SignIn
Kerala Kaumudi Online
Friday, 15 May 2026 11.16 PM IST

മദ്ധ്യപൂർവ ദേശങ്ങൾ: കേരളത്തിന് പുതിയ അവസരങ്ങൾ

d

കേരളത്തിന്റെ സാമൂഹ്യ - സാമ്പത്തിക മുന്നേറ്റവുമായി മദ്ധ്യപൂർവ ദേശങ്ങളോളം ബന്ധപ്പെട്ട പ്രദേശങ്ങൾ ലോകത്തു തന്നെ അപൂർവമാണ്. കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി കേരളത്തിന്റെ ദൈനംദിന ജീവിതം തന്നെ ഗൾഫുമായി ഇഴചേർന്നു കിടക്കുന്നതാണ്. യു.എ.ഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾ ഇങ്ങോട്ടയയ്ക്കുന്ന പണമാണ് കേരളത്തിലെ മുഴുവൻ നഗരങ്ങളിലെയും ജീവിതത്തെ മാറ്റിമറിച്ചത്. അതുപയോഗിച്ച് നിരവധി വീടുകൾ പണിതു. പല ബിസിനസ് സംരംഭങ്ങളും തുടങ്ങി. കുട്ടികളുടെ വിദ്യാഭ്യാസത്തിനും വലിയ തോതിൽ ഗൾഫ് പണം സഹായകമായി. അങ്ങനെ കേരള സമൂഹം അഭിവൃദ്ധി പ്രാപിച്ചത് കേരളവും ഗൾഫും തമ്മിലുള്ള ചിരന്തനമായ ബന്ധത്തിന്റെ ഫലമായാണ്. ഇപ്പോൾ ആ ബന്ധം തന്ത്രപ്രധാനമായ ഒരു തലത്തിലേക്ക് പ്രവേശിക്കുകയാണ്. കേവലം തൊഴിലും, അതിൽ നിന്നുള്ള വരുമാന നിക്ഷേപവും എന്നതിൽ നിന്ന് അത് ബഹുവിധ മാനങ്ങൾ കൈവരിക്കുകയാണ്. വാണിജ്യം, ഭക്ഷ്യസുരക്ഷ, ലോജിസ്റ്റിക്സ്, ഊർജ്ജ പുനരുപയോഗം, സാങ്കേതികവിദ്യ, നിക്ഷേപം എന്നിങ്ങനെ വൈവിദ്ധ്യമാർന്ന മേഖലകളിലേക്ക് ആ ബന്ധം വ്യാപിക്കുകയാണ്. ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിൽ ശക്തിപ്പെട്ടുവരുന്ന ഈ ബന്ധത്തിൽ വിപുലമായ നേട്ടം കൈവരിക്കുന്നത് കേരളമാണ്. ഗൾഫിലേക്കുള്ള കുടിയേറ്റത്തിന്റെ ആദ്യ തരംഗത്തിനു ശേഷമുള്ള സുപ്രധാന ചുവടുവയ്പാണിത്.

തിളങ്ങുന്ന ബന്ധം

ഒമ്പതു ദശലക്ഷത്തിലേറെ ഇന്ത്യക്കാരാണ് ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുകയും ജീവിക്കുകയും ചെയ്യുന്നത്. ഇതിൽ ബഹുഭൂരിപക്ഷം പ്രവാസികളും കേരളീയരാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദേശ പണം ലഭ്യമാകുന്നത് കേരളത്തിനാണ്. ഇതിന്റെ സിംഹഭാഗവും വരുന്നതാകട്ടെ ഗൾഫിൽ നിന്നും. ഈ സാമ്പത്തിക പ്രവാഹത്തിന് പരിവർത്തനോന്മുഖമായ സ്വാധീനമുണ്ട്. അത് ദാരിദ്ര്യ‌ം ലഘൂകരിച്ചു. വിദ്യാഭ്യാസ സൗകര്യം വികസിപ്പിച്ചു. ഉപഭോഗം വർദ്ധിപ്പിക്കാൻ സഹായിച്ചു. ഇതെല്ലാം വഴി ആഗോള തലത്തിൽ കൂടുതൽ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞ പ്രദേശമായി കേരളം മാറി. എന്നാൽ ഇന്ത്യയുടെ ഭാവിയിൽ മദ്ധ്യപൂർവ ദേശങ്ങളുമായുള്ള ബന്ധം അവിടെ നിന്നു വരുന്ന പണത്തിൽ മാത്രം ഒതുങ്ങുന്നതല്ല. അത് തന്ത്രപ്രധാനമായ സാമ്പത്തിക ഉദ്‌ഗ്രഥനത്തിന്റേതു കൂടിയാണ്.

ഇന്ത്യയുടെ പ്രവേശന മാർഗം

യു.എ.ഇ ഇന്ത്യയുടെ ഏറ്റവും അടുത്ത സാമ്പത്തിക പങ്കാളിയായി മാറിയിട്ടുണ്ട്. 2022-ൽ യു.എ.ഇയുമായി ഇന്ത്യ ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി തീരുവകകൾ കുറയ്ക്കാനിടയാക്കി. ഇതുവഴി ഉഭയകക്ഷി വ്യാപാരം ശക്തിപ്പെട്ടു. ഇത് പ്രതിവർഷം 8500 കോടി ഡോളറിലേക്ക് എത്തിക്കാൻ കഴിഞ്ഞു.

ഇന്ത്യയുടെ ലോജിസ്റ്റിക്സ് - നിക്ഷേപ സാദ്ധ്യതകളിൽ യു.എ.ഇ മർമ്മപ്രധാനമാണ്. ദുബായിലെ 'ഡി.പി വേൾഡ് " ഇന്ത്യൻ തുറമുഖങ്ങളിലും ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യ വികസനത്തിനും കാര്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളും ഭക്ഷ്യ പാർക്കുകൾ, ഊർജ്ജ പുനരുപയോഗം, നവീന സാങ്കേതികവിദ്യ എന്നീ മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കുകയാണ്. ഇത് കേരളത്തിനു പ്രത്യക്ഷത്തിൽത്തന്നെ വലിയ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ലോകോത്തര നിലവാരമുള്ള കൊച്ചി തുറമുഖത്തിന്റെയും, തന്ത്രപ്രധാനമായ വിഴിഞ്ഞം തുറമുഖത്തിന്റെയും വികസനത്തിലൂടെ കേരളം സമുദ്ര ഗതാഗത മേഖലയിൽ ഇന്ത്യയെ ഗൾഫ് , ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന സ്ഥാനമായി മാറിയിരിക്കുകയാണ്.

ദീർഘകാല നിക്ഷേപ സാദ്ധ്യത

വിഷൻ 2030ൽ സൗദി അറേബ്യ വളരെ ആഴമേറിയ സാമ്പത്തിക പരിവർത്തനത്തിലൂടെ പോവുകയാണ്. എണ്ണയ്ക്കപ്പുറം ഊർജ്ജം, പെട്രോ കെമിക്കൽസ്, അടിസ്ഥാന സൗകര്യവികസനം, ഡിജിറ്റൽ സാങ്കേതികവിദ്യ എന്നീ മേഖലകളിലെല്ലാം ഇന്ത്യ സൗദി അറേബ്യയുടെ പങ്കാളികളാണ്. വരും വർഷങ്ങളിൽ സൗദി അറേബ്യ ഇന്ത്യയിലെ നിക്ഷേപം ഗണ്യമായി വർദ്ധിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ ഘട്ടത്തിൽ വിദഗ്ദ്ധ പ്രൊഫഷണലുകളെയും ആരോഗ്യ പരിപാലന വിദഗ്ദ്ധരെയും ഹോസ്പിറ്റാലിറ്റി വൈദഗ്ദ്ധ്യവും വിദ്യാഭ്യാസ സേവനവും ഒക്കെ നൽകുക വഴി കേരളത്തിന് വലിയതോതിൽ നേട്ടമുണ്ടാക്കാനാവും.

ഒമാനും സമുദ്ര ഗതാഗതവും

ഒമാനുമായുള്ള കേരളത്തിന്റെ ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആധുനിക ഭരണ സംവിധാനം രൂപപ്പെടുന്നതിനും വളരെ മുമ്പേ മുതൽ തന്നെ അറബിക്കടൽ വഴിയുള്ള വ്യാപാരത്തിലൂടെ മലബാറും മസ്‌ക്കറ്റും തമ്മിൽ ബന്ധം നിലനിന്നിരുന്നു. ഇപ്പോഴാകട്ടെ ഒമാൻ വിശ്വസ്തമായ തന്ത്രപ്രധാന വ്യാപാര പങ്കാളിയാണ്. ഇന്ത്യയുടെ പശ്ചിമതീര സമുദ്ര ശൃംഖലയ്ക്ക് പൂരകമായ വിധത്തിലാണ് ഒമാന്റെ തുറമുഖങ്ങളും വ്യവസായിക മേഖലകളും നിലകൊള്ളുന്നത്. ഒപ്പം അവരുടെ സുസ്ഥിരമായ വ്യാപാരാന്തരീക്ഷം കൂടുതൽ നിക്ഷേപത്തിനും വ്യാപാരത്തിനും വഴിയൊരുക്കുകയും ചെയ്യുന്നു.

ഖത്തറും ഊർജ്ജസുരക്ഷയും

വളരെ നാളുകളായി ഇന്ത്യയ്ക്ക് ദ്രവീകൃത പ്രകൃതിവാതകം (എൽ.എൻ.ജി) നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട രാജ്യമാണ് ഖത്തർ. ഇതാകട്ടെ, ഇന്ത്യയുടെ വ്യാവസായിക - ഗാർഹിക ആവശ്യങ്ങൾക്ക് ഏറെ പ്രധാനപ്പെട്ടതുമാണ്. ഇന്ത്യയുടെ മൊത്തത്തിലുള്ള സാമ്പത്തിക സുസ്ഥിരതയ്ക്കും മറ്റ് മേഖലകളിലെ ക്ഷേമപ്രവർത്തനങ്ങൾക്കും കൈത്താങ്ങാകുകയും ചെയ്യുന്നു. എൽ.എൻ.ജി അടിസ്ഥാന വികസനം, ഷിപ്പിങ്, ഊർജ്ജ ബന്ധിത സേവനങ്ങൾ എന്നിവയിലും ഇത് അവസരങ്ങൾ ഒരുക്കുന്നു. ഖത്തറിന്റെ പരമാധികാര സമ്പദ് - നിക്ഷേപ താല്പര്യങ്ങൾ ഇന്ത്യയുടെ തുറമുഖ, വിനോദ സഞ്ചാര, സാങ്കേതിക രംഗങ്ങളിലെല്ലാം പുത്തൻ സാദ്ധ്യതകൾ തുറക്കുന്നുമുണ്ട്.

ഇന്ത്യ - മിഡിൽ ഈസ്റ്റ് ഇടനാഴി

ഇന്ത്യ ലോകത്തെ പ്രമുഖ കാർഷികോല്പാദന രാജ്യമായിരിക്കെ ഗൾഫ് രാജ്യങ്ങൾ അവരുടെ ഭക്ഷ്യ ഇറക്കുമതി ഗണ്യമായും ഇവിടെ നിന്നാണ്. ഈ സ്വാഭാവിക ഇടപാട് ഭക്ഷ്യസംസ്കരണം, ശേഖരണം, വിതരണ ശൃംഖലയുടെ മാനേജ്‌മെന്റ് എന്നീ മേഖലകളിൽ പുതിയ പങ്കാളിത്ത സാദ്ധ്യതകൾ തുറക്കുന്നുണ്ട്. സുഗന്ധവ്യഞ്ജനങ്ങൾ, സമുദ്ര ഭക്ഷ്യവിഭവങ്ങൾ, നാളികേര ഉത്‌പന്നങ്ങൾ, സംസ്കരിച്ച ഭക്ഷ്യ പദാർത്ഥങ്ങൾ എന്നിവയിലെല്ലാം ശക്തമായ കേരളത്തിന് ഗൾഫ് വിപണിയിലേക്ക് മൂല്യവത്തായ ഉത്‌പന്നങ്ങൾ വിതരണം ചെയ്യുന്നതിൽ മുഖ്യ പങ്ക് വഹിക്കാൻ കഴിയും. നിർദ്ദിഷ്ട ഇന്ത്യ - മിഡിൽ ഈസ്റ്റ് - യൂറോപ്പ് സാമ്പത്തിക ഇടനാഴിക്ക് മറ്റൊരു തന്ത്രപ്രധാന മാനമുണ്ട്. ഇന്ത്യൻ തുറമുഖങ്ങളെ ഗൾഫുമായും അവിടെ നിന്ന് യൂറോപ്പുമായും ബന്ധിപ്പിക്കുക വഴി, ഈ ഇടനാഴിക്ക് ഗതാഗത സമയം വലിയ തോതിൽ കുറയ്ക്കാൻ കഴിയും. ഈ മേഖലയിൽ കൂടുതൽ നിക്ഷേപത്തിനു സാദ്ധ്യത ഒരുക്കും.

നിക്ഷേപ പങ്കാളിത്തം

കേരളത്തിന്റെ ഗൾഫ് ഗാഥകളുടെ അടുത്ത അദ്ധ്യായം, കഴിഞ്ഞതിനേക്കാൾ കൂടുതൽ പരിഷ്കൃതമായിരിക്കും. അത് സ്റ്റാർട്ടപ്പുകൾ, ഫിൻടെക്, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, വിനോദസഞ്ചാരം, ഊർജ്ജ പുനരുപയോഗം, ഉയർന്ന മൂല്യമുള്ള നിർമ്മാണ മേഖല എന്നിവയൊക്കെ ആശ്ലേഷിക്കുന്നതായിരിക്കും. ഇത് വീടുകളിലേക്ക് പണമയക്കുന്ന തൊഴിലാളികളെ മാത്രം ആശ്രയിച്ചായിരിക്കില്ല, മറിച്ച് സംരംഭകർ, നിക്ഷേപകർ, സംയോജിത സാമ്പത്തിക സംവിധാനമൊരുക്കുന്ന സ്ഥാപനങ്ങൾ എന്നിവയുടെ കൂടി പിൻബലത്തിലായിരിക്കും. കേരളത്തിന്റെ ഉയർന്ന അഭ്യസ്തവിദ്യരുടെ തൊഴിൽശക്തി, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, സംരംഭക സംസ്കാരം എന്നിവയെല്ലാം ഇത്തരമൊരു പരിവർത്തനത്തിന് അങ്ങേയറ്റം സഹായകരമാകും.

ഒരു ഇന്ത്യൻ സമുദ്ര അവസരം

കേരളം എന്നും പാശ്ചാത്യ നാടുകളിലേക്കു കണ്ണുപായിച്ചിട്ടുള്ളത് അറബിക്കടലിലൂടെയാണ്. ഒരു ഘട്ടത്തിൽ സുഗന്ധവ്യഞ്ജനങ്ങളും ആശയങ്ങളും കൊണ്ടുപോയിരുന്ന ഈ സമുദ്രമാർഗം ഇപ്പോൾ മൂലധനവും സാങ്കേതികവിദ്യയും തന്ത്രപ്രധാന അവസരങ്ങളുമാണ് കൊണ്ടുപോകുന്നത്. യു.എ.ഇ, സൗദിഅറേബ്യ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ പങ്കാളിത്തം ശക്തിപ്പെടുമ്പോൾ, കേരളം ഇന്ത്യയും മിഡിൽ ഈസ്റ്റും തമ്മിലുള്ള ബന്ധത്തിന്റെ സ്വാഭാവികമായ പൊതുപ്രതലമായി മാറുന്നു എന്ന അനന്യതയാണുള്ളത്. ഇത് കേവലം നയതന്ത്ര വിജയത്തിനും അപ്പുറമാണ്. ഇത് സാമ്പത്തിക ഉത്ക്കർഷത്തിന്റെ മാർഗരേഖയാണ്. അതുകൊണ്ട്, കേരളത്തെ സംബന്ധിച്ചിടത്തോളം സന്ദേശം വളരെ വ്യക്തമാണ്. ഗൾഫ് തൊഴിലാളികളുടെ ഒരു ലക്ഷ്യസ്ഥാനം മാത്രമല്ല, അത് വരും നാളുകളിലെ കേരളത്തിന്റെ വികസന മുന്നേറ്റത്തിലെ തന്ത്രപ്രധാന പങ്കാളി കൂടിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY