണ്മുഖം എന്നിവർ എടപ്പാടി പളനിസാമിയോട് ആവശ്യപ്പെട്ടുവെങ്കിലും മുഖ്യമന്ത്രിയാകാനുള്ള വഴി തേടുകയായിരുന്നു ഇ.പി.എസ്. അതിനിടെ ടി.വി.കെ ചെറുപാർട്ടികളുമായി ചേർന്ന് ഭൂരിപക്ഷം ഉറപ്പാക്കി. ഡി.എം.കെ മുന്നണിയിലുണ്ടായിരുന്ന സി.പി.എം, സി.പി.ഐ, മുസ്ലിംലീഗ്, വി.സി.കെ പാർട്ടികൾ മുന്നണി വിടാതെയാണ് ടി.വി.കെ സർക്കാരിനെ പിന്തുണയ്ക്കുന്നത്. അതിനിടെ പിളർപ്പിലേക്ക് നീങ്ങിയ അണ്ണാ ഡി.എം.കെയുടെ 25 വിമത അംഗങ്ങൾ വിജയ്‌യെ പിന്തുണച്ചത് ടി.വി.കെ സർക്കാരിന്റെ കരുത്തു കൂട്ടി.

അണ്ണാ ഡി.എം.കെ വിമതവിഭാഗത്തിന് ഭരണപങ്കാളിത്തം കൂടി ലഭിച്ചാൽ

പുറത്തു നിന്ന് പിന്തുണയ്ക്കുന്നവർക്ക് കൂടുതൽ സമ്മർദ്ദം വിജയ് സർക്കാരിൽ ചെലുത്താനാകില്ല. തമിഴ്നാട്ടിൽ അടുത്ത് വരുന്നത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ്. ടി.വി.കെയുമായുള്ള സഖ്യം തദ്ദേശ തിരഞ്ഞെടുപ്പിലും തുടരുമെന്നാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ടി.വി.കെയ്ക്കൊപ്പം ചേർന്നതോടെ തമിഴകത്ത് പഴയ പ്രതാപത്തിലേക്ക് മടങ്ങിപ്പോകാമെന്ന സ്വപ്നമാണ് കോൺഗ്രസിന്.

Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY